Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാല് പത്ത് ആഴ്ചകൾ പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. സീസൺ അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ സംഭവബഹുലമായ പല കാര്യങ്ങൾക്കും വീട് സാക്ഷിയാകുന്നുണ്ട്. ഒപ്പം ബിഗ് ബോസ് വീട്ടിലെ സംഭവങ്ങൾ സ്ഥിരം പ്രേക്ഷകരെയും കടന്ന് സോഷ്യൽ മീഡിയയും ചർച്ച ചെയ്തു തുടങ്ങിയിരിക്കുകയാണ്.
ഇന്നലെ അവസാനിച്ച കോൾ സെന്റർ ടാസ്കിനിടെ റിയാസ് സലിം എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ടാസ്കിനിടെ ബ്ലേസ്ലിയുടെ ചോദ്യത്തിന് മറുപടിയായാണ് റിയാസ് എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി എന്നാൽ എന്താണെന്ന് വ്യക്തമാക്കിയത്.
റിയാസിന്റെ വാക്കുകൾ, “എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികതയുള്ള ആളുകൾ ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ ‘എല്‍’ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നത്. ‘ജി’ എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നത്. ‘ബി’ എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നത്. ‘ക്യൂ’ എന്നാല്‍ ക്യൂയിര് മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ വരുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. ‘ഐ’ എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പറയുന്നതാണ്. ജനിക്കുമ്പോള്‍ ഒരു ജെൻഡറിന്റെ ഫിസിക്കാലിറ്റി മാത്രമല്ലാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ, കുറവ് എന്നാല്‍ അതിന്റെ വലിപ്പത്തിലുള്ള കുറവോ, അല്ലെങ്കിൽ രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്സ് എന്ന് പറയുന്നത്. ‘എ’ എന്നാൽ അസെക്ഷ്വൽ ആയവർ, അതായത് ഒരു ജെൻഡറിലുള്ള മനുഷ്യരോടും ഒരു തരത്തിലുള്ള ലൈംഗികതയും തോന്നാത്തവർ. പിന്നെ ‘പ്ലസ്’ ഉണ്ട്, ഇതൊന്നും അല്ലാതെ വേറെയും കുറെ സെക്ഷ്വലിറ്റികളുണ്ട്. ജെൻഡർ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം പ്രണയം തോന്നുന്നവരെ ഡെമി സെക്ഷ്വൽ എന്ന് പറയും. ജെൻഡർ നോക്കാതെ എല്ലാവരോടും പ്രണയം തോന്നുവരെ പാൻസെക്ഷ്വൽ എന്ന് പറയും. ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ജെൻഡറും സെക്ഷ്വലിറ്റികളുമുണ്ട്.”
ചാനലിൽ സംപ്രേക്ഷണം ചെയ്യാതിരുന്ന ഈ ഭാഗം ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. പിന്നീട് വിവിധ പേജുകളിലൂടെയും പ്രൊഫൈലുകളിലൂടെയും വ്യാപകമായി വീഡിയോ പ്രചരിച്ചു. ലൈംഗിക വിദ്യാഭ്യാസം നൽകാത്ത സമൂഹത്തിൽ റിയാസിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിശദീകരിച്ചതിനു വലിയ അഭിനന്ദന പ്രവാഹമാണ് റിയാസിന്.