Bigg Boss Malayalam Season 4: ബിഗ് ബോസ് സീസൺ 4 അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള മത്സരവും ചൂടു പിടിക്കുകയാണ്. ഫൈനലിലേക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രിയായി വീടിനകത്തെത്തിയ വിനയ് മാധവ് ആണ് ഈ ആഴ്ച ഔട്ടായിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലേക്ക് നാൽപതാം ദിവസമാണ് വൈൽഡ് കാർഡ് എൻട്രിയായി വിനയ് മാധവും റിയാസ് സലീമും എത്തിയത്. തന്റെ നിലപാടുകളിൽ യാതൊരു വിട്ടു വീഴ്ചയും ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വിനയ് ബിഗ് ബോസ് വീട്ടിലെത്തിയത്, എത്തിയതിന് ശേഷമുള്ള ആദ്യ എലിമിനേഷൻ മുതൽ സ്ഥിരമായി എവിക്ഷൻ പ്രക്രിയയിൽ വന്ന മത്സരാർഥിയാണ്.
വിനയ്ക്കൊപ്പം ധന്യ മേരി വർഗീസ്, റോൺസൺ വിൻസന്റ് എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. ഇതിനു മുൻപ് ഒരിക്കെ മാത്രം നോമിനേഷനിൽ വന്ന വ്യക്തിയാണ് ധന്യ. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട ധന്യക്ക് നോമിനേഷൻ മുക്തി എന്ന സവിശേഷത ഉണ്ടെങ്കിൽ അടുത്ത ആഴ്ചയും എലിമിനേഷനിൽ വരാതെ ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
17 പേരുമായി ആരംഭിച്ച ഷോയിലേക്ക് പല ഘട്ടങ്ങളിലായി 3 വൈൽഡ് കാർഡ് എൻട്രികളും എത്തിയിരുന്നു. നോമിനേഷനിലെ കൊഴിഞ്ഞുപോക്കുകൾക്ക് അവസാനം ഇപ്പോൾ ഏഴു പേരാണ് ബിഗ് ബോസ് വീടിനകത്ത് ശേഷിക്കുന്നത്. റോൺസൺ വിൻസെന്റ്, റിയാസ് സലിം, ദിൽഷ പ്രസന്നൻ, മുഹമ്മദ് ബ്ലെസ്ലി, സൂരജ് തേലക്കാട്, ധന്യ മേരി വർഗീസ്, ലക്ഷ്മി പ്രിയ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള മത്സരാർത്ഥികൾ. ഇതിൽ ടിക്കറ്റ് റ്റു ഫിനാലെ കാർഡ് നേടി ദിൽഷ ഇതിനകം തന്നെ ഫൈനൽ ഫൈവിലേക്ക് പ്രവേശനം നേടി കഴിഞ്ഞു. ഇനിയൊരു നോമിനേഷൻ പ്രക്രിയ കൂടി മാത്രമാണ് ബാക്കിയുള്ളത്. അതു കഴിഞ്ഞാൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുകയാണ് മത്സരാർത്ഥികൾ. ആരാവും ഈ സീസണിലെ വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Also Read: ഞങ്ങൾ പിരിയാൻ കാരണം നിമിഷയല്ല, വെറുതെ അവളെ ഇതിലേക്ക് വലിച്ചിഴക്കരുത്; ജാസ്മിനും മോണിക്കയും പറയുന്നു