Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥിയാരെന്ന ചോദ്യത്തിന് റിയാസ് സലിം എന്നായിരിക്കും ഉത്തരം. വൈൽഡ് കാർഡ് എൻട്രിയായി നാൽപ്പതാം ദിവസമാണ് റിയാസ് ബിഗ് ബോസ് വീടിനകത്ത് എത്തിയതെങ്കിലും തന്റെ സാന്നിധ്യം വീടിനകത്തും പുറത്ത് പ്രേക്ഷകർക്കിടയിലും ഉറപ്പിക്കാൻ റിയാസിനു കഴിഞ്ഞിട്ടുണ്ട്.
തന്റെ ചിന്തകളെയും ആശയങ്ങളെയും കുറിച്ച് വളരെ വ്യക്തതയോടെ സംസാരിക്കാനുള്ള റിയാസിന്റെ കഴിവ് ഷോയിലൂടെ പ്രേക്ഷകർക്ക് മനസ്സിലായതാണ്. LGBTQIA യെ കുറിച്ചും ഫെമിനിസത്തെ കുറിച്ചുമൊക്കെ റിയാസ് സംസാരിക്കുന്ന വീഡിയോസ് സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായിരുന്നു.
ഓരോ വിഷയങ്ങളെ കുറിച്ചും എത്രമാത്രം ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ട് റിയാസ് എന്നതിനു തെളിവാകുന്ന മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്. ബ്ലെസിയോട് ആർത്തവത്തെ കുറിച്ചും ആർത്തവുമായി ബന്ധപ്പെട്ട് ആളുകൾ ഉയർത്തിപിടിച്ചുകൊണ്ടു നടക്കുന്ന അന്ധവിശ്വാസത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റിയാസ്.
സ്ത്രീകളില്‍ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവമെന്നും ആർത്തവരക്തത്തിന് അശുദ്ധി കൽപ്പിക്കേണ്ടതില്ലെന്നും വിശദാംശങ്ങളോടെ ബ്ലെസ്‌ലിയ്ക്ക് പറഞ്ഞുകൊടുക്കുകയാണ് റിയാസ്.
“ആർത്തവരക്തം എന്നു പറഞ്ഞാൽ, എല്ലാ മാസവും ഗർഭപാത്രത്തിനകത്ത് ധാരാളം കോശങ്ങൾ ഉണ്ടാവും. കുഞ്ഞ് ഉണ്ടാവുന്നെങ്കിൽ, അതിനെ പ്രിപ്പയർ ചെയ്യാനായി ഉണ്ടാവുന്നതാണ് ഇവ. ബീജം വന്നില്ലെങ്കിൽ പിന്നെ ഇതൊന്നും അവിടെ ആവശ്യമില്ല. അപ്പോൾ ആ കോശങ്ങൾ പിളർന്നിട്ടാണ് രക്തം പുറത്തുപോവുന്നത്. അതിനെ അശുദ്ധമായി കാണുന്നതാണ് അന്ധവിശ്വാസം. ബോഡി ഫ്ളൂയിഡ്സ് വൃത്തിയാക്കുന്നത് ഹൈജീനിന്റെ ഭാഗമാണ്. അല്ലാതെ അന്ധവിശ്വാസമായി കരുതേണ്ടതില്ല,” റിയാസ് പറയുന്നു.
റിയാസിന്റെ അറിവിനെയും സംസാരത്തിലെ വ്യക്തതയേയും പ്രശംസിച്ചുകൊണ്ട് ഒരുപാട് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. “ഗുഹാവാസികളായ കുറേ മനുഷ്യരും ലക്ഷ്മിപ്രിയയും ഒക്കെ ചേർന്നു മനുഷ്യരെ എത്ര കണ്ട് പിറകിലേക്ക് വലിച്ചാലും റിയാസിനെ പോലുള്ള മനുഷ്യർ വന്ന് സമൂഹത്തെ മുന്നോട്ടേക്ക് നയിക്കുക തന്നെ ചെയ്യും,” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.
“ഇതുപോലുള്ള സംഭാഷണങ്ങളാണ് നമ്മുടെ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങേണ്ടത്”, “റിയാസ് എത്ര മനോഹരമായാണ് സംസാരിക്കുന്നത്, നല്ല അറിവുണ്ട് ഈ പ്രായത്തിൽ തന്നെ”, “ഏത് വിഷയമായാലും വിശദീകരിക്കുന്നത് വേറെ ലെവൽ”, “പറയുന്ന കാര്യങ്ങൾ ഇത്രത്തോളം വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കാൻ റിയാസിനെ കഴിഞ്ഞേ ആരുമുള്ളൂ ആ വീട്ടിൽ”, “24 വയസ്സിൽ ഇവനുള്ള വിവരത്തിന്റെ പകുതിയെങ്കിലും ഇവിടുള്ള കേശവൻ മാമന്മാർക്കും കുലസ്ത്രീകൾക്കും അവരെ സപ്പോർട്ട് ചെയ്യുന്ന ഫാൻസിനും ഒക്കെ ഉണ്ടായിരുന്നെങ്കിൽ” എന്നിങ്ങനെ പോവുന്നു കമന്റുകൾ.
തനിക്കറിയാത്ത കാര്യങ്ങൾ റിയാസിനോട് ചോദിച്ചു മനസിലാക്കാനും അത് ക്ഷമയോടെ കെട്ടിരിക്കാനും ശ്രമിക്കുന്ന ബ്ലസ്‌ലിയേയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.