Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏഴാമത്തെ ആഴ്ചയിൽ ഒരു മത്സരാർത്ഥി കൂടി വീട് വിട്ടിറങ്ങിയിരിക്കുകയാണ്. നിമിഷയാണ് ഈ ആഴ്ച എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. ശക്തയായൊരു മത്സരാർത്ഥി ആയിട്ടും വോട്ട് നിലയിൽ ഏറ്റവും പിറകിലായതോടെയാണ് നിമിഷ ഷോയിൽ നിന്നും ഔട്ടായിരിക്കുന്നത്.
ഈ സീസണിൽ ആദ്യ ആഴ്ച മുതൽ പല തവണ നോമിനേഷനിൽ വന്ന മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ. ആദ്യത്തെ ആഴ്ചകളിൽ വേണ്ടത്ര പെർഫോം ചെയ്തില്ലെങ്കിലും എവിക്ഷനിൽ പുറത്തുപോയി സീക്രട്ട് റൂം താമസത്തിനു ശേഷം തിരികെ എത്തിയതോടെ വീട്ടിലെ കരുത്തയാർന്ന മത്സരാർത്ഥിയായി നിമിഷ മാറുകയായിരുന്നു.
സേഫ് ഗെയിം കളിക്കുന്ന സുചിത്ര, ധന്യ, സൂരജ്, ദിൽഷ, അപർണ തുടങ്ങിയ മത്സരാർത്ഥികളും ഗെയിമുകളിൽ എല്ലാം മോശം പ്രകടനം കാഴ്ച വച്ച് സ്ക്രീൻ പ്രസൻസ് നേടാനായി വീടിനകത്ത് വാഗ്വാദങ്ങൾ ഉണ്ടാക്കുകയും ഗെയിം നിയമങ്ങൾ തെറ്റിക്കുകയും ചെയ്യുന്ന റോബിനെ പോലെ ഉള്ളവരും വീടിനകത്ത് തുടരുമ്പോൾ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ഗെയിമുകളിൽ ശക്തമായ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത നിമിഷയെ പോലുള്ള മത്സരാർത്ഥികൾ പുറത്തുപോവുന്നത് ദൗർഭാഗ്യകരമെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. ഇതുവരെ ഒരു നോമിനേഷനിൽ പോലും വരാതെ വീടിനകത്ത് സേഫ് ആയിരിക്കുന്ന സുചിത്ര, ധന്യ തുടങ്ങിയവരുടെ സേഫ് ഗെയിമും മുൻപ് പ്രേക്ഷകരിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയ കാര്യമാണ്.
നിമിഷ ഷോയിൽ നിന്നും പുറത്തായതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിരിക്കുന്നത്. നിമിഷയെ പോലെ ശക്തയായൊരു മത്സരാർത്ഥിയെ മലയാളം ബിഗ് ബോസ് അർഹിക്കുന്നില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
‘വിജയി ആവാൻ തക്ക എല്ലാ ക്വാളിറ്റിയുമുള്ള മത്സരാർത്ഥി ആയിരുന്നു നിമിഷ. പക്ഷേ കണ്ണിൽകുരുട് ബാധിച്ച ചില പ്രേക്ഷകർ അവളെ മനസ്സിലാക്കിയില്ല എന്നതാണ് സത്യം. ഗെയിമുകളിലും ക്യാപ്റ്റൻസിയിലും എല്ലാം 100% ആത്മാർത്ഥത കൊടുത്തു. തിരിച്ചുവരവ് ഗംഭീരമാക്കി എന്നിട്ടും പ്രേക്ഷകർ അവളെ അംഗീകരിച്ചില്ല. മറ്റു ഭാഷകളിലെ ബിഗ്ബോസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ വിന്നർ ആകുമായിരുന്നു നിമിഷ’, ‘ആകെക്കൂടി വാ തുറന്ന് സംസാരിക്കുന്ന കുറച്ച് പേരിൽ ഒരാളായിരുന്നു നിമിഷ. ബാക്കി സൂരജ്, അപർണ്ണ, റോൺസൺ, അഖിൽ, സുചിത്ര, ധന്യ, ദിൽഷ സേഫ് ഗെയിം ആണ് അവിടെ. നിമിഷയും പോയതോടെ ഇനി ബിഗ് ബോസ് കുല വംശം ഭരിക്കും’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
“മലയാളം ബിഗ് ബോസ്സിൽ പതിനാറാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും തമ്മിലുള്ള കളിയാണ് നടക്കുന്നത്. ഒടുവിൽ ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണാം. മലയാളി പൊതുബോധം ഇപ്പോഴും പതിനാറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ നിൽക്കുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ട് വലിയ പ്രതീക്ഷ വെക്കേണ്ടതില്ല,” എന്നാണ് മറ്റൊരു പ്രേക്ഷകൻ കുറിക്കുന്നത്.