Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലെ ഈ സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. ഷോ നാലാം വാരത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ആൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് കലാകാരന്‍, കൃഷി, അധ്യാപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ മണികണ്ഠൻ തോന്നയ്ക്കൽ ആണ് ബിഗ് ബോസ് സീസൺ 4ലെ പതിനെട്ടാം മത്സരാർത്ഥിയായി രംഗപ്രവേശനം നടത്തിയിരിക്കുന്നത്.
സാധാരണക്കാർക്കിടയിൽ നിന്നൊരാൾ എന്ന അടിസ്ഥാനത്തിലാണ് മലയാളം അദ്ധ്യാപകൻ കൂടിയായ മണികണ്ഠനെ ബിഗ് ബോസ് വീട്ടിൽ എത്തിച്ചിരിക്കുന്നത്. വളരെ ആവേശത്തോടെയാണ് മോഹൻലാൽ പുതിയ മത്സരാർത്ഥിയെ സ്വാഗതം ചെയ്തത്. നിലവിലെ മത്സരാർത്ഥികൾക്ക് ഇടയിലേക്ക് മണികണ്ഠനെ പോലൊരാൾ എത്തുന്നതിനെ കുറിച്ചുൾപ്പെടെ മോഹൻലാൽ പറഞ്ഞിരുന്നു.
ബിഗ് ബോസ് വീട് കാണാനെത്തിയ ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് മണികണ്ഠനെ ആദ്യം മറ്റു മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. ആക്ടിവിറ്റി ഏരിയയിലേക്ക് മത്സരാർത്ഥികളെ വിളിച്ച ശേഷം, ഓരോരുത്തരോടായി ഇതുവരെയുള്ള പ്രകടനം സംബന്ധിച്ച അഭിപ്രായങ്ങൾ പറഞ്ഞാണ് മണികണ്ഠൻ തുടങ്ങിയത്. പിന്നീട് വീടുകാണാൻ കയറി. അവിടെ അവരോടൊപ്പം കൂടുകയായിരുന്നു.
ഇതുവരെയുള്ള ബിഗ് ബോസ് കാഴ്ചകൾ കണ്ടെത്തിയ മണികണ്ഠനോട് ഗെയിം പ്ലാൻ എന്തായിരിക്കുമെന്ന് മോഹൻലാൽ ചോദിച്ചു. കള്ളം പറയുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഇഷമല്ലെന്നും അടുക്കള നന്നായാൽ കുടുംബം നന്നായെന്നും സ്ത്രീത്വം മുതലെടുക്കുന്നവർക്കെതിരെ പ്രതികരിക്കുമെന്നെല്ലാം മണികണ്ഠൻ വ്യക്തമാക്കി.
മത്സരാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ഉപയോഗം കുടുതൽ ആണെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ ബിഗ് ബോസ് ഹൗസിൽ കയറിയപ്പോൾ തന്നെ ഞങ്ങൾ മനഃപൂർവം ഇംഗ്ലീഷ് സംസാരിക്കുന്നവരല്ലെന്ന ജാമ്യം നിമിഷയും ജാസ്മിനും എടുത്തു. ഇതിനിടയിൽ മലയാളം അറിയില്ലെങ്കിൽ മലയാളം ബിഗ് ബോസിൽ വരരുതെന്ന പരാമർശം ചെറിയ ഒരു വാക്ക്പോരിലേക്കും നയിച്ചിരുന്നു.
എന്തായാലും ശക്തമായ ഒരു മത്സരാർത്ഥിയില്ല എന്നാൽ ജാസ്മിനും റോബിനും ഓരോ ആഴ്ചകളിൽ നന്നായി കളിക്കുന്നുണ്ട് എന്ന അഭിപ്രായവുമായെത്തിയ മണികണ്ഠന്റെ വരവ് ബിഗ് ബോസ് വീടിനെ എങ്ങനെ ബാധിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ അറിയാം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ന്യൂജെൻ മത്സരാർത്ഥികൾക്കിടയിലേക്ക് മണികണ്ഠൻ എത്തുമ്പോൾ ബിഗ് ബോസ് വീട് പുതിയ പല സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചേക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.