Bigg Boss Malayalam Season 4 Review: സ്യൂഡോ സയൻസ് അഥവാ കപട ശാസ്ത്രത്തിന്റെ വക്താക്കളിൽ ഒരാളാണ് ഡോ. രജിത് കുമാർ. ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിൽ നൂറുകണക്കിന് ക്യാമറകൾക്കു മുന്നിൽ നിന്ന് ഒരു അടിസ്ഥാനവുമില്ലാതെ അയാൾ പറഞ്ഞ കപട ശാസ്ത്രവാദങ്ങൾ സമൂഹമധ്യത്തിൽ ഏറെ വിമർശിക്കപ്പെട്ടതാണ്. 21-ാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന ലോകത്തെ എത്രയോ നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് നയിക്കുന്നത്രയും പിന്തിരിപ്പനും അടിസ്ഥാനരഹിതവുമായിരുന്നു ആ പ്രസ്താവനകളിൽ പലതും.
Read more: കേരളത്തനിമയോടെ; കസവു വസ്ത്രങ്ങളിൽ സുന്ദരിയായി ദിവ്യ ഉണ്ണിയും കുടുംബവും
സ്ത്രീകളുടെ വസ്ത്രധാരണം കാരണമാണ് പീഡനങ്ങൾ ഉണ്ടാകുന്നത്, പെൺകുട്ടികൾ ആൺവേഷം ധരിച്ചാൽ ജനിക്കുന്ന കുഞ്ഞ് ട്രാൻസ്ജെൻഡറാകും, സ്ത്രീകൾ ജീൻസ് ധരിച്ചാൽ ഗർഭപാത്രം തിരിഞ്ഞുപോകും എന്നിങ്ങനെ അതി വിചിത്രമായ പ്രസ്താവനകളാണ് രജിത് പലപ്പോഴായി പല വേദികളിലായി ഉന്നയിച്ചത്. ആ പ്രസ്താവനകൾ ബിഗ് ബോസ് വീടിനകത്തും ചോദ്യം ചെയ്യപ്പെട്ടു, അപ്പോഴും അശാസ്ത്രീയതയെ കൂട്ടുപിടിച്ച് തന്റെ വാദങ്ങളെ സാധൂകരിക്കുകയായിരുന്നു രജിത്.
ബിഗ് ബോസ് മലയാളം സീസൺ നാലിലുമുണ്ട് അശാസ്ത്രീയത ആഘോഷമാക്കുന്ന ഒരു മത്സരാർത്ഥി. മുഹമ്മദ് ബ്ലസ്ലീ എന്ന ചെറുപ്പക്കാരന്റെ പല പ്രസ്താവനകളും ശാസ്ത്രസത്യങ്ങളെ പോലും വളച്ചൊടിക്കുന്നവയാണ്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ബ്ലസ്ലീ അതിനെ ന്യായീകരിക്കാനായി പറയുന്ന പല ശാസ്ത്രവാദങ്ങളും ശുദ്ധ അസംബന്ധമാണ്. ബ്ലെസ്ലിയുടെ ഈ കപടശാസ്ത്ര വചനങ്ങൾ പലപ്പോഴും സഹമത്സരാർത്ഥികളെയും അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിനെ പോലെയുള്ള മത്സരാർത്ഥികൾ ബ്ലെസ്ലിയുടെ വാദങ്ങളെ ചോദ്യം ചെയ്യുന്ന കാഴ്ചയും ബിഗ് ബോസ് പ്രേക്ഷകർ കണ്ടതാണ്.
