Bigg Boss Malayalam Season 4: ഡച്ച് ഷോയായ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയൊരുക്കിയ ലോകത്തെ ഏറ്റവും ജനപ്രിയമായൊരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വെറുമൊരു ഗെയിം ഷോ എന്നതിനേക്കാൾ ഒരു സാമൂഹിക പരീക്ഷണം (സോഷ്യൽ എക്സ്പെരിമെന്റൽ ഷോ) എന്ന നിലയിൽ കൂടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ബിഗ് ബോസിനെ നോക്കി കാണുന്നത്. കാരണം ബിഗ് ബോസ് ഷോയുടെ സവിശേഷമായ ഫോർമാറ്റ് തന്നെ. സമൂഹത്തിന്റെ പലതുറകളിൽ നിന്നുള്ള സെലബ്രിറ്റി മത്സരാർത്ഥികളെ പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ച് താമസിപ്പിക്കുകയാണ് ബിഗ് ബോസ് ഷോ.
നിരവധി ക്യാമറകളുടെയും സർവ്വവ്യാപിയായ ബിഗ് ബോസിന്റെയും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുടെയും നിരീക്ഷണ ക്യാമറകൾക്ക് നടുവിലാണ് ഈ ഹൗസ്മേറ്റ്സിന്റെ ജീവിതം. ഓരോ ദിവസവും മാനസികവും കായികവുമായ നിരവധി ടാസ്കുകളെ നേരിട്ടും ബിഗ് ബോസ് നൽകുന്ന ചുമതലകളും കടമകളും നിർവഹിച്ചും വീടിനകത്തെയും ഗെയിമിന്റെയും നിയമങ്ങൾ പാലിച്ചുകൊണ്ടുവേണം മത്സരാർത്ഥികൾ മുന്നോട്ട് പോവാൻ. നോമിനേഷനിലെത്തുന്ന മത്സരാർത്ഥികൾ ഓരോ ആഴ്ചയും വോട്ടിംഗിനെയും നേരിടേണ്ടതുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ബിഗ് ബോസ് വീട്ടിൽ നൂറു ദിവസം പൂർത്തിയാക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് ജേതാവ് ആവുക.
ലോകപ്രശസ്തമായ ഈ ടെലിവിഷൻ റിയാലിറ്റി ഷോ മലയാളത്തിലേക്ക് എത്തുന്നത് ഇത് നാലാം തവണയാണ്. രണ്ടു തവണ ബിഗ് ബോസ് മലയാളം ഷോ റിപ്പോർട്ട് ചെയ്യാനും ബിഗ് ബോസ് വീട് സന്ദർശിക്കാനുമുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. ആദ്യ തവണ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലൊരുക്കിയ ബിഗ് ബോസ് വീട് സന്ദർശിക്കാനാണ് അവസരം ലഭിച്ചത്, സീസൺ രണ്ടിന്റെ ഭാഗമായി. എന്നാൽ, ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് വീടിനകത്ത് സംഘടിപ്പിക്കപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുക്കാനും മത്സരാർത്ഥികളുമായി സംവദിക്കാനുമുള്ള അവസരം കൂടിയാണ് ലഭിച്ചത്. മുംബൈ ഫിലിം സിറ്റിയിലാണ് നാലാം സീസണു വേണ്ടി ബിഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നും എത്തിയ ക്ഷണിക്കപ്പെട്ട മാധ്യമപ്രവർത്തകരെ ആർടിപിസിആർ ടെസ്റ്റ് എടുത്തതിനു ശേഷമാണ് ലൊക്കേഷനിൽ പ്രവേശിപ്പിച്ചത്. മത്സരാർത്ഥികളെ മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു പത്രസമ്മേളനം. കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച ഒരു ചില്ല് മതിലിന് അപ്പുറവും ഇപ്പുറവുമിരുന്നായിരുന്നു മാധ്യമപ്രവർത്തകർ മത്സരാർത്ഥികളുമായി സംവദിച്ചത്.

Read more: Bigg Boss Malayalam Season 4: മത്സരാർത്ഥികളെ തേടി ബിഗ് ബോസ് വീട്ടിലെത്തിയ അതിഥികൾ
പോയവർഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് ബിഗ് ബോസ് ഷോയിൽ പ്രകടമായി കാണാം. മനുഷ്യരിലെ വ്യത്യസ്തതകളെയാണ് ഈ സീസൺ ആഘോഷിക്കുന്നത്. മനുഷ്യരിലെ വ്യത്യസ്തതകളെ ഇല്ലാതാക്കാൻ ആർക്കുമാവില്ലെന്ന് അടിവരയിടുന്ന ബിഗ് ബോസ് വ്യത്യസ്തകളാണ് ഈ ലോകത്തെ കളറാക്കുന്നതെന്നും ഓർമ്മപ്പെടുത്തുന്നു. ന്യൂ നോർമൽ വ്യക്തിത്വങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സീസണിൽ മത്സരിക്കാനെത്തുന്നത്. 17 മത്സരാർത്ഥികൾ, ഓരോരുത്തരും കാഴ്ചപ്പാടുകളിലും ഇഷ്ടങ്ങളിലും സമീപനങ്ങളിലും ആഗ്രഹങ്ങളിലും ജീവിതപരിസരങ്ങളിലും വളരെ വ്യത്യസ്തരായവർ.
