“ബിഗ്ഗ് ബോസിന്റെ നാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. സന്തോഷ് പണ്ഡിറ്റ് മുതൽ വാവ സുരേഷ് വരെയുള്ളവരുടെ പേരുകൾ സാധ്യതാപട്ടികയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇവയ്ക്കൊന്നും ഔദ്യോഗികമായ സ്ഥിരീകരണമില്ല.
ഇക്കൂട്ടത്തിൽ കേട്ട ഒരു പേരായിരുന്നു സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ പാല സജിയുടെ പേര്. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ പാല സജി ബിഗ്ഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളാവും എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇപ്പോൾ ഈ വാർത്തകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പാല സജി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് പാല സജി ഇക്കാര്യങ്ങൾ പറയുന്നത്.
ഷോയിൽ മത്സരാർത്ഥിയാവാൻ ഏഷ്യാനെറ്റിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ ചില ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കാൻ പറ്റാത്തതിനാൽ മത്സരാർത്ഥിയാവാനുള്ള ക്ഷണം താൻ നിരസിച്ചുവെന്നും പാല സജി പറഞ്ഞു.
ഈയിടെയായി ചില വാർത്തകൾ ഞാൻ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാണെന്ന തരത്തിൽ വന്നിരുന്നു. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് മത്സരാർത്ഥിയാവാൻ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാൽ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ ഏഷ്യാനെറ്റിന്റെ ക്ഷണം നിരസിച്ചു. എനിക്ക് അവസരം തന്ന ഏഷ്യാനെറ്റിന് നന്ദി അറിയിക്കുന്നു. ഈ തവണത്തെ ബിഗ് ബോസ് വലിയ വിജയമാവാൻ ആശംസിക്കുന്നു,” പാല സജി പറഞ്ഞു.
സോഷ്യൽ മീഡിയയുടെ ബിഗ് ബോസ് ചർച്ചകളെ അഡ്രസ് ചെയ്തുകൊണ്ടുള്ള പുതിയ പ്രമോ വീഡിയോ ഏഷ്യാനെറ്റ് അടുത്തിടെ പങ്കുവച്ചിരുന്നു. എയർപോർട്ട് ലോഞ്ചിലിരുന്ന് രണ്ടുപേർ നാലാം സീസണിലെ മത്സരാർത്ഥികളെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. മത്സരാർത്ഥികളുടെ കംപ്ലീറ്റ് ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നാണ് ഒരാളുടെ വാദം. ഇവരുടെ സംസാരം കേട്ട മോഹൻലാൽ കുസൃതിയോടെ, “ഓ… ലിസ്റ്റ് ഇതിനകം ഔട്ടായി കഴിഞ്ഞോ?” എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.