Bigg Boss Malayalam Season 4: ബിഗ് ബോസിന്റെ നാലാം സീസൺ തുടങ്ങാൻ ഇനി ഒരു ദിനം മാത്രം ബാക്കി. മുംബൈ ഫിലിം സിറ്റിയിലെ ബിഗ് ബോസ് സെറ്റ് അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യും.
ഈ സീസണിലെ മത്സരാർത്ഥികൾ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകർ. ഈ വർഷവും മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഒരു സിനിമാ താരമുണ്ടാകുമെന്ന സൂചന ഏഷ്യാനെറ്റ് ഇതിനകം സോഷ്യൽ മീഡിയയിലൂടെ നൽകി കഴിഞ്ഞു.
ബിഗ് ബോസ് ആദ്യ സീസണിൽ ശ്വേത മേനോൻ, ശ്രീലക്ഷ്മി ശ്രീകുമാർ, ഹിമ ശങ്കർ, അനൂപ് ചന്ദ്രൻ, അദിതി രവി, സാബുമോൻ തുടങ്ങിയവർ സിനിമാ മേഖലയിൽനിന്നും പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ രജിനി ചാണ്ടി, സാജു നവോദയ, വാണ നായർ, തെസ്നി ഖാൻ, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങൾ. മൂന്നാം സീസണിൽ നോബി മർക്കോസ്, മണഇക്കുട്ടൻ, മിഷേൽ ആൻ ഡാനിയേൽ, സജ്ന ഫിറോസ്, ഫിറോസ് ഖാൻ, രമ്യ പണിക്കർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങൾ ബിഗ് ബോസ് ഹൗസിൽ എത്തിയേക്കും. പക്ഷേ അതാരൊക്കെയാണെന്ന് അറിയാൻ ദിവസങ്ങൾ ഇനിയും കാത്തിരിക്കണം. മാർച്ച് 27 മുതൽ തിങ്കൾ – വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.