Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ അഞ്ചു ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. ചിലർ തമ്മിൽ ശത്രുക്കളായി മാറിയപ്പോൾ, മറ്റുചിലർക്കിടയിൽ ശക്തമായ സൗഹൃദം ഉടലെടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ ഇതിനകം കണ്ടത്. ബിഗ് ബോസ് വീട്ടിൽ പരസ്പരം ശത്രുതയുള്ള രണ്ടുപേർ ആരെന്ന ചോദ്യത്തിന് ജാസ്മിനും റോബിനുമെന്നാവും പ്രേക്ഷകർ ഒറ്റ സ്വരത്തിൽ ഉത്തരമേകുക. റോബിൻ അത്ര കാര്യമായി എടുക്കുന്നില്ലെങ്കിലും റോബിനോട് വല്ലാത്തൊരു വൈരാഗ്യം തന്നെ മനസ്സിൽ കൊണ്ടു നടക്കുന്നയാളാണ് ജാസ്മിൻ.
എന്തു ചെയ്തും ഗെയിം ജയിക്കുക എന്ന റോബിന്റെ ഗെയിം സ്ട്രാറ്റജിയോടാണ് ജാസ്മിന് എതിർപ്പ്. ഗെയിമിനും അതിന്റേതായൊരു ജെനുവിനിറ്റി വേണമെന്നാണ് ജാസ്മിന്റെ വാദം. ആദ്യ ആഴ്ചയിലെ പാവ ടാസ്കിനിടെ നിമിഷയിൽ നിന്നും റോബിൻ പാവ തട്ടിപ്പറിച്ചിടത്തു നിന്നുമാണ് ജാസ്മിന് റോബിനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങുന്നത്. അന്നുമുതൽ റോബിന്റെ നീക്കങ്ങളെയെല്ലാം വിമർശനത്തോടെയാണ് ജാസ്മിൻ സമീപിക്കുന്നത്. എവിക്ഷൻ എപ്പിസോഡുകളിലും മറ്റുമായി റോബിനോടുള്ള അഭിപ്രായ ഭിന്നത ജാസ്മിൻ തുറന്നു പറഞ്ഞിട്ടുണ്ട്. റോബിനോടുള്ള ശത്രുത മാറ്റിവച്ച് ഗെയിം കളിക്കാൻ ഡെയ്സിയും ദിൽഷയും നിമിഷയുമടക്കമുള്ള സഹമത്സരാർത്ഥികൾ പലപ്പോഴും ജാസ്മിനെ ഉപദേശിച്ചതുമാണ്. പക്ഷേ അപ്പോഴും തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ജാസ്മിൻ.
എന്നാൽ ഇപ്പോൾ, സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. അപ്രതീക്ഷിതമായി റോബിനു മുന്നിലെത്തിയ ജാസ്മിൻ റോബിനെ കെട്ടിപ്പിടിക്കുകയായിരുന്നു. ജാസ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ അപ്രതീക്ഷിതമായ നീക്കം ഡോക്ടര് റോബിനേയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് ജാസ്മിന് എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് പ്രേക്ഷകർ. ഇത് ഘടികാരങ്ങൾ നിലച്ച സമയം എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. എന്തായാലും, ശത്രുത മറന്ന് ആരോഗ്യകരമായൊരു സൗഹൃദം റോബിനും ജാസ്മിനും ഇടയിൽ വളർന്നാൽ അത് വരും ദിവസങ്ങളിൽ ഗെയിമിനെ കൂടുതൽ രസകരമാക്കുമെന്ന് പറയാതെ വയ്യ.