Bigg Boss Malayalam Season 4: വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ നടന്നത്. സാധാരണ ഒരു മത്സരാർത്ഥിയ്ക്ക് രണ്ടുപേരെ നോമിനേറ്റ് ചെയ്യാനുള്ള അവസരം നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തവണ, ബിഗ് ബോസ് ആദ്യം തന്നെ രണ്ടുപേരുള്ള ടീമുകളായി മത്സരാർത്ഥികളെ തിരിക്കുകയാണ് ചെയ്തത്. അതിനുശേഷം ഓരോ ടീമിലെയും മത്സരാർത്ഥികളോട് പരസ്പരം സംസാരിച്ച് തീരുമാനത്തിലെത്തിയതിനു ശേഷം ഏകകണ്ഠേന ഒരാളെ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഏകകണ്ഠേന തീരുമാനത്തിലെത്താൻ കഴിയാതെ പോയ ടീമിലെ രണ്ടുപേരെയും നേരിട്ട് നോമിനേഷനിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
റിയാസ്- അപർണ, ബ്ലെസ്ലി- സുചിത്ര, സൂരജ്-ധന്യ, വിനയ്-ലക്ഷ്മിപ്രിയ, റോബിൻ-ദിൽഷ, ജാസ്മിൻ- റോൺസൺ എന്നിവരായിരുന്നു ടീമുകൾ. അപർണ, ബ്ലെസ്ലി, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, റോബിൻ, ദിൽഷ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ളത്. ക്യാപ്റ്റനായ അഖിലിനെ ആർക്കും നോമിനേറ്റ് ചെയ്യാൻ അവകാശമില്ലാത്തതിനാൽ ഈ ആഴ്ച അഖിൽ നോമിനേഷനിലില്ല.
നോമിനേഷൻ പ്രക്രിയയ്ക്ക് ഇടയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രണ്ടുപേർ റോൺസനും ജാസ്മിനുമായിരുന്നു. പരസ്പരം വിട്ടുകൊടുക്കാനുള്ള മനസ്സാണ് ആദ്യം മുതൽ ഇരുവരും സ്വീകരിച്ചത്. “ജാസ്മിനെ നോക്കികൊള്ളണം എന്ന് എന്നോട് ആവശ്യപ്പെട്ടിട്ടാണ് നിമിഷ ഇവിടെ നിന്നും പോയത്, അത് ഞാൻ നിമിഷയ്ക്ക് കൊടുത്ത വാക്കാണ്, അതിനാൽ ജാസ്മിൻ ഇവിടെയുണ്ടാവണം,” എന്ന വാക്കുകളോടെ ജാസ്മിനെ സേവ് ആക്കി സ്വയം നോമിനേഷൻ സ്വീകരിക്കുകയാണ് റോൺസൻ ചെയ്തത്. എന്നാൽ റോൺസനെ നോമിനേറ്റ് ചെയ്യാൻ ജാസ്മിൻ ആദ്യം തയ്യാറായില്ല, ‘ഞാൻ നോമിനേറ്റ് ചെയ്ത് നിങ്ങൾ പുറത്തുപോയാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല, ഇവിടെ നിൽക്കാൻ അർഹതയുള്ള മത്സരാർത്ഥികൾ പുറത്തുപോവുന്നുണ്ട്, നിമിഷയുടെ കാര്യം ഞാൻ കണ്ടതാണ്, അതുകൊണ്ട് റോൺസൻ ഇവിടെ തന്നെയുണ്ടാവണം,” എന്നായിരുന്നു ജാസ്മിന്റെ വാദം. ജാസ്മിനെ പറഞ്ഞു സമ്മതിപ്പിക്കാൻ ഏറെ പാടുപെടുന്ന റോൺസനെയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്. ഒടുവിൽ, മനസ്സില്ലാമനസ്സോടെ റോൺസന്റെ വാക്കുകൾ ജാസ്മിൻ അംഗീകരിച്ചു.
എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് തനിക്കു നൽകിയ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് റോൺസനെയും സേവ് ചെയ്യുന്ന ജാസ്മിനെയാണ് പിന്നെ കണ്ടത്. നന്ദി പറഞ്ഞ റോൺസനോട് “You saved me I saved You” എന്നാണ് ജാസ്മിൻ പറഞ്ഞത്.
ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ നിലനിൽപ്പിന് സഹായിക്കുന്ന ലൈഫ് ലൈൻ എന്ന് വിശേഷിപ്പിക്കാവുന്ന നോമിനേഷൻ ഫ്രീ കാർഡ് ഒന്നും നോക്കാതെ റോൺസനു വേണ്ടി ചെലവഴിച്ച ജാസ്മിനെ അഭിനന്ദിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകരും. “സ്വാർത്ഥതയുടെ മൂർത്തിമത് ഭാവങ്ങൾ നിറഞ്ഞാടുന്ന ബിഗ് ബോസ് ഹൗസിൽ വിട്ട് കൊടുക്കൽ അധികം ഉണ്ടാവാറില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്ന ആളാണ് ജാസ്മിൻ, അവൾ അത്രമേൽ റിയലും ജനുവിനുമാണ്,” എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.
“ബിഗ്ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണ് ജാസ്മിൻ നൽകിയ നോമിനേഷൻ ഫ്രീ കാർഡ് സ്വീകരിച്ചു കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്ന റോൻസന്റെയും ജാസ്മിന്റെയും ചിത്രം. ഒരു പക്ഷേ വിലക്കെടുത്ത പി ആർ ടീമുകൾ രൂപപ്പെടുത്തിയെടുത്ത, ഒരു വ്യാജ പൊതുബോധ നിർമ്മിതിയുടെ ചെകിട്ടത്തേറ്റ കനത്ത പ്രഹരം കൂടിയാണ് അവരുടെ ചുണ്ടിലെ പുഞ്ചിരി,” എന്നാണ് മറ്റൊരു ബിഗ് ബോസ് പ്രേക്ഷകൻ കുറിച്ചത്.