Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ രണ്ടാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. വീണ്ടുമൊരു എലിമിനേഷന് ഒരുങ്ങുകയാണ് ബിഗ് ബോസ് വീട്. ആരാവും ഈ ആഴ്ച വീട്ടിൽ നിന്നു പുറത്തുപോവുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
എലിമിനേഷനായി മോഹൻലാൽ എത്തുന്ന വീക്ക്‌ലി എപ്പിസോഡിന്റെ പ്രമോ ആണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റോബിനോട് പൊട്ടിത്തെറിക്കുന്ന മോഹൻലാലിനെയാണ് പ്രമോയിൽ കാണാനാവുക.
പോയവാരം സംഘർഷഭരിതമായ നിരവധി മുഹൂർത്തങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അതിന്റെ പ്രതിഫലനം വീക്ക്‌ലി എപ്പിസോഡിലും കാണാം എന്നതിന്റെ സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രമോ.
ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ വലിച്ചുനീട്ടിയുള്ള റോബിന്റെ സംസാരമാണ് മോഹൻലാലിന് അമർഷമുണ്ടാക്കിയത്. “റോബിന്റെ നീണ്ട പ്രസംഗം എനിക്കാവശ്യമില്ല. ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ,” എന്നാണ് മോഹൻലാൽ ശാസിച്ചത്.
കഴിഞ്ഞയാഴ്ച നോമിനേഷനിടെ രണ്ടുപേരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ റോബിൻ ആദ്യം ആരുടെയും പേര് നിർദ്ദേശിക്കാതെ ഇരുന്നതും വീടിനകത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ബിഗ് ബോസ് ശാസിച്ചതിനു ശേഷമാണ് രണ്ടുപേരുകൾ പറയാൻ റോബിൻ തയ്യാറായത്. “ബിഗ് ബോസിനോട് എനിക്ക് തോന്നിയാലേ പറയൂ എന്ന് പറഞ്ഞോ, അങ്ങനെ തോന്നിയാൽ പറയാവുന്ന ഒരു സ്ഥമല്ല ബിഗ് ബോസ് വീട് റോബിനു ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്ത് എന്റെ അടുത്തേക്ക് വരാം,” എന്നാണ് റോബിനോട് മോഹൻലാൽ പറഞ്ഞത്.
രണ്ടാഴ്ച കൊണ്ടു തന്നെ വീടിനകത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പല വാഗ്വാദങ്ങൾക്കും തുടക്കമിടുകയും ചെയ്ത മത്സരാർത്ഥിയാണ് റോബിൻ. ബിഗ് ബോസ് വീട്ടിലെ നാരദൻ എന്നാണ് ട്രോളന്മാർക്കിടയിൽ റോബിന്റെ പേര്. വീടിനകത്ത് കുത്തിതിരിപ്പുകൾ ഉണ്ടാക്കുന്ന റോബിന്റെ സ്ട്രാറ്റജികളോട് മത്സരാർത്ഥികൾക്കും വിയോജിപ്പുണ്ട്. ജാസ്മിൻ, നിമിഷ,ധന്യ എന്നീ മത്സരാർത്ഥികൾ റോബിനെ ഇതിനകം തന്നെ ശത്രുപക്ഷത്താണ് കാണുന്നത്.