Read more: മമ്മൂക്കയുടെ കാലിൽ വീണിട്ടാണേലും എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാൻ നടത്തും; റോൺസൺ പറയുന്നു
ബിഗ് ബോസ് വീട്ടിൽ നിന്നും മോശം പ്രകടനം കാഴ്ച വച്ച് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയത് ബ്ലെസ്ലീയും അശ്വിനുമാണ്. ജയിൽ വാസത്തിനിടെ ബ്ലെസ്ലി അശ്വിനോട് പറഞ്ഞ ചില അശാസ്ത്രീയ വാദങ്ങളാണ് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുന്നത്. ഗന്ധർവന്റെ അനുഗ്രഹം കിട്ടുന്നവർ ആണ് ആർട്ടിസ്റ്റ് ആയി ജനിക്കുന്നത്, ബ്രഹ്മാവ് എന്ന് പറയുന്നത് ബ്രെയിനും ഗണപതി എന്ന് പറയുന്നത് മെഡുല ഒബ്ലാങ്കേറ്റയുമാണെന്നാണ് ബ്ലെസ്ലി വചനം.
അധിക ഭക്ഷണം കഴിച്ചതുകൊണ്ടാണ് താൻ ഡെയ്സിയുമായി ഉടക്കിയത് എന്നാണ് ബ്ലെസ്ലിയുടെ കണ്ടുപിടുത്തം. “ഭക്ഷണമാണ് എന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. ഫുഡ് കഴിക്കുമ്പോൾ നമ്മുടെ ആത്മനിയന്ത്രണം പോവും. ബ്രെയിനിലെ ബ്ലഡ് ഒക്കെ വയറിലേക്ക് പോയപ്പോഴാണ് ഞാൻ ദേഷ്യപ്പെട്ടത്. സമനില വീണ്ടെടുത്തപ്പോഴാണ് എനിക്ക് മണ്ടത്തരം മനസ്സിലായത്,” എന്നുമാണ് ബ്ലെസ്ലി അശ്വിനോട് പറയുന്നത്.
ഇറങ്ങി ഓടാൻ പോലും പറ്റാതെ ജയിലിൽ കിടക്കുന്ന അശ്വിന് ആ ശിക്ഷ പോരാഞ്ഞിട്ടാണോ ‘ബ്ലെസ്ലിയെന്ന ശിക്ഷ’ കൂടെ നൽകിയതെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും തികഞ്ഞ ആത്മവിശ്വാസത്തോടെ മണ്ടത്തരവും കപടശാസ്ത്രവാദവും എഴുന്നള്ളിക്കുന്ന ബ്ലെസ്ലി ഇതിനകം തന്നെ ട്രോളന്മാരുടെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ പാട്ടുകാരൻ എന്ന രീതിയിലാണ് ബ്ലസ്ലീ എന്ന ചെറുപ്പക്കാരൻ എത്തുന്നത്. ഗെയിമർ എന്ന രീതിയിൽ ശ്രദ്ധേയമായ പ്രകടനമൊന്നും കാഴ്ച വയ്ക്കാൻ ഇതുവരെ ബ്ലെസ്ലിയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, വീക്ക്ലി ടാസ്കിൽ കിട്ടിയ അവസരങ്ങൾ കളഞ്ഞു കുളിക്കുകയും ചെയ്തു. ഗെയിമർ എന്ന രീതിയിൽ വരുത്തിയ ആ അശ്രദ്ധയാണ് ഇപ്പോൾ ബ്ലെസ്ലിയെ ബിഗ് ബോസ് വീട്ടിലെ ആദ്യ ജയിൽപുള്ളിയാക്കിയിരിക്കുന്നത്. തന്റെ സ്യൂഡോ സയൻസ് വചനങ്ങൾ മാറ്റിവച്ച്, ശക്തമായ പ്രകടനം കാഴ്ച വച്ചാൽ മാത്രമേ ബിഗ് ബോസ് വീടിനകത്ത് ബ്ലെസ്ലിയ്ക്ക് അതിജീവിക്കാനാവൂ. ഈ സീസണിലെ ഏറ്റവും ദുർബലരായ മത്സരാർത്ഥികളുടെ ലിസ്റ്റിലാണ് നിലവിൽ ബ്ലെസ്ലി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, വരും വാരം ബ്ലെസ്ലിയ്ക്ക് ഏറെ നിർണായകമാണ്.