Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്നും ഔട്ടായ മത്സരാർത്ഥികളിൽ ഒരാളായ നവീൻ അറയ്ക്കൽ പങ്കുവച്ച രസകരമായൊരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഏതാനും ആഴ്ചകൾക്കു മുൻപ്, മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഓരോ ചെടികൾ വീതം പരിചരിക്കാനായി നൽകിയിരുന്നു. ഔട്ടാവുന്ന മത്സരാർത്ഥികൾ ബിഗ് ബോസ് വീട് വിട്ട് ഇറങ്ങുന്നതിനു മുൻപ് തങ്ങൾക്ക് ലഭിച്ച ചെടികൾ വീടിനകത്തെ പ്രിയപ്പെട്ട ഒരാൾക്ക് പരിചരിക്കാനായി ഏൽപ്പിക്കുകയാണ് പതിവ്.
തനിക്കു കിട്ടിയ ചെടിയ്ക്ക് അശ്വിൻ നരസിംഹ എന്നായിരുന്നു പേരു നൽകിയത്. വീട് വിട്ടിറങ്ങിയപ്പോൾ അശ്വിൻ തന്റെ നരസിഹയെ പരിചരിക്കാനായി നവീനെ ഏൽപ്പിച്ചു. തൊട്ടു പിന്നാലെ വന്ന എവിക്ഷനിൽ നവീൻ ഔട്ടായി. നരസിംഹയെ അപർണയെ ഏൽപ്പിച്ചാണ് നവീൻ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.
ഇപ്പോഴിതാ, അപർണയും ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരിക്കുകയാണ്. നരസിംഹയെ വിനയിനെ ഏൽപ്പിച്ചാണ് അപർണ പടിയിറങ്ങിയിരിക്കുന്നത്. നരസിംഹയുടെ ഉടമകളായിരുന്നവരെല്ലാം എവിക്ഷനിലൂടെ പുറത്തുപോവുന്ന സാഹചര്യത്തിൽ ജൂനിയർ മാൻഡ്രേക് എന്നാണ് നരസിംഹയെ നവീൻ പങ്കുവച്ച ട്രോളിൽ വിശേഷിപ്പിക്കുന്നത്. നരസിംഹയുടെ പുതിയ ഉടമയായ വിനയ് ആണോ അടുത്ത എവിക്ഷൻ എന്നാണ് ട്രോളന്മാർ ഉറ്റുനോക്കുന്നത്.

ഈ ആഴ്ചയിലെ നോമിനേഷനിൽ സൂരജ്, അഖിൽ, സുചിത്ര, വിനയ് എന്നിവരാണുള്ളത്. സീരിയലുകളിലൂടെയും മറ്റു ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ് സൂരജ്, അഖിൽ, സുചിത്ര തുടങ്ങിയ മത്സരാർത്ഥികൾ. കൂട്ടത്തിൽ വിനയ് ആണ് പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്തൊരാൾ. പ്രേക്ഷകപിന്തുണ നേടി ബിഗ് ബോസ് വീടിനകത്ത് വിനയിന് തുടരാനാവുമോ ഇല്ലയോ എന്ന് ഈ ആഴ്ചയറിയാം.