തന്നിലെ വ്യത്യസ്തത തിരിച്ചറിഞ്ഞ്, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ മത്സരാർത്ഥികളിൽ പലരും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നേയില്ല എന്നതാണ് ഏറ്റവും പോസിറ്റീവായി തോന്നിയ കാര്യം. കാലാകാലങ്ങളായി പിന്തുടരുന്ന വഴികളിൽ നിന്നും മാറി കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾകൊണ്ട് മുന്നോട്ട് നടക്കുന്നവരാണ് മത്സരാർത്ഥികളിൽ നല്ലൊരു പങ്കും.
സമൂഹത്തിനു മുന്നിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നതു പോലെ ജീവിക്കാനോ സാധിക്കാതെ പോവുന്ന ഒരു വിഭാഗമാണ് പലപ്പോഴും കേരളത്തിലെ ലെസ്ബിയൻ സ്ത്രീകൾ. എൽ.ജി.ബി.റ്റി.ഐ.ക്യൂ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെ മൊത്തത്തിൽ എടുത്താലും അക്കൂട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും ദൃശ്യത കുറഞ്ഞിരിക്കുന്നത് ലെസ്ബിയൻസാണ്! ഐഡന്റിറ്റി തുറന്ന് പറഞ്ഞ മലയാളികളായ ലെസ്ബിയൻസിനെ പൊതുസമൂഹത്തിന് അത്ര പരിചയമില്ലെന്നു തന്നെ പറയാം. അത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ്, ബിഗ് ബോസ് ഷോയുടെ ഭാഗമായി, ക്വീയർ സാന്നിധ്യങ്ങളായി അപർണ മൾബറിയും ജാസ്മിൻ മൂസയും എത്തുന്നത്. ധീരമായൊരു ചുവടുവെപ്പാണ് ഇക്കാര്യത്തിൽ ബിഗ് ബോസ് കൈകൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.
മകനെ ഒറ്റയ്ക്ക് വളർത്തുന്ന സിംഗിൾ മദറായ ശാലിനി, പോരായ്മകളെ തോൽപ്പിച്ച് ജീവിതവിജയം നേടിയ സൂരജ്, അമ്മയെ പുനർവിവാഹം ചെയ്തു നൽകിയ ജാനകി, സ്വന്തം പരിശ്രമം കൊണ്ട് ഉയർന്നുവന്ന അശ്വിൻ, ബ്ലെസ്‌ലീ, ടോക്സിക് പാരന്റിംഗ് മൂലം കുട്ടിക്കാലം ദുസ്സഹമായ നിമിഷ, ഫിലോമിനയുടെ കൊച്ചുമകളും സെലബ്രിറ്റി വനിത ഫോട്ടോഗ്രാഫറുമായ ഡെയ്സി എന്നിങ്ങനെ വ്യത്യസ്തമായൊരു ജീവിതരീതിയെ പിൻതുടരുന്ന ഒരുപറ്റം മത്സരാർത്ഥികൾ. ബിഗ് ബോസ് വീട്ടിൽ ഇത്തവണ ആദ്യമായി ഒരു ഡോക്ടറും മത്സരാർത്ഥിയായുണ്ട്, ഡോ. റോബിൻ. ഒപ്പം മോഡലിങ്ങ്, അഭിനയം, ടെലിവിഷന്‍ എന്നീ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ മുഖങ്ങളും.
ഒന്നിനൊന്നു വ്യത്യസ്തരായ ഈ മത്സരാർത്ഥികൾ ബിഗ് ബോസ് നൽകുന്ന പരീക്ഷണങ്ങളെ എങ്ങനെ അതിജീവിക്കുമെന്നാണ് ഇനിയറിയേണ്ടത്. ലോകത്തിൻ കഥയറിയാതെ, സമയമറിയാതെ, പരീക്ഷണങ്ങളെയും ഏകാന്തതയേയും താണ്ടി നൂറാം നാൾ വിജയകിരീടം ചൂടുന്നത് ആരാവുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകർ.