Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് അരങ്ങൊരുങ്ങുകയാണ്. ബിഗ് ബോസ് വിജയി ആരെന്ന് അറിയാൻ ഇനി ഒരു പകൽ മാത്രം ബാക്കി. റിയാസ് സലിം, ദിൽഷ പ്രസന്നൻ, ധന്യ മേരി വർഗീസ്, ലക്ഷ്മി പ്രിയ, മുഹമ്മദ് ഡിലീജന്റ് ബ്ലെസ്ലി, സൂരജ് തേലക്കാട് എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഷോയിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ടൈറ്റിൽ വിന്നറാവുക എന്നറിയാനായി ആകാംക്ഷയോടെ കാത്തിരിപ്പാണ് പ്രേക്ഷകരും.
പ്രവചനാതീതമായ രീതിയിലാണ് വോട്ടിംഗ് മുന്നേറികൊണ്ടിരിക്കുന്നത്. ബ്ലെസ്ലീ, റിയാസ് സലിം, ദിൽഷ ഇവർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ വിജയസാധ്യത. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലായി നടത്തിയ പോളുകളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതും ഈ മൂന്നുപേരാണ്. ആരാവും ഇവരിൽ നിന്നും ടൈറ്റിൽ വിന്നറാവുക എന്നത് ഇപ്പോഴും പ്രവചനിക്കാനാവാത്ത സ്ഥിതിയാണ്. അത്ര കടുത്ത മത്സരമാണ് ഇവർക്കിടയിൽ നടക്കുന്നത്.
20 പേരെ പിൻതള്ളി ഫൈനലിൽ എത്തിയ ആറു ഫൈനലിസ്റ്റുകളുടെ ഇതുവരെയുള്ള ബിഗ് ബോസ് ജീവിതം ഒറ്റനോട്ടത്തിൽ… ഓരോ മത്സരാർത്ഥിയുടെയും പോസ്റ്റീവ്, നെഗറ്റീവ് ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
മുഹമ്മദ് ഡിലീജന്റ് ബ്ലെസ്ലി
ഫിസിക്കൽ ടാസ്കിലെ മികവ്, എതിരാളികൾക്ക് പെട്ടെന്ന് പ്രകോപിപ്പിക്കാൻ ആവാത്ത പ്രകൃതം, മത്സരബുദ്ധി എന്നിവയൊക്കെയാണ് ബ്ലെസ്ലീ എന്ന മത്സരാർത്ഥിയുടെ പ്ലസ്. ഒരു സാധാരണക്കാരന്റെ പ്രതിനിധിയായി നിന്ന് നല്ല രീതിയിൽ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്തുകൊണ്ടാണ് ബ്ലെസ്ലീ തന്റെ ഗെയിം പ്ലാൻ മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ ദിൽഷയോടുള്ള ബ്ലെസ്ലീയുടെ വൺസൈഡ് പ്രണയവും ബൗണ്ടറികൾ ക്രോസ് ചെയ്തുകൊണ്ടുള്ള പെരുമാറ്റവുമാണ് ബ്ലെസ്ലിയെന്ന മത്സരാർത്ഥിയ്ക്ക് തിരിച്ചടിയായത്. ഒരു പെൺകുട്ടി നോ പറഞ്ഞിട്ടും അതിനെ മാനിക്കാതെ പിന്നാലെ നടന്ന് ശല്യം ചെയ്ത പ്രകൃതം പ്രേക്ഷകർക്കിടയിൽ ബ്ലെസ്ലീയ്ക്ക് വലിയ നെഗറ്റീവ് ഇമേജ് സമ്മാനിച്ചു.
സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മ, ആശയങ്ങളെ കൃത്യമായി മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള കഴിവില്ലായ്മ, സ്ത്രീകളെ മാത്രം അറ്റാക്ക് ചെയ്യുന്ന പ്രകൃതം, വികാരവിചാരങ്ങളെ പുറത്തുകാണിക്കാതെ നിസ്സംഗമനോഭാവത്തോടെയുള്ള പെരുമാറ്റം എന്നിവയാണ് ബ്ലെസ്ലീയുടെ മറ്റു നെഗറ്റീവുകൾ.
