scorecardresearch

Bigg Boss Malayalam Season 4: മത്സരാർത്ഥികളെ തേടി ബിഗ് ബോസ് വീട്ടിലെത്തിയ അതിഥികൾ

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ പ്രവർത്തകർ ബിഗ് ബോസ് വീട്ടിലെത്തി മത്സരാർത്ഥികളുമായി സംവദിക്കുന്നത്

Bigg Boss Malayalam Season 4: മത്സരാർത്ഥികളെ തേടി ബിഗ് ബോസ് വീട്ടിലെത്തിയ അതിഥികൾ

Bigg Boss Malayalam Season 4, Press meet with Contestants: ഓരോ സീസണിലും ഏറെ വ്യത്യസ്തതകൾ ബിഗ് ബോസിൽ കാണാൻ കഴിയും. നാലാം സീസണിന്റെ രണ്ടാം ദിവസം തന്നെ മത്സരാർത്ഥികൾക്കായി ഏറെ വ്യത്യസ്തമായ വലിയൊരു സർപ്രൈസ് ബിഗ് ബോസ് കാത്തുവച്ചിരുന്നു. കേരളത്തിൽ നിന്നെത്തിയ മാധ്യമസംഘവുമായി ഒരു വാർത്താസമ്മേളനം. കേരളത്തിലെ പ്രമുഖ ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ പ്രവർത്തകർ ബിഗ് ബോസ് വീട്ടിലെത്തി മത്സരാർത്ഥികളുമായി സംവദിക്കുന്നത്.

മത്സരാർത്ഥികൾക്ക് ഒരു ടാസ്ക് എന്ന നിലയിൽ മുൻകൂട്ടി അറിയിക്കാതെയായിരുന്നു വാർത്താസമ്മേളനം. കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച ഒരു ചില്ല് മതിലിന് അപ്പുറവും ഇപ്പുറവുമിരുന്നായിരുന്നു മാധ്യമപ്രവർത്തകർ മത്സരാത്ഥികളുമായി സംവദിച്ചത്. ബിഗ് ബോസ് വീട്ടിലെ 17 മത്സരാർത്ഥികളും തങ്ങൾ ഈ സീസണിനെ എങ്ങനെയാണ് നോക്കികാണുന്നതെന്നും പ്രതീക്ഷകളും വീടിനുള്ളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതും മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു.

ബിഗ് ബോസിൽ എന്നും വലിയ സംസാരവിഷയമായിട്ടുള്ള ഭക്ഷണത്തെ സംബന്ധിച്ചായിരുന്നു ആദ്യ ചോദ്യം. കൂട്ടത്തിലെ ഏറ്റവും വലിയ ഭക്ഷണപ്രിയനായ റോൺസണ് നേർക്കായിരുന്നു മാധ്യമപ്രവർത്തകന്റെ ആദ്യ ചോദ്യമെത്തിയത്. റോൺസൺ ബിഗ് ബോസിൽ ഭക്ഷ്യക്ഷാമം നേരിടുമോ എന്നായിരുന്നു ചോദ്യം. അത് എന്തായാലും സംഭവിക്കും എന്നായിരുന്നു റോൺസന്റെ പ്രതികരണം. “ബിഗ് ബോസ് നിലവിൽ കുറച്ചു സാധനങ്ങൾ തന്നിട്ടുണ്ട്. അത് രണ്ടു ദിവസത്തേക്കാണ് ഞാൻ കരുതുന്നത്. എത്ര ദിവസത്തേക്കാണെന്ന് അവർ പറയും. ഭക്ഷണം കിട്ടാതെ വന്നാൽ പൂർവികരെ പോലെ അടിയൊക്കെ ഉണ്ടായേക്കും,” റോൺസൺ കൂട്ടിച്ചേർത്തു.

രണ്ടാമത്തെ ചോദ്യം, ബിഗ് ബോസ് വീട്ടിലെ ഇത്തവണത്തെ കോമഡി താരങ്ങളായ കുട്ടി അഖിലിനോടും സൂരജ് തേലക്കാടിനോടും ആയിരുന്നു. മുൻ സീസണുകളിൽ കോമഡി താരങ്ങൾ ചിരിപ്പിക്കുന്നില്ല എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു, അതിനെ എങ്ങനെയാണ് നേരിടാൻ ഉദ്ദേശിക്കുന്നത് എന്നതായിരുന്നു ചോദ്യം. എന്നും ഓരോ കഥാപാത്രങ്ങളായി കൃത്യമായ സ്ക്രിപ്റ്റോടെ ചിരിപ്പിക്കാൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ള തങ്ങൾ അതൊന്നും ഇല്ലാതെ കയ്യിൽ നിന്ന് ഇട്ടാണ് ഇവിടെ എല്ലാം ചെയ്യുന്നതെന്നും കിട്ടുന്ന ഓരോ അവസരത്തിലും പ്രേക്ഷകരെ രസിപ്പിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്നും കുട്ടി അഖിൽ മറുപടി നൽകി. രണ്ടുപേർ ഉള്ളത് കൊണ്ട് തന്നെ ഒരാളുടെ പൊളിഞ്ഞാൽ മറ്റേയാൾക്ക് മനസിലാകുമെന്നും അത് നല്ല കാര്യമാണെന്നും അഖിൽ പറഞ്ഞു. സ്ക്രിപ്റ്റില്ലാത്തതിൽ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നായിരുന്നു സൂരജിന്റെ മറുപടി. എന്നാൽ ഉടൻ തന്നെ രണ്ടു പേരുടെയും വിറ്റുകൾ ഇതുവരെ പൊളിഞ്ഞിട്ടില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. അതിനെ ആവേശത്തോടെയാണ് ഇരുവരും സ്വീകരിച്ചത്.

പിന്നീട് ചോദ്യമെത്തിയത് ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ മജീഷ്യനായ മത്സരാർത്ഥി അശ്വിൻ വിജയുടെ അടുത്തായിരുന്നു. വീട്ടിലെ മറ്റു അംഗങ്ങളെ മാജിക്ക് കാണിച്ച് അമ്പരപ്പിക്കാനാണോ വരവ് എന്നായിരുന്നു ചോദ്യം. അതിന് രസകരമായ മറുപടി ആയിരുന്നു അശ്വിൻ നൽകിയത്. മാജിക്കിന്റെ സാധനങ്ങൾ എല്ലാം വാങ്ങിവച്ചു അതിനാൽ ക്യാരറ്റോ വല്ലതും വച്ച് ചെയ്യണം. മെന്റലിസം പോലെ എന്തെങ്കിലും ട്രൈ ചെയ്യണം എന്നുമുണ്ടായിരുന്നു എന്നാൽ ഇവരെ ചെയ്യാൻ പോയാൽ എനിക്ക് മെന്റലാവും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും അശ്വിൻ പറഞ്ഞു.

അതിനിടയിലാണ് കൂട്ടത്തിൽ മസിൽ പിടിച്ചിരിക്കുന്ന ജിം ട്രെയിനർ ജാസ്മിൻ എം മൂസയെ ഒരു മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചത്. ഉടൻ തന്നെ എന്താണ് മസിൽ പിടിച്ചിരിക്കുന്നത് എന്നാണ് ചോദ്യം വന്നത്. പിടിക്കാൻ മസിൽ ഇല്ലെന്നും മണാലിയിൽ ഒരു വർഷമായി വെക്കേഷൻ ആസ്വദിക്കുന്നതിന് ഇടയിലാണ് ബിഗ് ബോസ് വിളി വന്നതെന്നും അത്കൊണ്ട് പിടിക്കാൻ മസിൽ ഇല്ലെന്നും ഉള്ള സമയത്ത് ആരും വിളിച്ചില്ല എന്നായിരുന്നു മറുപടി.

സോഷ്യൽ മീഡിയ താരങ്ങളായ അപർണ മൾബറി, റോബിൻ എന്നിവരോട് ആയിരുന്നു അടുത്ത ചോദ്യം. മൂന്ന് മാസക്കാലം സോഷ്യൽ മീഡിയ ഇല്ലാതെ എങ്ങനെ മാനേജ് ചെയ്യുമെന്നായിരുന്നു ചോദ്യം. തങ്ങളിലെ പച്ചയായ മനുഷ്യനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ആണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നാണ് ഇരുരും മറുപടി നൽകിയത്. സോഷ്യൽ മീഡിയയിൽ ഒരു നിയന്ത്രണത്തോടെ നമ്മളെ കാണിക്കുമ്പോൾ ഇവിടെ അതുണ്ടാവില്ലെന്ന് അപർണ പറഞ്ഞു. സിനിമയിലും സീരിയലിലും വിവിധ കഥാപാത്രങ്ങളായി പ്രേക്ഷകർ കണ്ട താൻ ശരിക്കും എന്താണെന്ന് ആയിരിക്കും ഇവിടെ കാണാൻ പോകുന്നത് എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നടി ധന്യ മേരി വർഗീസ് നൽകിയ മറുപടി.

