Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിലേക്ക് കടക്കുമ്പോൾ മത്സരവും കാഠിന്യമേറിയതാവുകയാണ്. മത്സരാർത്ഥികൾക്കിടയിലെ വാക് പോരുകളും ഏറ്റുമുട്ടലുകളുമൊക്കെ നിത്യകാഴ്ചയായി മാറുകയാണ്. റിയാസ്- ലക്ഷ്മിപ്രിയ കൊമ്പു കോർക്കലുകളാണ് പലപ്പോഴും ബിഗ് ബോസ് വീടിനകത്ത് വലിയ ബഹളൾക്ക് കാരണമാവുന്നത്.
ലക്ഷ്മിപ്രിയയെന്ന മത്സരാർത്ഥിയിലെ സ്ത്രീവിരുദ്ധ, ട്രാൻസ്വിരുദ്ധ സമീപനങ്ങളും ടോക്സിക് സ്വഭാവവുമാണ് പലപ്പോഴും റിയാസ് ചൂണ്ടികാണിക്കുന്നത്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാതെ റിയാസിനെ വ്യക്തിപരമായ രീതിയിൽ അധിക്ഷേപിക്കുന്ന ലക്ഷ്മിപ്രിയയെ ആണ് ഏതാനും ദിവസങ്ങളായി പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു വാക്കേറ്റത്തിനിടയിൽ “ജന്മനാ നിന്നെ പോലെയുള്ളവര്‍ ചിലര്‍ ഉണ്ട്, അത് മാനിഫാക്ചറിങ് ഡിഫറ്റ് ആണ്,” എന്നും ലക്ഷ്മി പറയുകയുണ്ടായി. ലക്ഷ്മിയുടെ വാക്കുകളോട് എതിർപ്പ് പ്രകടിപ്പിച്ച് ദില്‍ഷയും ധന്യയും ബ്ലെസ്ലിയും വിഷയത്തില്‍ ഇടപ്പെട്ടെങ്കിലും മാപ്പ് പറയാൻ തയ്യാറാവാതെ തന്റെ വാക്കുകളെ ന്യായീകരിയ്ക്കുകയായിരുന്നു ലക്ഷ്മിപ്രിയ.
സമൂഹമാധ്യമങ്ങളിലും ലക്ഷ്മിപ്രിയയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. “വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത്. ഒരു ഷോ എന്ന് കരുതി തള്ളികളയാൻ പറ്റുന്ന കാര്യങ്ങളല്ല ലക്ഷ്മിപ്രിയ എന്ന ടോക്സിക് സ്ത്രീ റിയാസിനോട് കാണിക്കുന്നത്. ഇവർ നിന്നെപ്പോലെ ഉള്ള എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത് ഇന്നീ ലോകത്തിലെ മുഴുവൻ മൈനോരിറ്റി മനുഷ്യരെ കൂടിയാണ്. ആരാണ് ഈ സ്ത്രീക്ക് തോന്നിവാസം പറയാൻ ലൈസൻസ് കൊടുത്തത്? സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസൺ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യൻ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്. ഇവിടത്തെ മനുഷ്യർ പ്രതികരിക്കും. ഇത് ജനാതിപത്യ രാജ്യമാണ്, അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും കാണിച്ചു കൂട്ടാനുള്ള ലൈസൻസ് അല്ല. ആ വീട്ടിൽ 2 മാസം അടച്ചു മൂടി കിടന്നാൽ മന കട്ടി ഇല്ലാത്തവർക്ക് ഇത്തിരി പ്രശ്ങ്ങൾ ഉണ്ടാകും, അത് ചികിൽസിച്ചു നേരെ ആക്കണം അല്ലതെ ഇമ്മാതിരി ടോക്സിസിറ്റി വാരി വിതറാൻ അനുവദിക്കരുത്,” എന്നാണ് ഈ വിഷയത്തിൽ ആക്റ്റിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ദിയ സന പ്രതികരിച്ചത്.
ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിന്റെ മറ്റൊരു ഘട്ടത്തിൽ, വീണ്ടും റിയാസിനെ ലക്ഷ്യം വച്ച് തന്നെയാണ് ലക്ഷ്മിപ്രിയ കളിച്ചത്. ബിഗ് ബോസ് നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വീട്ടിലെ സഹമത്സരാർത്ഥികളിൽ നിന്നും ഒരാളെ തിരഞ്ഞെടുപ്പിച്ച് അവരെ കൊണ്ട് പച്ചമുളക് കഴിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ടാസ്കിനിടെ ഏറ്റവും കൂടുതൽ മുളകുകൾ കഴിക്കേണ്ടി വന്നത് റിയാസും ലക്ഷ്മിപ്രിയയുമാണ്. ടാസ്ക് ടൈമിൽ റിയാസിനെ പ്രകോപ്പിച്ചു കൊണ്ടിരുന്നെങ്കിലും ടാസ്ക് കഴിഞ്ഞതോടെ ലക്ഷ്മിപ്രിയ ഡൗണായി. അതിനിടയിൽ ലക്ഷ്മിപ്രിയയ്ക്ക് കഴിക്കാൻ തണ്ണിമത്തനും കൊണ്ട് എത്തിയത് റോൺസൻ ആണ്. കഴിക്കാൻ വിസമ്മതിച്ച ലക്ഷ്മിപ്രിയയെ ‘ചേച്ചിയിത് കഴിച്ചാലേ ഞാനിവിടുന്ന് പോവൂ’ എന്ന് സ്നേഹത്തോടെ റോൺസൻ നിർബന്ധിക്കുന്നത് കാണാമായിരുന്നു.
ആരും കെയർ ചെയ്യാതിരുന്ന സമയത്ത് റോൺസൺ കാണിച്ച സ്നേഹവും കരുതലും ലക്ഷ്മിപ്രിയയെ വൈകാരികമായി സ്പർശിക്കുകയും എണീറ്റ് റോൺസനെ കെട്ടിപ്പിടിച്ച് കരയുകയുമാണ് ലക്ഷ്മിപ്രിയ ചെയ്തത്. ലക്ഷ്മിപ്രിയ ഒന്നു കൂളാവുന്നതു വരെ സമാധാനിപ്പിക്കാൻ റോൺസനും മറന്നില്ല. ബുധനാഴ്ചയിലെ എപ്പിസോഡിലെ ഏറ്റവും ഹൃദയസ്പർശിയായൊരു മുഹൂർത്തമായിരുന്നു അത്.
എന്നാൽ, രംഗവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ബിഗ് ബോസ് വീട്ടിൽ പലപ്പോഴും റോൺസനെ ഏറ്റവുമധികം കുറ്റപ്പെടുത്തിയിട്ടുള്ളതും റോൺസനെ പ്രാകിയിട്ടുള്ളതുമായ വ്യക്തി ലക്ഷ്മിപ്രിയയാണ്. “ഇത്രയൊക്കെ നിങ്ങൾ പ്രാകിയിട്ടും നിങ്ങൾക്കൊരു വിഷമം വന്നപ്പോൾ സഹായിക്കാൻ ആ മനുഷ്യൻ മാത്രമല്ലേ ഉണ്ടായുള്ളൂ,” എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ലക്ഷ്മിപ്രിയയോട് ചോദിക്കുന്നത്.
“ലക്ഷ്മിപ്രിയ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആളാണ് റോൺസൺ. റോൺസന്റെ തലമുറ വരെ നശിച്ചു പോകണം എന്നും അയാളുടെ കൈയിൽ മുറിവ് വന്നപ്പോളും സന്തോഷിച്ച ആളാണ് ഈ ‘കുലസ്ത്രീ’. അയാളെയാണ് കെട്ടിപ്പിടിച്ചു കരയുന്നത്. അവർക്ക് ഒരു പ്രശ്നം വന്നപ്പോ സമാധാനിപ്പിക്കാൻ ആ മനുഷ്യൻ തന്നെ വേണ്ടി വന്നു. ഇതാണ് എല്ലാം തിരിച്ചുകിട്ടുമെന്ന് പറയുന്നത്, കർമ്മ എന്നൊന്നുണ്ട്,” എന്നാണ് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു പ്രേക്ഷകൻ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ നിരവധി പ്രതികരണങ്ങളാണ് ലക്ഷ്മിപ്രിയയ്ക്ക് എതിരെ ഉയരുന്നത്.
അതിനിടയിൽ, വളരെ നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടിൽ ഇന്നലെ അരങ്ങേറിയത്. പറഞ്ഞുപോയത് പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ ലക്ഷ്മിപ്രിയ വീട്ടിൽ പോവണമെന്ന് വാശി പിടിക്കുകയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കാൻ ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തു. കൺഫെഷൻ റൂമിലെത്തിയ ലക്ഷ്മിപ്രിയ അവിടെയും തന്റെ ചെയ്തികളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.