Bigg Boss Malayalam Season 4: ബിഗ് ബോസിന്റെ നാലാമത്തെ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരോക്കെയായിരിക്കും മത്സരാര്‍ഥികള്‍ എന്ന ആകാംഷയിലാണ് ആരാധകര്‍. പല സാമൂഹിക പ്രവര്‍ത്തകരുടേയും പ്രമുഖരുടേയും പേരുകള്‍ പട്ടികയിലുണ്ടെന്ന പ്രവചനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
എന്നാല്‍ തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. തന്റ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഒമര്‍ ഇക്കാര്യം അറിയിച്ചത്. “പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31 ന് തുടങ്ങണം, പിന്നെ മേയില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല. ഓഡീഷനിലേക്ക് വിളച്ചതിന് നന്ദി ബിഗ് ബോസ്,” ഒമര്‍ കുറിച്ചു.
സമാനമായ വെളിപ്പെടുത്തലുമായി സമൂഹ മാധ്യമങ്ങളിലെ താരമായ പാലാ സജിയും എത്തിയിരുന്നു. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ ഭാഗമായതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നായിരുന്നു സജിയുടെ വിശദീകരണം. പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും സജി കൂട്ടിച്ചേര്‍ത്തു.
മാർച്ച് 27 മുതൽ തിങ്കൾ മുതല്‍ വെള്ളി വരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ ഒന്‍പത് മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരക വേഷത്തിലെത്തുന്നത്. ലാലിന് പകരം അവതാരകനായി സുരേഷ് ഗോപിയെത്തുമെന്നും ചില പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.