Bigg Boss Malayalam season 4: ബിഗ് ബോസ് സീസൺ 4 അഞ്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. രസകരമായ നിരവധി ടാസ്കുകളാണ് ഇതിനകം ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വീക്കിലി ടാസ്കിൽ മുതൽ ദിവസേന നൽകുന്ന കുട്ടി ടാസ്കുകളിൽ വരെ രസകരമായ പലതും ബിഗ് ബോസ് പ്രേക്ഷകർക്കായി ഒരുക്കി വെക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം നൽകിയത്.
ബിഗ് ബോസ് വീട്ടിലെ ഓരോ അംഗങ്ങൾക്കും ഇരട്ടപ്പേര് നൽകുക എന്നതായിരുന്നു ടാസ്ക്. നിമിഷയ്ക്കാണ് ടാസ്ക് നൽകിയത്. ഓരോരുത്തരുടെയും സ്വഭാവം, പെരുമാറ്റം, സംസാരം എന്നിവയെ അടിസ്ഥാനമാക്കി പേര് നൽകാൻ ആയിരുന്നു ടാസ്ക്. ആദ്യം തന്നെ റോൺസന് പേരിട്ടാണ് നിമിഷ തുടങ്ങിയത്. ജേഴ്സി പശു എന്ന പേരാണ് റോൺസന് നൽകിയത്. ഒരുപാട് പിണ്ണാക്ക് കൊടുക്കണം എന്നാൽ അതിനു അനുസരിച്ചു പാലും തരും എന്നായിരുന്നു പേരിന് നൽകിയ വിശദീകരണം.
രണ്ടാമത് പ്രിയകൂട്ടുകാരി ജാസ്മിനാണ് നിമിഷ പേര് നൽകിയത്. ജർമ്മൻ ഷേപ്പാർട് എന്നാണ് ജാസ്മിനെ വിളിച്ചത്. ആരെയും അടുപ്പിക്കാതെ യജമാനനെ സംരക്ഷിക്കുന്ന ആളാണ് ജാസ്മിൻ എന്നാണ് നിമിഷ പറഞ്ഞത്. ചിക്കൻ കാല് കിട്ടിയാൽ സ്വഭാവം മാറുമെന്നും സൂചിപ്പിച്ചു. റോബിന് മൂങ്ങ എന്നാണ് പേര് നൽകിയത്. 360 വ്യൂ കാഴ്ചകണ്ട് നടക്കുന്ന ആളാണ് റോബിൻ എന്നാണ് പറഞ്ഞത് എന്നാൽ അപ്പോൾ തന്നെ അഖിലും കൂട്ടരും ഓന്താണ് എന്ന് തിരുത്തുന്നുണ്ടായിരുന്നു. നിൽക്കുന്നിടത്തെ നിറമാകും എന്നായിരുന്നു വിശദീകരണം. അത് നിമിഷ അംഗീകരിക്കുകയും ചെയ്തു.
അപർണയെ കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചയാണെന്ന് പറഞ്ഞപ്പോൾ ഒരുമിച്ച് നടക്കുന്ന അഖിലിനെയും സൂരജിനെയും സൂത്രൻ, ഷേരു എന്നാണ് വിളിച്ചത്. പേര് നിർദേശിച്ചത് ജാസ്മിൻ ആയിരുന്നു. അടുത്തതായി ബ്ലെസ്ലിയുടെ പേര് നിമിഷ പറഞ്ഞെങ്കിലും പേര് ആലോചിക്കുന്നതിനിടെ അഖിൽ കോഴി എന്ന് പേരിട്ടു. കാട കോഴി എന്നാണ് വിളിച്ചത്. സുചിത്രയെയും ധന്യയെയും ആന, ആനപാപ്പാൻ എന്നാണ് നിമിഷ വിളിച്ചത്.
ദിൽഷയെ കുയിൽ എന്നാണ് വിളിച്ചത്. ഇത്തവണ പേര് നിർദേശിച്ചത് ജാസ്മിൻ ആയിരുന്നു. കാക്കയുടെ കൂട്ടിൽ മുട്ടയിടുന്ന ആളാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്. പിന്നാലെ അവസാന ആളായ ലക്ഷ്മിപ്രിയയ്ക്ക് പപ്പടം എന്നാണ് പേരിട്ടത്.തിളച്ച എണ്ണയിൽ ഇട്ടാൽ വീർത്ത് വരുമെന്നും ഒറ്റ അടികൊടുത്താൽ പൊടിഞ്ഞു പോകുമെന്നുമായിരുന്നു നിമിഷ വിശേഷിപ്പിച്ചത്.
ബിഗ് ബോസ് ഷോ ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ 12 മത്സരാർത്ഥികളാണ് വീട്ടിൽ ശേഷിക്കുന്നത്. നവീൻ അറയ്ക്കൽ, ഡെയ്സി ഡേവിഡ് എന്നിവരാണ് അവസാനം ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ മത്സരാർത്ഥികൾ. ആകെ 17 മത്സരാർത്ഥികളുമായാണ് സീസൺ ആരംഭിച്ചത്.
Also Read: മുംബൈയിൽ നിന്ന് കൊച്ചിയ്ക്ക് ഒന്നിച്ച്; ഡെയ്സിക്ക് ഒപ്പമുള്ള ചിത്രവുമായി നവീൻ