നൂറുദിവസത്തെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് സീസൺ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ദിൽഷ പ്രസന്നൻ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയി ആയിരിക്കുന്നത്.
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്‌ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി.
എന്നാൽ, ടൈറ്റിൽ വിന്നർ പട്ടം ദിൽഷ നേടുമ്പോഴും ജനപ്രീതി കൊണ്ട് ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. അതിനുദാഹരണമാണ്, ഷോയിൽ നിന്ന് ഔട്ടായി മോഹൻലാലിന് അരികിലേക്ക് വന്ന റിയാസിനെ സഹമത്സരാർത്ഥികൾ സ്വീകരിച്ച രീതി. എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ടാണ് സഹമത്സരാർത്ഥികൾ റിയാസിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. റിയാസ് എന്ന മത്സരാർത്ഥി ഷോയിൽ ചെലുത്തിയ സ്വാധീനം എടുത്തുപറഞ്ഞ മോഹൻലാൽ ഗെയിം ചേഞ്ചർ പുരസ്കാരവും റിയാസിനു കൈമാറി. റിയാസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയേറെ പേരാണ് സമൂഹമാധ്യമങ്ങളിലും കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നത്.
“കുറച്ചു വർഷം മുൻപ് സംഭവിച്ച ഒരു ഹിസ്റ്റോറിക്കൽ ഫുട്ബാൾ മാച്ച് ആണിത്… ഇത്തിരിക്കുഞ്ഞൻ ജപ്പാനും ആജാനുബാഹു ബെൽജിയവും നിർണായക മത്സരത്തിൽ നേർക്ക് നേർ. സിനിമയെ വെല്ലുന്ന മാസ്സ് രംഗങ്ങളും, ക്ലാസ്സിക് തിരിച്ചു വരവുകളും കൊണ്ട് കോരി തരിപ്പിച്ച മത്സരം. ബെൽജിയം വെള്ളം കുടിച്ചു ജപ്പാനീസ് ടീമിന് മുന്നിൽ. വൈകി വന്ന പോരാട്ട വീര്യത്തിൽ ജപ്പാൻ മുന്നേറി, ഒടുവിൽ അധിക സമയത്തിൽ വിജയഗോൾ നേടിയ ബെൽജിയം അടുത്ത സ്റ്റേജ് മത്സരങ്ങളിലേക്ക് യോഗ്യത നേടി. പക്ഷെ പിറ്റേന്ന് ലോകത്തെ സകല സ്പോർട്സ് പേജുകളുടെയും ഹെഡ്‌ലൈനിൽ ഇടം പിടിച്ചത് ജപ്പാന്റെ പേരായിരുന്നു. ന്യുയോർക്ക് ടൈംസിന്റെ ഹെഡ്‌ലൈൻ ഇങ്ങനെയായിരുന്നു “ജയിച്ചത് ബെൽജിയം മനസു കവർന്നത് ജപ്പാൻ “.
അതെ, റിയാസ്… ജയിച്ചത് നിങ്ങളല്ല, പക്ഷെ മലയാളിയുടെ മനസു കവർന്നത് നിങ്ങളാണ്. ഇന്നുവരെ എങ്ങനെയിരുന്നോ അങ്ങിനെ തന്നെ ആവട്ടെ നിങ്ങൾ നാളെയും,” എന്നാണ് ആർ ജെ രഘു റിയാസിനെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചത്.
“അഭിനന്ദനങ്ങൾ റിയാസ്. ലക്ഷകണക്കിന് ജനങ്ങൾക്ക് എതിരെ നിന്ന് കളിച്ച് നീ നേടിയ ഈ മൂന്നാം സ്ഥാനം, നിന്നെ സ്നേഹിച്ചിരുന്ന ഒരാളെ പോലും വെറുപ്പിക്കാതെ, വെറുത്തിരുന്നവരെ പോലും നിന്റെ ആരാധകരാക്കി കൊണ്ടാണ് നീ ഇവിടുന്ന് മടങ്ങുന്നത്. അത് നിന്റെ വിജയമാണ്. ജീവിതത്തിലും എല്ലാ വിജയാശംസകളും നേരുന്നു. നീ ഇതിനകം തന്നെ ഒരുപാട് ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.”
