ബിഗ് ബോസ് മലയാളം സീസൺ നാല് അവസാനിച്ചിട്ടും മത്സരാർത്ഥികൾക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമൊന്നും തീരുന്നില്ല. ഷോയ്ക്കിടയിൽ ഏറെ ജനപ്രീതി നേടിയ ദിൽറോബ് ജോഡികൾ അടുത്തിടെ വേർപ്പിരിഞ്ഞിരുന്നു. റോബിൻ രാധാകൃഷ്ണനുമായും ബ്ലെസ്‌ലിയുമായും തനിക്കുള്ള എല്ലാ സൗഹൃദവും ഇതോടെ അവസാനിപ്പിക്കുകയാണെന്ന് ദിൽഷ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ബ്ലെസ്‌ലിയും ഡെയ്സി ഡേവിഡും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീടിനകത്ത് വച്ചും പലകുറി ഏറ്റുമുട്ടിയിട്ടുള്ളവരാണ് ബ്ലെസ്‌ലിയും ഡെയ്സിയും. ഡെയ്സിയുടെ സിഗരറ്റ് വലിയുടെ പേരിൽ പലപ്പോഴും കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബ്ലെസ്‌ലി. ഡെയ്സിനെ മോശമായി ചിത്രീകരിക്കാനാണ് ബ്ലെസ്‌ലി എപ്പോഴും ഇക്കാര്യം എടുത്തുപറയുന്നതെന്ന് സഹ മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും ചർച്ചകൾ ഉണ്ടായിരുന്നു.
ബിഗ് ബോസ് വീടിനകത്ത് വച്ച് ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ പുറത്തിറങ്ങിയതിനു ശേഷം ഡെയ്സിയ്ക്ക് വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. ഫിനാലെയ്ക്ക് മുൻപായി വീണ്ടും മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചപ്പോൾ ഇക്കാര്യങ്ങൾ ഡെയ്സി ബ്ലെസ്‌ലിയോട് തുറന്നു പറഞ്ഞിരുന്നു. തന്റെ ജോലിയെ പോലും ആ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട് എന്നായിരുന്നു ഡെയ്സി ബ്ലെസ്‌ലിയോട് പറഞ്ഞത്. അതേസമയം, തന്റെ ആരാധകർ മൂലമാണ് ഡെയ്സിക്ക് പ്രശ്നങ്ങളുണ്ടായതെങ്കിൽ അത് പരിഹരിക്കാൻ പുറത്തിറങ്ങിയാൽ താൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഷോയിൽ ബ്ലെസ്‌ലി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഷോ കഴിഞ്ഞതോടെ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവർക്കുമിടയിലെ പിണക്കങ്ങൾക്ക് അവസാനമായി എന്നായിരുന്നു പ്രേക്ഷകരുടെ നിഗമനം. എന്നാൽ ബ്ലെസ്‌ലിയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡെയ്സി ഇപ്പോൾ.

യാതൊരുവിധ കാരണവുമില്ലാതെ ബ്ലെസ്‌ലി തന്നെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്ന് ഡെയ്സി പറയുന്നു. “‘ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല… യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു. ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയം തന്നെ സഹോദരാ….” ഡെയ്സി കുറിച്ചു.