Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്നും നിമിഷ പുറത്തേക്ക്. വോട്ട് ശതമാനത്തിൽ ഏറ്റവും പിറകിലായി പോയതാണ് നിമിഷയ്ക്ക് തിരിച്ചടിയായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബിഗ് ബോസ് വീടിനകത്തെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. എന്നാൽ മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് പുറത്ത് വലിയ ഫാൻ ബെയ്സ് സൃഷ്ടിക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിരുന്നില്ല. അതാണ് 50-ാം നാൾ നിമിഷയ്ക്ക് തന്റെ ബിഗ് ബോസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.
മുൻപ്, ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു തവണ നിമിഷ ഔട്ടായി പുറത്തുപോയിരുന്നെങ്കിലും ബിഗ് ബോസ് സെക്കന്റ് ചാൻസ് നൽകി, വീടിനകത്തേക്ക് തിരികെയെത്താൻ നിമിഷയ്ക്ക് ഒരു അവസരമൊരുക്കിയിരുന്നു. സീക്രട്ട് റൂമിൽ നിന്നും പുറത്തിറങ്ങിയ നിമിഷ കരുത്തയാർന്ന മത്സരാർത്ഥിയായി മാറുന്നതാണ് പ്രേക്ഷകർ പിന്നെ കണ്ടത്. വീടിനകത്തുള്ളവരുടെയും ഇഷ്ടം കവരാനും അവരെ കൊണ്ട് നല്ലതു പറയിപ്പിക്കാനും രണ്ടാം വരവിൽ നിമിഷയ്ക്ക് കഴിഞ്ഞു.
റോബിൻ, ബ്ലെസ്‌ലി, ജാസ്മിൻ, നിമിഷ, റോൺസൺ, ദിൽഷ എന്നിവരായിരുന്നു ബിഗ് ബോസ് മലയാളം വീട്ടിലെ ഏഴാമത്തെ ആഴ്ച നോമിനേഷനിലുള്ളത്. ലക്ഷ്മിപ്രിയയും നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നുവെങ്കിലും വൈൽഡ് കാർഡ് എൻട്രികളായി കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് എത്തിയ റിയാസ്, വിനയ് എന്നിവർക്ക് നോമിനേഷൻ ലിസ്റ്റിൽ നിന്നും ഒരാളെ ഒഴിവാക്കാനുള്ള അവസരം നൽകിയപ്പോൾ അവർ ലക്ഷ്മി പ്രിയയുടെ പേരു പറയുകയായിരുന്നു. അതോടെ ലക്ഷ്മിപ്രിയ ഈ ആഴ്ച സേഫാകുകയും ചെയ്തു.
നിമിഷ പടിയിറങ്ങിയതോടെ വികാര നിർഭരമായ മുഹൂർത്തങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷിയായത്. പൊട്ടികരയുന്ന ജാസ്മിനെ സമാധാനിപ്പിക്കാൻ നിമിഷയും റോൺസണും റിയാസുമെല്ലാം ഏറെ കഷ്ടപ്പെടുന്നതും പ്രേക്ഷകർ കണ്ടു. നിമിഷയുടെ പടിയിറക്കം മാനസികമായി ഏറെ ഡൗൺ ആക്കുക ജാസ്മിനെ തന്നെയാണ്. എനിക്കു വേണ്ടി നീ ജയിക്കണം എന്ന് ജാസ്മിനോട് പറഞ്ഞിട്ടാണ് നിമിഷ പടിയിറങ്ങുന്നത്. ഒപ്പം, ജാസ്മിനെ നോക്കികൊള്ളണേ എന്ന് റോൺസണിനോട് അഭ്യർത്ഥിക്കുന്നുമുണ്ട് നിമിഷ.