scorecardresearch

വിമാനത്താവളത്തിൽ വച്ച് പൊട്ടിക്കരഞ്ഞ ആരാധികയെ കാണാനെത്തി ഡോ. റോബിൻ; വീഡിയോ

“ബിഗ് ബോസ് ചതിച്ചതാ ഡോക്ടറെ…ബിഗ് ബോസ് സ്ക്രിപ്റ്റഡാ… ആ ലാലേട്ടൻ പറ്റിച്ചതാ,” എന്നൊക്കെ കരഞ്ഞുകൊണ്ട് ക്യാമറയ്ക്കു മുൻപിൽ പ്രതികരിച്ച പെൺകുട്ടിയുടെ വീഡിയോ ഏറെ വൈറലായിരുന്നു

Bigg Boss malayalam 4, Robin, Robin Fans video, Dr. Robin Radhakrishnan

Bigg Boss Malayalam 4: ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ്‌ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിൻ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. അതിനുപിന്നാലെ വിമാനത്താവളത്തിൽ വച്ച് അതിവൈകാരികമായി പ്രതികരിച്ച ഒരു പെൺകുട്ടിയുടെ വീഡിയോയും വൈറലായിരുന്നു. “ബിഗ് ബോസ് ചതിച്ചതാ ഡോക്ടറെ…ബിഗ് ബോസ് സ്ക്രിപ്റ്റഡാ… ആ ജാസ്മിനെ കൂടെ കൂടെ മെഡിക്കൽ റൂമിലേക്ക് വിളിച്ചിട്ട് അവന്മാര് കൊടുത്തതായിരിക്കും ഇത്. ജാസ്മിൻ ഇറങ്ങിയാൽ മാത്രമെ ഡോക്ടർ അവിടൂന്ന് ഇറങ്ങുള്ളൂ എന്ന ഇൻഫോർമോഷൻ കൊടുത്തതു കൊണ്ടാ അവൾ ഇറങ്ങിയത്, അല്ലെങ്കിൽ അവൾ ഇറങ്ങൂല. ആ ലാലേട്ടൻ പറ്റിച്ചതാ” കരഞ്ഞുകൊണ്ട് പെൺകുട്ടി ക്യാമറകൾക്ക് മുൻപിൽ പ്രതികരിച്ചത് ഇങ്ങനെ.

ഇപ്പോഴിതാ, ആ പെൺകുട്ടിയെ കാണാൻ പോയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഡോ റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ.

“ഇത് അമ്മുവാണെ”ന്ന് വീഡിയോയിലൂടെ പെൺകുട്ടിയെ പരിചയപ്പെടുത്തിയ റോബിൻ, അവർക്ക് നേരെയുള്ള സൈബർ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും. അയാളുടെ വികാരം മനസിലാക്കണമെന്നും അപമാനിക്കരുതെന്നും വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

വിമാനത്താവളത്തിൽ എത്തിയ അമ്മുവിനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പ്രതികരിച്ച പെൺകുട്ടി ബിഗ് ബോസിന്റെ സംഘാടകരും മോഹൻലാലും ചേർന്ന് റോബിനെ പുറത്താക്കിയതാണെന്നും ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്നും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മുവിന് എതിരെയുള്ള ട്രോളുകളും പരിഹാസ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഒട്ടും പ്രതീക്ഷിക്കാതെ തന്റെ വീട്ടിൽ എത്തിയ റോബിനെ കണ്ടപാടെ കെട്ടിപിടിച്ചാണ് അമ്മു സ്വീകരിച്ചത്. അമ്മുവിനെ ചേർത്ത് നിർത്തി റോബിൻ, കരച്ചിൽ കണ്ട് തനിക്കും കരച്ചിൽ വന്നെന്നും ഹാപ്പി ആയിട്ട് ഇരിക്കുവെന്നും പറയുന്നത് വീഡിയോയിൽ കാണാം.

തന്റെ കട്ട ആരാധികയെ നേരിട്ടെത്തി കാണുകയും അവർക്ക് നേരെയുള്ള സൈബർ ആക്രമണം ഒഴിവാക്കാൻ മുന്നോട്ട് വരുകയും ചെയ്ത റോബിന് കയ്യടിക്കുകയാണ് റോബിൻ ഫാൻസ്‌ ഇപ്പോൾ. ഒരുപാട് പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 dr robin meets his hardcore fan ammu video