Bigg Boss Malayalam Season 4 Latest Episode 31 March Live Online Updates: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ അഞ്ചു ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനകം തന്നെ വീടിനകത്ത് ചെറിയ ചെറിയ ഗ്രൂപ്പുകൾ രൂപപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ജാസ്മിൻ, നിമിഷ, ഡെയ്സി എന്നിവരാണ് ഇതിൽ പ്രബലമായൊരു ഗ്രൂപ്പ്. ഈ മൂവർ സംഘം ലക്ഷ്മി പ്രിയയുടെ വീടിനകത്തെ ആധിപത്യത്തെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണ്.
വീടിനകത്തെ സൗഹാർദ്ദ അന്തരീക്ഷത്തിന് ഒരൽപ്പം മങ്ങലേൽക്കുന്നതും വഴക്കുകൾ പ്രകടമാകുന്നതുമാണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. അതിന്റെ തുടർച്ച തന്നെയാണ് ഇന്നത്തെ എപ്പിസോഡിലും കാണാനാവുന്നത്.
Bigg Boss Day 05: ബിഗ് ബോസ് വീട്ടിലെ അഞ്ചാം ദിന കാഴ്ചകൾ
ആദ്യത്തെ വീക്ക്ലി ടാസ്ക് വിജയകരമായി ചെയ്തെങ്കിലും മത്സരാർത്ഥികളുടെ പകലുറക്കം, ബിഗ്ബോസ് വിളിക്കുമ്പോൾ കൃത്യസമയത്ത് വരാതെ ഇരിക്കുക തുടങ്ങിയ കാരണങ്ങൾ കണക്കിലെടുത്ത് ലക്ഷ്വറി ബജറ്റിൽ നിന്നും ആൾ വീതം 50 പോയിന്റ് ബിഗ് ബോസ് വെട്ടി കുറച്ചു. അതു കൂടാതെ, ക്യാപ്റ്റന്റെ അനുവാദമില്ലാതെ മുറിയിൽ കയറിയതിന്റെ പേരിൽ 500 പോയിന്റ് ലക്ഷ്വറി ബജറ്റിൽ നിന്നും ബിഗ് ബോസ് വെട്ടി കുറച്ചിരിക്കുകയാണ്. ക്യാപ്റ്റന്റെ മുറിയിൽ കയറിയത് ആരാണെന്ന് ലാൽ സാർ വരുമ്പോൾ നമുക്ക് മനസ്സിലാകുമല്ലോ എന്ന് മത്സരാർത്ഥികൾ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് താനായിരുന്നുവെന്ന സത്യം റോബിൻ തുറന്നു പറയുന്നത്. റോബിൻ അതിന് വിശദീകരണമായി പറയുന്നത് അകത്തുള്ളവർക്ക് ആഡംബരങ്ങൾ ഉപയോഗിക്കാം എന്ന് പറഞ്ഞപ്പോൾ ക്യാപ്റ്റന്റെ റൂമും ഉപയോഗിക്കാമെന്ന് താൻ തെറ്റിദ്ധരിച്ചു എന്നാണ്.
എന്നാൽ റോബിന്റെ വാദം മറ്റു കുടുംബാംഗങ്ങൾക്ക് അത്രക്ക് അങ്ങ് ദഹിച്ചിട്ടില്ല. തുടർന്ന്, ജാസ്മിനും റോബിനും തമ്മിൽ വലിയ വാക്കു തർക്കമുണ്ടാവുന്നു. റോബിൻ ചെയ്തത് സ്ട്രാറ്റജി ആണെങ്കിലും 500 പോയിന്റ് നഷ്ടപ്പെടുത്തിയതിന് എല്ലാവരോടും മാപ്പ് ചോദിക്കാമായിരുന്നു എന്ന് അഖിൽ പറയുന്നു. എന്ത് സ്ട്രാറ്റജി ആണെങ്കിലും ബാക്കി ഉള്ളവരെ ബാധിക്കാത്ത രീതിയിൽ വേണം കളിക്കാൻ എന്ന് നിമിഷയും ശക്തമായി തന്നെ പ്രതികരിച്ചു.
ആദ്യത്തെ ലക്ഷ്വറി ബജറ്റിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഹൗസ്മേറ്റ്സിന് കഴിഞ്ഞില്ലെന്നു വേണം പറയാൻ. ആദ്യത്തെ ലക്ഷ്വറി ബജറ്റ് ആയതുകൊണ്ടുള്ള ആശയകുഴപ്പവും ഹൗസ്മേറ്റ്സിന് ഉണ്ടായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കാനാവാതെ പോയതുകൊണ്ട് 500 പോയിന്റ് വെറുതെ കളയുകയും ചെയ്തു.

ലക്ഷ്മിപ്രിയക്ക് സുഖമില്ലെന്ന് ബ്ലസ്ലി റോബിനോട് പറയുന്നു. ലക്ഷ്മിക്ക് ശ്വാസമെടുക്കാൻ കുറച്ചു ബുദ്ധിമുട്ട് കാണിക്കുമ്പോൾ ഡോക്ടറെ വിളിക്കണോ എന്ന് ചോദിക്കുന്നു. എന്നാൽ വേണ്ടെന്നും ഒരു പ്രാണി അകത്തു പോയതാണെന്നും അതിനുശേഷം ശർദ്ദിച്ചെന്നും ലക്ഷ്മി പറയുന്നു. കുറച്ചു നേരം റസ്റ്റ് എടുത്തതിനുശേഷം ശരിയായെങ്കിലും ലക്ഷ്മിയുടെ ശബ്ദം പോയിട്ടുണ്ട്.
ഡെയ്സി അപർണയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ബ്ലസ്ലി അവർ തന്നെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് കരുതി എതിർപ്പ് പ്രകടിപ്പിക്കുന്നു. അത് വലിയ ഒരു വാക്ക് തർക്കത്തിലേക്ക് നീങ്ങുന്നു.
ജയിൽ നോമിനേഷൻ നടത്താൻ ഉള്ള അവകാശം ടാസ്ക് കഴിയുമ്പോൾ വീടിന് അകത്ത് ഉള്ളവർക്ക് മാത്രമേ ബിഗ്ബോസ് നൽകിയുള്ളൂ. അശ്വിനും ബ്ലെസ്ലിയുമാണ് ജയിലിൽ കിടക്കാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവർ. ക്യാപ്റ്റൻ ജയിലിൽ പോകേണ്ടത് കൊണ്ട് പുതിയ താൽകാലിക ക്യാപ്റ്റനായി നവീൻ ചുമതല ഏൽക്കുന്നു.
ജയിലിൽ നിയമങ്ങൾ ഇപ്രകാരമാണ്. ജയിലിൽ ബാത്ത്റൂം ഇല്ലാത്തത് കൊണ്ട് അവർക്ക് ഗാർഡൻ ഏരിയയിൽ ഉള്ള ബാത്ത്റൂം ഉപയോഗിക്കാം. എന്നാൽ അവർക്ക് ആറ് മഞ്ഞ പാസുകളും ഒരു സാൻഡ് ക്ലോക്കും കൊടുത്തിട്ടുണ്ട്. അതായത് ബാത്ത്റൂം ഉപയോഗിക്കാൻ സമയപരിധിയുണ്ടെന്ന് ചുരുക്കം.