Bigg Boss Malayalam Season 4: ബിഗ്ഗ് ബോസിന്റെ നാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. സന്തോഷ് പണ്ഡിറ്റ് മുതൽ വാവ സുരേഷ് വരെയുള്ളവരുടെ പേരുകൾ സാധ്യതാപട്ടികയിൽ ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കൊന്നും ഔദ്യോഗികമായ സ്ഥിരീകരണമില്ല.
സോഷ്യൽ മീഡിയയുടെ ബിഗ് ബോസ് ചർച്ചകളെ അഡ്രസ് ചെയ്തുകൊണ്ടുള്ള പുതിയ പ്രമോ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ. എയർപോർട്ട് ലോഞ്ചിലിരുന്ന് രണ്ടുപേർ നാലാം സീസണിലെ മത്സരാർത്ഥികളെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. മത്സരാർത്ഥികളുടെ കംപ്ലീറ്റ് ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നാണ് ഒരാളുടെ വാദം. ഇവരുടെ സംസാരം കേട്ട മോഹൻലാൽ കുസൃതിയോടെ, “ഓ… ലിസ്റ്റ് ഇതിനകം ഔട്ടായി കഴിഞ്ഞോ?” എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
മുംബൈ ഫിലിം സിറ്റിയിയിലാണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലിനുള്ള സെറ്റൊരുങ്ങുന്നത്. ആദ്യ സീസണും മുംബൈയിലെ സെറ്റിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ സീസൺ രണ്ടും മൂന്നും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഘടിപ്പിച്ചത്.
മാർച്ച് അവസാനയാഴ്ചയോടെയാണ് ഏഷ്യാനെറ്റിൽ നാലാം സീസൺ സംപ്രേക്ഷണം ചെയ്തു തുടങ്ങുക. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്.
വാവ സുരേഷ്, സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന നടി ഗായത്രി സുരേഷ്, മലയാളം പറയുന്ന അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, രാഹുൽ ഈശ്വർ, ശ്രീലക്ഷ്മി അറയ്ക്കൽ, പാല സജി, മോഡലായ ജിയ ഇറാനി, നടി അശ്വതി, നടി സുചിത്ര നായർ എന്നിവരുടെ പേരുകളാണ് പ്രധാനമായും മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.