ബിഗ് ബോസ് വീട്ടിലെ മാതാപിതാക്കളായ മത്സരാർത്ഥികൾ എല്ലാവരും തന്നെ മക്കളെ മിസ് ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികൾക്ക് അറിയാം ജോലിയാണെന്ന്. അവർക്ക് സന്തോഷമാണ് ബിഗ് ബോസിലേക്ക് താൻ വരുന്നത് എന്നായിരുന്നു നവീന്റെ മറുപടി. കുട്ടിക്ക് കൈയ്ക്ക് പരുക്ക് പറ്റി ഇരിക്കുമ്പോഴാണ് വന്നത് അതിന്റെ ടെൻഷൻ ഉണ്ട്. അതല്ലാതെ ജോലിയുടെ ഭാഗമായി കുറച്ചു നാൾ ഒക്കെ മാറിനിന്നിട്ടുള്ളതിനാൽ വലിയ പ്രശ്നമുണ്ടാകില്ലെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. എട്ട് വയസായ മകൻ അത്യാവശ്യം കാര്യങ്ങൾ മനസിലാകുന്ന ആളാണെന്നും ഞാൻ ഉടൻ വരാൻ അല്ല പോകുന്നതെന്നും ജോലിയുടെ ഭാഗമാണെന്ന് മനസിലാക്കാൻ അവൻ കഴിയുമെന്നുമായിരുന്നു ധന്യ പറഞ്ഞത്.

എന്നാൽ കുറച്ചു വൈകാരികമായിട്ടായിരുന്നു സിംഗിൾ മദറായ ശാലിനിയുടെ മറുപടി. ഡിവോർസി ആണെന്ന് അറിയുമ്പോൾ ചിലരുടെ പെരുമാറ്റം പേടിച്ച് തന്റെ മകന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഈ വേദിയിലാണ് താനത് പറയുന്നതെന്നും പറഞ്ഞ് മകൻ ഒന്നരവയസുകാരൻ ഉണ്ണിക്കുട്ടനെ പരിചയപ്പെടുത്തിയ ശാലിനി. അവന് വേണ്ടിയാണ് താൻ ഇവിടെ വന്നതെന്നും മകൻ ഹീറോയാവണമെന്നുമായിരുന്നു ശാലിനിയുടെ പ്രതികരണം.

മത്സരത്തിന്റെ സ്ട്രെറ്റർജി സംബന്ധിച്ച് മോഡലായ നിമിഷയോട് ചോദിച്ചപ്പോൾ തനിക്ക് അങ്ങനെയൊന്നുമില്ല കൂട്ടത്തിൽ അങ്ങനെ ഒന്നുള്ളത് ഡോ . റോബിൻ ആണ് എന്നായിരുന്നു മറുപടി. മാസങ്ങളോളം പ്രെഡിക്ഷൻ നടി മത്സരാർത്ഥികൾ ആവാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവരുടെ ചരിത്രമുൾപ്പെടെ പഠിച്ചാണ് റോബിൻ എത്തിയത് എന്നായിരുന്നു ടീമിലുള്ളവരുടെമിക്കവരുടെയും പ്രതികരണം. തനിക്ക് സ്ട്രാറ്റജി ഒന്നുമില്ല എന്നാൽ തന്നെപോലെ സാധാരണക്കാരനായ ഒരാൾക്ക് എളുപ്പത്തിൽ എത്താൻ പറ്റാത്ത ഇടമായതിനാൽ അവിടേക്ക് എത്തുമ്പോൾ ആവശ്യമായ തയ്യാറെടുപ്പ് വേണം അതാണ്‌ ചെയ്തത് എന്നാണ് റോബിൻ അതിനോട് പ്രതികരിച്ചത്.

വിവിധ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോളും തങ്ങൾ താങ്ങളായി തന്നെ നിൽക്കാനാണ് ശ്രമിക്കുക എന്ന് ഓരോ മത്സരാർത്ഥികളും പറയുന്നു. പ്രത്യേക സ്ട്രാറ്റജി ഒന്നുമില്ലെന്ന് വ്യക്തമാക്കുന്നതോടൊപ്പം അതിലൊക്കെ കൂടുതൽ വ്യക്തത വരാൻ കുറച്ചു ദിവസങ്ങൾ കൂടി കഴിയണം എന്ന് അവർ തന്നെ ഓർമ്മപ്പെടുത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 contestants press meet bigg boss house