ഫിനാലെയോട് അടുക്കുമ്പോൾ തന്റെ ഭാഗത്തുനിന്നും വന്ന തെറ്റുകൾക്ക് ദിൽഷയോട് മാപ്പു പറയുന്ന ബ്ലെസ്ലീയേയും പ്രേക്ഷകർ കണ്ടു. പുറത്ത് റോബിൻ ബ്ളെസ്ലീയ്ക്ക് എതിരെ നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ വിവാദമാവുകയാണ്. ഈ സംഭവങ്ങൾ ബ്ലെസ്ലിയിലേക്ക് വീണ്ടും പ്രേക്ഷകരുടെ സഹതാപതരംഗമുണ്ടാവാൻ കാരണമായിട്ടുണ്ട്. നിലവിൽ, ഫൈനൽ രണ്ടിലൊരാളാവാൻ സാധ്യതയേറെയുള്ള മത്സരാർത്ഥിയാണ് ബ്ലെസ്ലി.

റിയാസ് സലിം
റിയാസ് ബിഗ് ബോസ് വീടിനകത്ത് എത്തിയത് 40 ദിവസം കഴിഞ്ഞ് വൈൽഡ് കാർഡ് എൻട്രിയായാണ്. വന്ന ദിവസം മുതൽ സെയ്ഫ് സോണിൽ നിൽക്കാതെ ഇറങ്ങി കളിക്കുകയും മറ്റുള്ളവരെ അവരുടെ സെയ്ഫ് സോൺ വിട്ട് പുറത്തുവരാൻ പ്രകോപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്ത റിയാസാണ് ഷോയെ പിന്നീടങ്ങോട്ട് മുന്നോട്ട് കൊണ്ടുപോയത്. വീടിനകത്തേക്ക് കയറി വരുമ്പോൾ പൊതുബോധത്തിന്റെ നിലപാടുകൾ എന്താണെന്ന് റിയാസിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ആ വഴിയെ സഞ്ചരിച്ചാൽ എളുപ്പത്തിൽ പ്രേക്ഷകപിന്തുണ നേടാനാവുമെന്ന് അറിഞ്ഞിട്ടും അതിനെല്ലാം എതിർദിശയിലാണ് ആദ്യം മുതൽ റിയാസ് സഞ്ചരിച്ചത്.
വെറും എന്റർടെയ്ൻമെന്റിന് അപ്പുറം ബിഗ് ബോസിലൂടെ സമൂഹത്തിലേക്ക് പോസിറ്റീവായ കുറേയേറെ മെസേജുകൾ കൂടി നൽകാൻ റിയാസിന് സാധിച്ചു. ബിഗ് ബോസ് പ്രേക്ഷകർ അല്ലാത്ത ഒരുപറ്റം പ്രേക്ഷകരെ കൂടെ ഷോയിലേക്ക് ആകർഷിക്കാൻ ഇതുവഴി റിയാസിന് സാധിച്ചു. തന്റെ ശാസ്ത്ര പരിജ്ഞാനവും വാക്ചാതുരിയുമൊക്കെ മിടുക്കോടെ ഉപയോഗിച്ച് ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന ആശയങ്ങളെ വളരെ ലളിതമായും കൃത്യതയോടെയും പ്രേക്ഷകരിലേക്ക് റിയാസ് എത്തിച്ചു.
ഫെമിനിസം, ലിംഗ സമത്വം, മാനസിക ആരോഗ്യം, LGBTQIA+, സിംഗിൾ പേരന്റിങ്, ടോക്സിക് പേരന്റിങ്, വസ്ത്ര സ്വാതന്ത്ര്യം, ആർത്തവം അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങളെ കുറിച്ച് റിയാസ് ഷോയിൽ സംസാരിച്ചു. ഒമ്പത് വർഷമായി ബിഗ് ബോസ് എന്ന ഷോയോട് കാണിക്കുന്ന പാഷനും നിശ്ചയദാർഢ്യവും അറിവുമായിരുന്നു റിയാസിന് കൈമുതൽ. മികച്ച കണ്ടന്റ് ക്രിയേറ്റർ, അപാരമായ ഹ്യൂമർ സെൻസ്, ചിന്തകളിലെ ക്ലാരിറ്റിയും വാക്സാമർത്ഥ്യവും, മത്സരബുദ്ധി, വിവിധ വിഷയങ്ങളെ കുറിച്ചുള്ള അപാരമായ അറിവ് എന്നിവയെല്ലാം റിയാസിന്റെ പ്ലസ് പോയിന്റുകളാണ്.
