Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 13 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യ ആഴ്ച സൈലന്റായിരുന്ന മത്സരാർത്ഥികളിൽ പലരും രണ്ടാം വാരത്തിലേക്ക് കടന്നതോടെ മികച്ച ഫോമിലായിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ദിൽഷ, ബ്ലെസ്‌ലി, അഖിൽ എന്നിവർ.
ഭാഗ്യപേടകം ടാസ്കിൽ 24 മണിക്കൂർ ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ, ഉറങ്ങാതെ, ബാത്ത് റൂമിൽ പോവാതെ ചിലവിട്ട് റെക്കോർഡ് സൃഷ്ടിക്കുകയും ഗെയിമിൽ വിന്നർ ആവുകയും ചെയ്താണ് ബ്ലെസ്‌ലി പ്രേക്ഷകരുടെ ശ്രദ്ധ കവർന്നത്. ഒപ്പം, ഡോക്ടർ റോബിന്റെ സ്ട്രാറ്റജികളെ പൊളിച്ചടുക്കുന്ന മാസ്സ് ഡയലോഗ് കാഴ്ച വയ്ക്കുകയും ചെയ്തു. തന്റെ അഭിപ്രായങ്ങൾ വളരെ ക്ലാരിറ്റിയോടെ തന്നെ തുറന്നു പറയാനും ബ്ലെസ്‌ലി ശ്രമിക്കുന്നുണ്ട്. ആദ്യ ആഴ്ചയിലെ പെർഫോമൻസ് വച്ച് നോക്കുമ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് ബ്ലെസ്‌ലി എന്നു പറയാതെ വയ്യ.
പ്രകടമായ മാറ്റം കാണാൻ കഴിയുന്ന മറ്റൊരു മത്സരാർത്ഥി ദിൽഷയാണ്. ആദ്യ ദിവസങ്ങളിൽ ആരോടും വഴക്കിനോ ബഹളത്തിനോ ഒന്നും പോവാതെ വളരെ സൈലന്റായിരുന്ന ഒരാളാണ് ദിൽഷ. സൗമ്യമായ പെരുമാറ്റം കൊണ്ട് വീടിനകത്ത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട എല്ലാവരുടെയും പെറ്റായ പെൺകുട്ടി. സെൽഫി ടാസ്കിൽ ദിൽഷ തന്റെ ജീവിതകഥ പറഞ്ഞപ്പോഴാണ്, ദിൽഷയുടെ സൗമ്യമായ പെരുമാറ്റം ഗെയിം സ്ട്രാറ്റജിയൊന്നുമല്ല, ആളുടെ സ്വാഭാവികമായ സ്വഭാവസവിശേഷതയാണ് എന്ന് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മനസ്സിലായത്.

കുടുംബവുമായി ഏറെ മാനസിക അടുപ്പമുള്ള, വളരെ ഹോംലി ആയൊരു പെൺകുട്ടിയാണ് ദിൽഷ. ജീവിതത്തിൽ വലിയ പരുക്കൻ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ പ്രതികൂലമായ സാഹചര്യങ്ങൾ വന്നാൽ താനെങ്ങനെ പെരുമാറുമെന്ന് തനിക്ക് തന്നെ നിശ്ചയമില്ലെന്ന് ദിൽഷ തുറന്നു പറഞ്ഞിരുന്നു.
എന്നാൽ, പ്രേക്ഷകർ കരുതുന്നതുപോലെ അയ്യോ പാവം കുട്ടി മാത്രമല്ല താനെന്നും വേണ്ടിടത്ത് വേണ്ട രീതിയിൽ പെരുമാറാൻ നന്നായി അറിയാവുന്ന ആളാണെന്നും ദിൽഷ തെളിയിച്ചിരിക്കുകയാണ്. ഗെയിമിന്റെ കാര്യം വരുമ്പോൾ പുലിക്കുട്ടിയാവുന്ന ദിൽഷയെ ആണ് ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിയുക. മാലയോഗം ടാസ്ക്, വീക്ക‌്‍ലി ടാസ്ക്, ക്യാപ്റ്റൻസി ടാസ്ക് എന്നിവയിലെല്ലാം കിടിലൻ പെർഫോമൻസ് ആണ് ദിൽഷ കാഴ്ചവച്ചത്. ക്യാപ്റ്റൻസി ടാസ്കിലെ ദിൽഷയുടെ വേഗതയും സ്പോർട്സ്മാൻ സ്പിരിറ്റും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. സഹ മത്സരാർത്ഥികളായ അപർണയും നിമിഷയും തന്ന ടാസ്ക് പകുതിയാക്കിയപ്പോഴേക്കും ഊരാകുടുക്ക് അഴിച്ച് ദിൽഷ ടാസ്കിൽ വിന്നറായി കഴിഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ചയിലെ ക്യാപ്റ്റൻ പട്ടവും അതിലൂടെ ദിൽഷ സ്വന്തമാക്കിയിരിക്കുകയാണ്.
ഗെയിമിൽ മാത്രമല്ല, തനിക്ക് നേരെ ലവ് സ്ട്രാറ്റജി ഇറക്കുന്നവരെയും പ്രപ്പോസ് ചെയ്യുന്നവരെയുമെല്ലാം വരച്ച വരയിൽ നിർത്താനും ദിൽഷയ്ക്ക് സാധിക്കുന്നുണ്ട്. ലവ് സ്ട്രാറ്റജി ഇറക്കുന്ന ഡോക്ടർ റോബിനോടുള്ള ദിൽഷയുടെ സമീപനമൊക്കെ കയ്യടി നേടുന്നതാണ്. സൗഹൃദത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് കടക്കാൻ റോബിനെ ദിൽഷ അനുവദിക്കുന്നേയില്ല. ഒരു കാര്യമെനിക്ക് ക്ലിയർ ചെയ്യാനുണ്ട്, ഡോക്ടർക്ക് എന്നോട് പ്രണയമൊന്നുമില്ലല്ലോ എന്നു മുഖത്തു നോക്കി ചോദിച്ച് അക്കാര്യത്തിലൊരു ക്ലാരിറ്റി വരുത്തുന്നുണ്ട് ദിൽഷ.
അതേസമയം, ദിൽഷയോട് ക്രഷ് ഉണ്ടെന്ന് ഓപ്പണായി പ്രഖ്യാപിച്ച ബ്ലെസ്‌ലിയുമായുള്ള ഇടപെടലിലും ദിൽഷയുടെ മിടുക്ക് പ്രകടമാണ്. ക്രഷ് തോന്നുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം എന്നു സമ്മതിച്ചു കൊടുന്ന ദിൽഷ, തനിക്ക് തിരിച്ചൊരു ഇഷ്ടമില്ലെന്ന കാര്യം തുറന്നു തന്നെ പറഞ്ഞിട്ടുണ്ട്.
ദേഷ്യമോ വാശിയോ വയ്ക്കാതെ വളരെ സൗഹാർദ്ദപരമായിട്ടാണ് ബ്ലെസ്‌ലിയോടും ദിൽഷ പെരുമാറുന്നത്. നിലപാടുകളിലുള്ള ക്ലാരിറ്റിയും എല്ലാവരോടുമുള്ള സൗഹാർദ്ദപരമായ സമീപനവും തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റും ദിൽഷയുടെ ജനപ്രീതി കൂട്ടിയിട്ടുണ്ട്.