Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ജാനകി സുധീറാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയ മത്സരാർത്ഥി. ജാനകിയ്ക്ക് പിന്നാലെ ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത് നിമിഷയാണ്. പോയവാരം താരതമ്യേന തെറ്റില്ലാത്ത പെർഫോമൻസാണ് വീടിനകത്ത് നിമിഷ കാഴ്ച വച്ചത്.
എന്നാൽ, നിമിഷ വീടിനു വെളിയിലേക്ക് അല്ല പോവുന്നത്, ബിഗ് ബോസ് ഹൗസിലെ സീക്രട്ട് റൂമിലേക്ക് അയച്ചിരിക്കുകയാണ് നിമിഷയെ. ഇക്കാര്യം വീടിനകത്തെ മത്സരാർത്ഥികൾക്ക് ഒന്നും നിലവിൽ അറിയില്ല. വീടിനകത്ത് നടക്കുന്ന സംഭവങ്ങൾ സീക്രട്ട് റൂമിലിരുന്ന് നിരീക്ഷിച്ച ശേഷം, ശക്തയായി തിരിച്ചുവരുന്ന ഒരു നിമിഷയെ ഉടനെ കാണാം എന്ന സൂചനയാണ് ബിഗ് ബോസ് നൽകുന്നത്.
നിമിഷയുടെ പടിയിറക്കം നിലവിൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ജാസ്മിനെയാണ്. രണ്ടാഴ്ച കൊണ്ടു തന്നെ ഇരുവർക്കുമിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. കണ്ണു നനഞ്ഞു കൊണ്ടാണ് ജാസ്മിൻ നിമിഷയെ യാത്രയാക്കിയത്. നിമിഷ പോയി കഴിഞ്ഞ് ബാത്ത് റൂമിൽ കയറി പൊട്ടികരയുന്ന ജാസ്മിനും സൗഹൃദത്തിന്റെ കണ്ണു നനയിക്കുന്നൊരു കാഴ്ചയായിരുന്നു. നിമിഷ സീക്രട്ട് റൂമിലാണെന്ന കാര്യം ജാസ്മിന് അറിയില്ല. അതുകൊണ്ടുതന്നെ നിമിഷ തിരികെയെത്തുമ്പോൾ ജാസ്മിന് അതൊരു സർപ്രൈസായിരിക്കും.
മോഡലിങ് രംഗത്ത് ചുവടുറപ്പിക്കുന്ന നിമിഷ, മിസ് കേരള 2021 ന്റെ ഫൈനലിസ്റ്റായിരുന്നു. തന്റെ പാഷൻ പിന്തുടരുന്നതിനോടൊപ്പം നിയമ പഠനവും മുന്നോട്ട് കൊണ്ടുപോവുകയാണ് ഈ 26-കാരി. നിമിഷ കൂടി ബിഗ് ബോസ് വീട് വിട്ടിറങ്ങിയതോടെ വീടിനകത്ത് ഇപ്പോൾ ശേഷിക്കുന്നത് 15 മത്സരരാർത്ഥികളാണ്.