Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഫൈനൽ അടുക്കാറായതോടെ മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കുകൾക്കും ഒരു കുറവുമില്ല. വിനയും ലക്ഷ്മിപ്രിയയും തമ്മിലുള്ള വഴക്കായിരുന്നു ഇന്നലത്തെ എപ്പിസോഡിന്റെ പ്രധാന കാഴ്ച. പ്രതിപക്ഷ ബഹുമാനമില്ലാതെ വളരെ മോശമായ രീതിയിലായിരുന്നു ലക്ഷ്മിപ്രിയ വിനയുമായി തർക്കിച്ചത്.
റിയാസ് കൂടി ചോദ്യം ചെയ്തതോടെ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന ലക്ഷ്മിപ്രിയയെ ആണ് പ്രേക്ഷകർ കണ്ടത്. രോഷാകുലയായ ലക്ഷ്മിപ്രിയ വിനയിയെ നോക്കി തുപ്പുകയും ചെയ്തു. ലക്ഷ്മിപ്രിയയുടെ ഈ ചെയ്തികൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയാണ്. ലക്ഷ്മിപ്രിയയുടെ ചെയ്തികളെ വിമർശിച്ച് ട്രോളന്മാരും രംഗത്തുണ്ട്.

അവസാന ആഴ്ചയിൽ വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ, ഈ ഷോയിലൂടെ നിങ്ങൾ പ്രേക്ഷകരിലേക്ക് പകരാൻ ഉദ്ദേശിക്കുന്ന മൂല്യം എന്താണെന്ന് എല്ലാവരോടും തിരക്കിയിരുന്നു. താൻ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് സനാതന ധർമത്തിലെ അടിസ്ഥാനമൂല്യങ്ങളാണ് എന്നായിരുന്നു ലക്ഷ്മിപ്രിയ മോഹൻലാലിന് മറുപടി നൽകിയത്. ലക്ഷ്മിപ്രിയയുടെ ഈ വാക്കുകൾ കടമെടുത്താണ് ട്രോളന്മാരും ലക്ഷ്മിയെ വിമർശിക്കുന്നത്.
എന്തായാലും, സഹമത്സരാർത്ഥികളോടുള്ള ലക്ഷ്മിപ്രിയയുടെ ഈ പെരുമാറ്റത്തെ വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ സംസാരവിഷയമാക്കുമോ എന്ന് കണ്ടറിയണം.