Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ ഇത് മത്സരാർത്ഥികളുടെ 12-ാമത്തെ ആഴ്ചയാണ്. ഫൈനലിലേക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ തന്നെ ടാസ്കുകളും കടുക്കുകയാണ്. പതിവിനു വിപരീതമായി ഈ ആഴ്ചയിലെ വീക്ക്ലി ടാസ്ക് ഇന്നലെ രാത്രി തന്നെ ആരംഭിച്ചു.
മാനസികമായും ശാരീരികമായും കടുത്ത പരീക്ഷണം നൽകുന്നൊരു ടാസ്കാണ് ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയത്. മത്സരാർത്ഥികൾക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത്, തൂണുകളിൽ മത്സരാർഥികളുടെ ഭാരത്തിന് ആനുപാതികമായി വെള്ളം നിറച്ച ബക്കറ്റും അതിനു താഴെയായി ഹാൻഡിലും നൽകി. ബക്കറ്റിൽ നിന്ന് വെള്ളം വീഴാൻ അനുവദിക്കാതെ, ഹാൻഡിലിന്റെ പിടിയിൽ നിന്ന് കൈവിടാതെ, കൈ മടക്കാതെ ഏറ്റവുമധികം സമയം നിൽക്കുന്ന ആളുകൾ ടാസ്കിൽ വിജയിയാവും, അതാണ് വീക്ക്ലി ടാസ്കിന്റെ ഭാഗമായി ലഭിച്ച ആദ്യ ടാസ്ക്.
വിനയ്, ബ്ലെസ്ലി, റോൺസൺ, ലക്ഷ്മിപ്രിയ, ദിൽഷ, സൂരജ് എന്നിവരെല്ലാം പുറത്തായതിനു ശേഷം ഗെയിമിൽ ശേഷിച്ചത് റിയാസും ധന്യയുമാണ്. ഏഴ് മണിക്കൂർ 46 മിനിറ്റ് നിന്നെങ്കിലും റിയാസിനെ ഭാഗ്യം തുണച്ചില്ല, ബക്കറ്റിൽ നിന്നും വെള്ളം താഴേക്ക് ഒഴുകുകയും റിയാസ് പുറത്താവുകയും ചെയ്തു. ഏഴ് പോയിന്റാണ് റിയാസിനു കിട്ടിയത്. എട്ട് പോയിന്റ് കിട്ടിയ ധന്യയാണ് ടാസ്കിൽ വിജയിയായത്.
ധന്യയെ അഭിനന്ദിച്ചുകൊണ്ട് ഭർത്താവും നടനുമായ ജോൺ ജേക്കബ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിന്നെയോർത്ത് അഭിമാനിക്കുന്നു എന്റെ പ്രണയമേ, ബിഗ് ബോസ് ഹൗസിനുള്ളിലെ ഏഴുപേരെയും പിന്തള്ളി 7.45 മണിക്കൂർ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയർ ഗെയിം കളിച്ചു അന്തസായി വീക്ക്ലി ടാസ്ക് ജയിച്ചു നിൽക്കുന്ന നിനക്കു ചക്കര ഉമ്മ. ടാസ്ക് നീ പൊളിച്ചടുക്കി. നീയെത്ര ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.. അഭിനന്ദനങ്ങൾ,” എന്നാണ് ജോൺ കുറിച്ചത്.