“നീ കൂടുതൽ മികച്ചത് അർഹിക്കുന്നു. പക്ഷെ ഇതൊരു മത്സരമാണ്. നീ ഇവിടെ വിജയിയായിട്ടല്ല പുറത്തേക്ക് പോകുന്നതെങ്കിലും, നീ മുന്നോട്ട് വെച്ച ആശയങ്ങൾ, നിലപാടുകൾ ഒന്നും പരാജയപ്പെടുന്നില്ല. 58 ദിവസങ്ങൾ കൊണ്ട് നിരവധി ഹൃദയങ്ങൾ കീഴടക്കിയാണ് നീ വിട പറയുന്നത്. നിരവധി പേർക്ക് തന്റേടത്തോടെ പല കാര്യങ്ങളും തുറന്ന് സംസാരിക്കാൻ ഉള്ള ധൈര്യം നൽകിയാണ് നീ വിട പറയുന്നത്. സ്വന്തം സ്വത്വം തുറന്ന് പറയാനുള്ള ആർജ്ജവവും നിരവധി ആളുകൾക്ക് നീ നൽകി,” എന്നിങ്ങനെ പോവുന്നു അഭിനന്ദനങ്ങൾ.
റിയാസ് ബിഗ് ബോസ് വീടിനകത്ത് എത്തിയത് 40 ദിവസം കഴിഞ്ഞ് വൈൽഡ് കാർഡ് എൻട്രിയായാണ്. വന്ന ദിവസം മുതൽ സെയ്ഫ് സോണിൽ നിൽക്കാതെ ഇറങ്ങി കളിക്കുകയും മറ്റുള്ളവരെ അവരുടെ സെയ്ഫ് സോൺ വിട്ട് പുറത്തുവരാൻ പ്രകോപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്ത റിയാസാണ് ഷോയെ പിന്നീടങ്ങോട്ട് മുന്നോട്ട് കൊണ്ടുപോയത്. വീടിനകത്തേക്ക് കയറി വരുമ്പോൾ പൊതുബോധത്തിന്റെ നിലപാടുകൾ എന്താണെന്ന് റിയാസിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ആ വഴിയെ സഞ്ചരിച്ചാൽ എളുപ്പത്തിൽ പ്രേക്ഷകപിന്തുണ നേടാനാവുമെന്ന് അറിഞ്ഞിട്ടും അതിനെല്ലാം എതിർദിശയിലാണ് ആദ്യം മുതൽ റിയാസ് സഞ്ചരിച്ചത്.
വെറും എന്റർടെയ്ൻമെന്റിന് അപ്പുറം ബിഗ് ബോസിലൂടെ സമൂഹത്തിലേക്ക് പോസിറ്റീവായ കുറേയേറെ മെസേജുകൾ കൂടി നൽകാൻ റിയാസിന് സാധിച്ചിരുന്നു. ബിഗ് ബോസ് പ്രേക്ഷകർ അല്ലാത്ത ഒരുപറ്റം പ്രേക്ഷകരെ കൂടെ ഷോയിലേക്ക് ആകർഷിക്കാൻ ഇതുവഴി റിയാസിന് സാധിച്ചു. തന്റെ ശാസ്ത്ര പരിജ്ഞാനവും വാക്‌ചാതുരിയുമൊക്കെ മിടുക്കോടെ ഉപയോഗിച്ച് ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന ആശയങ്ങളെ വളരെ ലളിതമായും കൃത്യതയോടെയും പ്രേക്ഷകരിലേക്ക് റിയാസ് എത്തിച്ചു.
ഫെമിനിസം, ലിംഗ സമത്വം, മാനസിക ആരോഗ്യം, LGBTQIA+, സിംഗിൾ പേരന്റിങ്, ടോക്സിക് പേരന്റിങ്, വസ്ത്ര സ്വാതന്ത്ര്യം, ആർത്തവം അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങളെ കുറിച്ച് റിയാസ് ഷോയിൽ സംസാരിച്ചു. ഒമ്പത് വർഷമായി ബിഗ് ബോസ് എന്ന ഷോയോട് കാണിക്കുന്ന പാഷനും നിശ്ചയദാർഢ്യവും അറിവുമായിരുന്നു റിയാസിന് കൈമുതൽ. മികച്ച കണ്ടന്റ് ക്രിയേറ്റർ, അപാരമായ ഹ്യൂമർ സെൻസ്, ചിന്തകളിലെ ക്ലാരിറ്റിയും വാക്‌സാമർത്ഥ്യവും, മത്സരബുദ്ധി, വിവിധ വിഷയങ്ങളെ കുറിച്ചുള്ള അപാരമായ അറിവ് എന്നിവയെല്ലാം റിയാസിന്റെ പ്ലസ് പോയിന്റുകളാണ്.