Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ രണ്ടു ശക്തരായ മത്സരാർത്ഥികളായിരുന്നു ജാസ്മിൻ എം മൂസയും ഡോക്ടർ റോബിൻ രാധാകൃഷ്ണനും. പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കുമ്പോഴും രണ്ടു ധ്രുവങ്ങളിലായിരുന്നു ഇരുവരും. നൂറു ശതമാനം റിയലായി നിന്ന്, മത്സരബുദ്ധിയോടെ ഫെയർ ഗെയിം കളിച്ചും കൂസലില്ലാതെ നിലപാടുകൾ ഉറക്കെ വിളിച്ചുപറഞ്ഞുമാണ് ജാസ്മിൻ എം മൂസ ഷോയിൽ മുന്നേറിയത്. അതേസമയം, എട്ടു മാസത്തോളം ഗെയിമിനു വേണ്ടി പ്ലാൻ ചെയ്ത് വീടിനകത്തെത്തിയ റോബിൻ ടാസ്കുകളിലൊക്കെ മോശം പ്രകടനമാണ് കാഴ്ച വച്ചത്, വ്യാജ വ്യക്തിത്വമാണ് താൻ വീടിനകത്ത് കാഴ്ചവയ്ക്കുന്നത് എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന റോബിൻ സ്ക്രീൻ ടൈമിനുവേണ്ടി വീടിനകത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു മത്സരാർത്ഥി കൂടിയാണ്.
ബിഗ് ബോസ് വീടിനകത്ത് പലകുറി തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ള രണ്ടുപേർ കൂടിയാണ് റോബിനും ജാസ്മിനും. റോബിന്റെ വ്യാജമായ മുഖം മൂടി പൊളിച്ചടുക്കാൻ ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു ജാസ്മിൻ. സഹമത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ആക്രമിച്ച റോബിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. റോബിനെ ബിഗ് ബോസ് വീടിനകത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജാസ്മിൻ ഷോയിൽ നിന്നും വാക്കൗട്ട് നടത്തിയിരുന്നു.
“എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും ആ ഇരയെ മോശമായി ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായും മാനസികമായും മാനസികമായും ക്ഷീണിതയാണ്”, എന്നാണ് കൺഫെഷൻ റൂമിലെത്തിയ ജാസ്മിൻ ബിഗ് ബോസിനോട് പറഞ്ഞത്.
“തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരിക,” എന്നായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. അതനുസരിച്ച് ജാസ്മിൻ ബിഗ് ബോസിൽ നിന്നും പടിയിറങ്ങുകയായിരുന്നു. “അങ്ങാടിയിൽ തോറ്റതിന് അമ്മയോട്” എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിച്ചട്ടിയും സ്വന്തം ചെടിച്ചട്ടിയും എറിഞ്ഞു പൊട്ടിച്ചു. പിന്നാലെ സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ട് സിനിമാ സ്റ്റൈലിലായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്.
ഇപ്പോഴിതാ, റോബിനെയും ഷോയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ബിഗ് ബോസ് വീടിനോട് ചേർന്നുള്ള സീക്രട്ട് റൂമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു റോബിനെ. തെറ്റുപറ്റിയെന്നും ഒരു അവസരം കൂടി തരണമെന്നും കഴിഞ്ഞ ദിവസം റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ, റോബിന് ബിഗ് ബോസ് സെക്കന്റ് ചാൻസ് നൽകുമെന്നും റോബിൻ ഈ ആഴ്ച വീടിനകത്തേക്ക് തിരികെയെത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു റോബിൻ ഫാൻസ്. എന്നാൽ, റോബിൻ ആരാധകരെ നിരാശരാക്കി കൊണ്ട് റോബിൻ രാധാകൃഷ്ണൻ ഷോ വിട്ടിറങ്ങാൻ നിർബന്ധിതനായിരിക്കുകയാണ്.
അതേസമയം, ജാസ്മിൻ മുൻപ് റോബിനോട് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. “റോബിൻ… ജാസ്മിൻ ഈ ഷോയിൽ നിന്നും പോവുന്നുണ്ടെങ്കിൽ എന്റെ പിന്നാലെ പെട്ടിയും തൂക്കി റോബിൻ രാധാകൃഷ്ണനും വന്നിരിക്കും,” എന്നായിരുന്നു ജാസ്മിൻ റോബിനോട് പറഞ്ഞത്. ആ വാക്കുകൾ സത്യമായിരിക്കുകയാണ് ഇപ്പോൾ.