Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ ആദ്യ എലിമിനേഷൻ. ജാനകി സുധീർ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്. മുൻ സീസണുകളിൽ ആദ്യ ആഴ്ച എലിമിനേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പതിവിനു വിപരീതമായി ആദ്യ ആഴ്ച തന്നെ എലിമിനേഷൻ നടത്തിരിക്കുകയാണ് ഈ സീസണിൽ.
ബിഗ് ബോസ് വീടിനകത്ത് തന്റെ സാന്നിധ്യം തെളിയിക്കാൻ ജാനകിയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടാൻ കഴിയാത്തതാണ് വോട്ടിംഗിൽ ജാനകിയെ പിന്നിലാക്കിയതെന്നാണ് ലഭിക്കുന്ന സൂചന.
നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന ‘ഹോളി വൗണ്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
അതേസമയം, ഇപ്പോൾ എലിമിനേറ്റ് ചെയ്യപ്പെട്ടാലും കഴിഞ്ഞ സീസണിൽ രമ്യ പണിക്കർ തിരികെയെത്തിയതുപോലെ വൈൽഡ് കാർഡ് എൻട്രിയായി ജാനകി തിരികെയെത്താൻ സാധ്യതയുണ്ടെന്നാണ് മറ്റൊരു വിലയിരുത്തൽ. ബിഗ് ബോസ് ഹൗസായതു കൊണ്ട് അപ്രതീക്ഷിതമായി എന്തും സംഭവിക്കാമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.