Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇനി 12 മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. ജാനകി സുധീർ, ശാലിനി, അശ്വിൻ എന്നിവർക്കു പിറകെ നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡും കൂടി ഇന്ന് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഗെയിം തുടരാനാവാതെ പുറത്തുപോയിരുന്നു.
ജാസ്മിൻ മൂസ, റോൺസൺ, ദിൽഷ, ധന്യ, സുചിത്ര, അഖിൽ, സൂരജ്, ഡോ റോബിൻ, നിമിഷ, ലക്ഷ്മിപ്രിയ, അപർണ, ബ്ലെസ്ലി എന്നിവരാണ് ഇനി വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ഫൈനൽ ഫൈവിലെത്തുക? ആ ചോദ്യത്തിന് ഷോയിൽ നിന്നും പടിയിറങ്ങിയ നവീൻ പറയുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
” എന്റെ അഭിപ്രായത്തിൽ റോൺസൺ, ജാസ്മിൻ, ലക്ഷ്മിപ്രിയ, ദിൽഷ, ഡെയ്സി എന്നിവരാണ് ഫൈനൽ ഫൈവിലെത്താൻ സാധ്യതയുള്ളവർ,” എന്നാണ് നവീൻ പറഞ്ഞത്. എല്ലാ കാര്യങ്ങളും തലയിലേക്ക് എടുത്ത് വച്ച് പിന്നെ കരയുന്ന സ്വഭാവം ലക്ഷ്മിപ്രിയയ്ക്ക് ഉണ്ടെന്നും എങ്കിലും ഫൈനൽ ഫൈവിലെത്താൻ സാധ്യതയുണ്ടെന്ന് താൻ കരുതുന്ന ആളാണ് ലക്ഷ്മിപ്രിയയെന്നും നവീൻ വ്യക്തമാക്കി.
എന്നാൽ നവീൻ ഡെയ്സിയുടെ പേര് പറഞ്ഞതാണ് ട്രോളന്മാർ ഇപ്പോൾ ആഘോഷമാക്കുന്നത്. നവീനു തൊട്ടു പിന്നാലെ ഡെയ്സിയും ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇത് അറിയാതെയാണ് നവീൻ അഭിമുഖത്തിൽ സംസാരിച്ചത്.
വല്ലാത്ത പ്രവചനമാണല്ലോ, ടോപ്പ് ഫൈവിൽ അഞ്ചാമത് ഡെയ്സിയോ, നിങ്ങൾക്ക് രണ്ടാൾക്കും അടുത്തടുത്ത സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട് നാട്ടിലേക്ക്, കൺഫ്യൂഷൻ അടിക്കണ്ട ഡെയ്സി വന്നോണ്ടിരിക്കുന്നുണ്ട് നിങ്ങടെ റൂമിന്റെ അപ്പുറത്ത് ഉണ്ട് എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകൾ.