/indian-express-malayalam/media/media_files/uploads/2022/04/Blesslee.jpg)
Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാത്ഥികൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ജാനകി സുധീർ ആദ്യ ആഴ്ചയിലെ എലിമിനേഷനിൽ ഔട്ടായതോടെ 16 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കടുപ്പമേറിയ ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് നൽകുന്ന ഹെവി ടാസ്കുകളെ തികഞ്ഞ മത്സരബുദ്ധിയോടെ തന്നെയാണ് മത്സരാർത്ഥികളും സ്വീകരിക്കുന്നത്.
ബിഗ് ബോസ് ഈ ആഴ്ച നൽകിയ ഭാഗ്യപേടകം എന്നു പേരിട്ടിരിക്കുന്ന ടാസ്കും മത്സരാർത്ഥികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. ബിഗ് ബോസ് വീടിനു പുറത്തൊരുക്കിയ ബഹിരാകാശ പേടകത്തിൽ ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ, ഉറങ്ങാതെ, ബാത്ത് റൂമിൽ പോവും പോവാതെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുക എന്നതായിരുന്നു ടാസ്ക്. ബിഗ് ബോസ് നൽകുന്ന ചെറിയ ടാസ്കുകളിൽ വിജയിയായാൽ മാത്രമേ ഭാഗ്യപേടകത്തിലേക്ക് പ്രവേശനം പോലും ലഭിക്കൂ. രണ്ടു ദിവസം നീണ്ട ടാസ്കിൽ വിജയിയായിരിക്കുന്നത് ബ്ലെസ്‌ലിയാണ്.
24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‌ലി ഭാഗ്യപേടകത്തിൽ ചെലവഴിച്ചത്. 14 മണിക്കൂർ 53 മിനിറ്റുകൾ ചെലവഴിച്ച് രണ്ടാം സ്ഥാനം നിമിഷയും ദിൽഷയും ചേർന്ന് പങ്കിട്ടു. മൂന്നാം സ്ഥാനം നേടിയത് അപർണയാണ്. 14 മണിക്കൂറാണ് അപർണ ഭാഗ്യപേടകത്തിൽ ചെലവഴിച്ചത്. ഭാഗ്യപേടകം ടാസ്കിൽ ഒന്നാമത് എത്തിയ ബ്ലെസ്‌ലി അടുത്ത ആഴ്ച നോമിനേഷൻ ലിസ്റ്റിൽ നിന്ന് ഒഴിവായിരിക്കുകയാണ്. രണ്ടും മൂന്നും സ്ഥാനം നേടിയ നിമിഷ, ദിൽഷ, അപർണ എന്നിവർക്കാണ് അടുത്തയാഴ്ചത്തെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാനുള്ള അവസരം ലഭിക്കുക.
ആദ്യ ആഴ്ച താരതമ്യേന മോശം പ്രകടനം കാഴ്ച വച്ച ബ്ലെസ്‌ലി തന്റെ പെർഫോമൻസ് ഉയർത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഭാഗ്യപേടകം ടാസ്കിൽ മാത്രമല്ല, വീടിനകത്തെ ഇടപടലുകളിലും ബ്ലെസ്‌ലി കൃത്യമായി തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. എല്ലാവരെയും വിളിച്ചു കൂട്ടി ഒരു മീറ്റിംഗ് വയ്ക്കണമെന്നും തനിക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉണ്ടെന്ന് പറഞ്ഞ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ റോബിൻ വിളിച്ചുചേർത്ത മീറ്റിംഗിനിടയിലും ശ്രദ്ധേയമായ മറുപടികളാണ് ബ്ലെസ്‌ലി നൽകിയത്.
എന്നെ നിങ്ങളെല്ലാവരും ചേർന്ന് ടാർഗറ്റ് ചെയ്യുന്നുണ്ടോ എന്ന ഡോക്ടർ റോബിന്റെ ചോദ്യം മത്സരാർത്ഥികൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായിരുന്നു. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നു എന്നത് ഡോക്ടർ റോബിന്റെ സംശയം മാത്രമാണെന്നും അതിന്റെ പേരും എല്ലാവരെയും ഒരുപോലെ കുറ്റപ്പെടുത്തുന്ന റോബിന്റെ ഈ നിലപാട് സ്വീകാര്യമല്ല എന്നുമായിരുന്നു അഖിലിന്റെ മറുപടി. തുടർന്ന്, തന്നെ ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നുന്നവരെയും അല്ലാത്തവരുടെയും പേരുകൾ റോബിൻ കൃത്യമായി പറഞ്ഞു. അതിൽ റോബിനെ ടാർഗറ്റ് ചെയ്യാത്തവരുടെ ലിസ്റ്റിലായിരുന്നു ബ്ലെസ്‌ലിയുടെ സ്ഥാനം.
എന്നാൽ, എണീറ്റു നിന്ന് തന്റെ ഭാഗം വ്യക്തമാക്കിയ ബ്ലെസ്‌ലി ഹൗസ്മേറ്റ്സിന്റെ കയ്യടി നേടി. "ഞാനിവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇവിടെയുള്ള 15 പേരും എന്റെ ടാർഗറ്റാണ്. അതിൽ ഒരാൾ മാത്രമാണ് ഡോക്ടർ," എന്നായിരുന്നു ബ്ലെസ്‌ലി പറഞ്ഞത്. നിലപാടുകൾ വ്യക്തമായി പറയാൻ ബ്ലെസ്‌ലി മുന്നോട്ട് വന്നു തുടങ്ങിയതോടെ വീടിനകത്തെ ശക്തയായ മത്സരാർത്ഥികളുടെ ലിസ്റ്റിലേക്ക് ബ്ലെസ്‌ലിയുടെ പേരും ചേർത്തുവയ്ക്കുകയാണ് പ്രേക്ഷകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.