Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനകത്ത് വഴക്കും അടിപിടിയുമെല്ലാം സർവസാധാരണമാണ്. ഈ ആഴ്ചയിലെ വീക്ക്ലി ടാസ്കും അടിപിടിയിൽ കലാശിച്ചിരിക്കുകയാണ് ഇപ്പോൾ.
രാജഭരണമാണ് ബിഗ് ബോസ് ഇത്തവണ നൽകിയ ടാസ്ക്. റിയാസിനായിരുന്നു രാജാവിന്റെ റോൾ ബിഗ് ബോസ് നൽകിയത്. ധന്യ, ദിൽഷ എന്നിവർ റാണിമാരും. ബാക്കിയെല്ലാവരും പ്രജകളും ഭൃത്യന്മാരുമൊക്കെയാണ്. അതിൽ നിന്നും റോൺസനെ ഭടനായും ജാസ്മിനെ മന്ത്രിയായും സൂരജിനെ വിദൂഷകനായും റോബിനെ അംഗരക്ഷകനായും റിയാസും ധന്യയും ദിൽഷയും കൂടി തിരഞ്ഞെടുത്തു.
ടാസ്ക് കഴിഞ്ഞ് അധികസമയം കഴിയും മുൻപുതന്നെ, റിയാസിന്റെ കഴുത്തിൽ കിടന്ന രാജാധികാരത്തെ പ്രതിനിധീകരിക്കുന്ന മാലയും ലോക്കറ്റും റോബിൻ കൈക്കലാക്കുകയും അതുമായി ഓടി ബാത്ത്റൂമിൽ കയറി ഒളിക്കുകയും ചെയ്തു. അതോടെ ടാസ്ക് പാതിവഴിയിൽ നിന്നു പോവുകയും റിയാസും റോൺസനും ദിൽഷയും ജാസ്മിനും അടക്കമുള്ള മത്സരാർത്ഥികൾ പുറത്തിറങ്ങി വരാൻ റോബിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റോബിൻ പുറത്തിറങ്ങാൻ തയ്യാറായില്ല.
അതിനിടയിൽ, റോബിനെ പുറത്തിറക്കാൻ ജാസ്മിൻ ബാത്ത് റൂമിലേക്ക് ഹിറ്റ് അടിച്ചുവെന്നാണ് റോബിൻ പറയുന്നത്. ഹിറ്റല്ല, എയർ ഫ്രഷ്നർ ആണ് താൻ അടിച്ചതെന്നും ജാസ്മിൻ പറയുന്നുണ്ട്. ഇക്കാര്യത്തിൽ വീട്ടിലുള്ളവർക്കും ഒരു വ്യക്തതയില്ല.ഒടുവിൽ ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയ റോബിൻ റിയാസിനോട് കയർക്കുകയും റിയാസിനെ തള്ളിമാറ്റുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്നതും ലൈവിൽ കാണിക്കുന്നുണ്ട്.
ഫിസിക്കല്‍ അറ്റാക്ക് എന്നത് ബിഗ് ബോസ് ഷോയില്‍ അനുവദനീയമായ കാര്യമല്ല. സഹമത്സരാർത്ഥികളെ കായികമായി നേരിടുന്നവരെ ഷോയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം ബിഗ് ബോസിനുണ്ട്. രണ്ടാം സീസണിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളകുതേച്ച സംഭവത്തിൽ ഡോക്ടർ രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. സീസൺ മൂന്നിൽ ഫിറോസ് -സജിന ദമ്പതികളെയും നിയമലംഘനത്തിന്റെ പേരിലാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത്. റോബിൻ തന്നെ തല്ലിയെന്ന പരാതി റിയാസ് ഉന്നയിക്കുന്ന സാഹചര്യത്തിൽ റോബിനെതിരെ ആക്ഷൻ എടുക്കാൻ ബിഗ് ബോസ് നിർബന്ധിതനാവും. അങ്ങനെയെങ്കിൽ. റോബിനും ഷോ വിട്ട് ഇറങ്ങേണ്ടി വരുമോ എന്നാണ് പ്രേക്ഷകർക്ക് ഉറ്റുനോക്കുന്നത്. മുൻപും നിയമലംഘനത്തിന്റെ പേരിൽ പലപ്പോഴായി മോഹൻലാൽ വാണിംഗ് നൽകിയൊരു മത്സരാർത്ഥിയാണ് റോബിൻ. എന്നാൽ ഇത്തവണ, ഒരു അവസരം കൂടി റോബിനു ലഭിക്കുമോ എന്ന് കണ്ടറിയണം.
അതേസമയം, ജാസ്മിൻ ബാത്ത്റൂമിലിരിക്കുന്ന റോബിനു നേരെ ഹിറ്റ് പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അതും ശിക്ഷ ലഭിക്കുന്ന കാര്യമാണ്. ഒരാളുടെ ജീവൻ തന്നെ അപകടത്തിലാക്കാവുന്ന ഒരു പ്രവൃത്തിയാണ് ജാസ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. നിലവിൽ ബിഗ് ബോസിലെ ഏറ്റവും ശക്തരായ, ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ രണ്ടുപേരായ റോബിനും ജാസ്മിനും എതിരെ ബിഗ് ബോസ് എന്ത് ആക്ഷനാണ് കൈകൊള്ളുക എന്നത് അറിയാൻ വീക്ക്ലി എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.