50 ദിവസത്തോളം മാത്രമാണ് ബിഗ് ബോസ് വീടിനകത്ത് കഴിയാനായത്, ഫിസിക്കൽ ടാസ്കുകളിൽ അത്ര മികവു പുലർത്താൻ കഴിയാതെ പോയി എന്നിവയൊക്കെയാണ് റിയാസ് എന്ന മത്സരാർത്ഥിയ്ക്ക് നെഗറ്റീവ് ആവുന്ന ഘടകങ്ങൾ. ഒപ്പം, റിയാസ് മുന്നോട്ടുവച്ച പല കാര്യങ്ങളും പൊതുസമൂഹത്തിന് ദഹിക്കാൻ സമയമെടുക്കുന്ന വിഷയങ്ങളാണ്. ഇതും വിജയകിരീടത്തിനു മുന്നിൽ റിയാസിന് പ്രതിബന്ധമായേക്കാം.
ദിൽഷ പ്രസന്നൻ
ഫിസിക്കൽ ടാസ്കുകളിൽ ബിഗ് ബോസ് വീട്ടിലെ പുരുഷമത്സരാർത്ഥികളെ പോലും പലപ്പോഴും തോൽപ്പിച്ച മികച്ച ഗെയിമറാണ് ദിൽഷ പ്രസന്നൻ. എല്ലാവരോടും സ്നേഹപൂർവ്വമുള്ള പെരുമാറ്റം, ഉത്സാഹത്തോടെയുള്ള ഇടപെടലുകൾ, പാട്ടിലും ഡാൻസിലുമൊക്കെയുള്ള പ്രാവിണ്യം, നല്ല കുട്ടി ഇമേജ് ഇവയൊക്കെ ദിൽഷയെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.
എന്നാൽ, ലവ് ട്രയാങ്കിൾ കളിച്ച റോബിന്റെയും ബ്ലെസ്ലീയുടെയും നിഴലായി പലപ്പോഴും ദിൽഷ ഒതുങ്ങിപ്പോയത് ദിൽഷയിലെ ഗെയിമർക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പുറത്ത് റോബിൻ പുറത്തുപോയപ്പോൾ, പ്രതികാരബുദ്ധിയോടെ റോബിന്റെ ഗെയിം ഇനി ഞാൻ കളിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ദിൽഷയിലെ മത്സരാർത്ഥി പ്രേക്ഷകരിൽ പലരെയും നിരാശരാക്കി. തനിയെ നിന്നു കളിച്ചിരുന്നെങ്കിൽ, തനിക്കിഷ്ടമില്ലാത്ത ബന്ധത്തിന് നിർബന്ധിക്കുന്ന ബ്ളെസ്ലിയോടും റോബിനോടും കുറച്ചുകൂടി ശക്തമായ രീതിയിൽ ആദ്യം തന്നെ തന്റെ നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റിൽ വിന്നർ പട്ടം നേടുന്ന ആദ്യ പെൺകുട്ടിയാവുമായിരുന്നു ദിൽഷ.

ഫിനാലെയോട് അടുക്കുമ്പോൾ ദിൽഷയ്ക്ക് വേണ്ടി പുറത്ത് റോബിനും റോബിൻ ഫാൻസും കാണിച്ചുകൂട്ടുന്ന ഫാൻസ് വഴക്കുകളും ഡ്രാമകളുമൊക്കെ ദിൽഷ എന്ന മത്സരാർത്ഥിയുടെ തനിച്ചുള്ള നിലനിൽപ്പിനെ തന്നെ പ്രേക്ഷകർക്കിടയിൽ ചോദ്യം ചെയ്യുകയാണ്. ദിൽഷ വിന്നറായാൽ പോലും അതിന്റെ ക്രെഡിറ്റ് എടുക്കാൻ നിൽക്കുന്ന റോബിൻ ഫാൻസാണ് ദിൽഷ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ലക്ഷ്മി പ്രിയ
വളരെയേറെ നെഗറ്റീവ് അഭിപ്രായങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്ന മത്സരാർത്ഥിയാണെങ്കിലും ബിഗ് ബോസ് വീടിനകത്ത് നൂറുശതമാനം ജെനുവിനായി നിന്ന ഒരാളാണ് ലക്ഷ്മിപ്രിയ എന്ന് എതിരാളികൾക്കു പോലും സമ്മതിക്കാതെ തരമില്ല. നല്ലൊരു കണ്ടന്റ് ക്രിയേറ്റർ എന്ന രീതിയിൽ ഷോയെ സജീവമായി മുന്നോട്ടുകൊണ്ടുപോയതിലും ലക്ഷ്മിപ്രിയയ്ക്ക് വലിയൊരു റോളുണ്ട്.

സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിയ്ക്കുന്ന ചിന്താഗതികൾ, മനുഷ്യനെ വിഭജിക്കുന്ന മത മൂല്യങ്ങളെ പുകഴ്ത്തൽ, പാരമ്പര്യത്തെ കുറിച്ചുള്ള ഊറ്റം കൊള്ളൽ, പാട്രിയാർക്കിയുടെ അമിതസ്വാധീനം എന്നിവയൊക്കെയാണ് ലക്ഷ്മിപ്രിയയുടെ നെഗറ്റീവ്. കുടുംബപ്രേക്ഷകരുടെയും പാരമ്പര്യവാദികളുടെയും വലിയ പിന്തുണ തന്നെയുണ്ടെങ്കിലും ബിഗ് ബോസ് വീടിനകത്ത് ഇതുവരെ ക്യാപ്റ്റൻ പോലും ആവാൻ കഴിയാതെ പോയ ലക്ഷ്മിപ്രിയയ്ക്ക് ഷോയുടെ ടൈറ്റിൽ വിന്നർ ആവാൻ കഴിയുമോ എന്നത് കണ്ടറിഞ്ഞു കാണണം.
ധന്യ മേരി വർഗീസ്
എഴുപതു ദിവസത്തോളം മൃദുവായി പ്രതികരിച്ചും സെയ്ഫ് ഗെയിം കളിച്ചു മാത്രം ബിഗ് ബോസ് ഹൗസിന് അകത്ത് നിന്ന മത്സരാർത്ഥിയാണ് ധന്യ മേരി വർഗീസ്. ഫിസിക്കൽ ടാസ്കുകളിലെ മികവ് ധന്യയുടെ പോസിറ്റീവ് വശമാണ്.

എന്നാൽ, നോമിനേഷനിൽ നിൽക്കുമ്പോൾ ധന്യ കാണിക്കുന്ന ഭയവും ആത്മവിശ്വാസക്കുറവും പലപ്പോഴും വുമൺ കാർഡ് കളിക്കുന്നതുമൊക്കെ നെഗറ്റീവായി മാറിയിട്ടുണ്ട്. പലകാര്യങ്ങളും നേരിട്ട് അഭിപ്രായം പറയാതെ, മാറിനിന്ന് പരദൂഷണം പറഞ്ഞ ധന്യയുടെ മുഖംമൂടി കഴിഞ്ഞ ആഴ്ചയിലെ ടാസ്കിൽ അഴിഞ്ഞുവീണതും എത്രത്തോളം ധന്യയെ നെഗറ്റീവായി ബാധിച്ചിട്ടുണ്ടെന്ന് നാളെ അറിയാം.

സൂരജ് തേലക്കാട്
സൂരജിനോളം ഭാഗ്യമുള്ള മറ്റൊരു മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ കാണില്ല. ആദ്യ 50 ദിവസങ്ങളിൽ ഷോയിൽ നിന്ന് ഔട്ടായി പോകേണ്ടിയിരുന്ന സൂരജ് നൂറു ദിവസങ്ങൾ ബിഗ് ബോസിൽ പൂർത്തിയാക്കുമ്പോൾ അത് ഭാഗ്യകടാക്ഷം മാത്രമാണെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ, ഇപ്പോൾ ഫൈനലിൽ എത്തിനിൽക്കുന്ന മത്സരാർത്ഥികളിൽ ആ സ്ഥാനത്ത് നിൽക്കാൻ യാതൊരു അർഹതയുമില്ലാത്ത മത്സരാർത്ഥിയും സൂരജ് ആണെന്ന് പറയേണ്ടി വരും. ഷോയുടെ പകുതിയോളം സെയ്ഫ് ഗെയിം കളിച്ചും മറ്റുള്ളവർ സഹതാപത്തിന്റെ പുറത്ത് കാണിക്കുന്ന അമിതമായ കരുതലിന്റെയും സ്നേഹത്തിന്റെയും മറപറ്റിയുമാണ് സൂരജ് ബിഗ് ബോസ് വീടിനകത്ത് 100 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
Read more: ബ്ലെസ്ലിയോട് യുദ്ധം പ്രഖ്യാപിച്ച് റോബിൻ; ഈ നാടകം എന്തിനെന്ന് ആരാധകർ