Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ രണ്ടാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനകം രണ്ടു മത്സരാർത്ഥികളാണ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്, കഴിഞ്ഞയാഴ്ച ജാനകിയും ഇന്ന് നിമിഷയും.
നിമിഷ വീടു വിട്ടിറങ്ങുന്നതിനു മുൻപ് ഡോക്ടർ റോബിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എലിമിനേഷനായി നിമിഷ, ജാസ്മിൻ, ഡെയ്സി, ബ്ലെസ്‌ലി, ഡോ. റോബിൻ എന്നിവരെ ഒന്നിച്ച് ഡാർക്ക് റൂമിലിരുത്തി വീടിനകത്തെ മത്സരാർത്ഥികളോട് അവസാനമായി നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ തിരക്കുന്നു. അപ്പോഴാണ്, റോബിനെതിരെ നിമിഷ തന്റെ നിലപാട് വ്യക്തമാക്കുന്നത്. “ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുത്, അയാൾ ചതിക്കും,” എന്നാണ് മറ്റു മത്സരാർത്ഥികളോടായി നിമിഷ പറയുന്നത്.
ശേഷം എലിമിനേഷൻ പ്രകിയയിലൂടെ നിമിഷ വീടു വിട്ട് ഇറങ്ങുകയും അവതാരകനായ മോഹൻലാൽ നിൽക്കുന്ന ഫ്ളോറിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാൽ അപ്രതീക്ഷിതമായൊരു ട്വിസ്റ്റാണ് നിമിഷയ്ക്കായി ബിഗ് ബോസ് ഒരുക്കിയത്. നിമിഷയെ വീടിനു വെളിയിലേക്ക് അല്ല ബിഗ് ബോസ് അയക്കുന്നത്, പകരം ബിഗ് ബോസ് ഹൗസിലെ സീക്രട്ട് റൂമിലേക്കാണ്.
ഇക്കാര്യം നിലവിൽ വീടിനകത്തെ മത്സരാർത്ഥികൾക്ക് ഒന്നും അറിയില്ല. വീടിനകത്ത് നടക്കുന്ന സംഭവങ്ങൾ സീക്രട്ട് റൂമിലിരുന്ന് നിരീക്ഷിച്ച ശേഷം, ശക്തയായി തിരിച്ചുവരുന്ന ഒരു നിമിഷയെ ഉടനെ കാണാം. പൊതുവെ, സീക്രട്ട് റൂമിൽ പാർപ്പിച്ച മത്സരാർത്ഥി തിരിച്ചിറങ്ങുമ്പോൾ ഗെയിമിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കാറുണ്ട്. അതിനാൽ സീക്രട്ട് റൂമിൽ നിന്നും തിരിച്ചിറങ്ങുന്ന നിമിഷയുടെ സ്ട്രാറ്റജി എന്താവുമെന്നും വരും ദിവസങ്ങളിൽ വീടിനകത്ത് എന്തൊക്കെ മാറ്റങ്ങളാണ് നിമിഷ ഉണ്ടാക്കാൻ പോവുന്നതെന്നും കാത്തിരുന്നു കാണണം.