Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ 4 മൂന്നാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കുകളും രസകരമായ ചില ടാസ്കുകളും കൊണ്ട് സംഭവബഹുലമായിരുന്നു ഈ ആഴ്ച. ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിക്കുന്ന ചില പ്രവർത്തികളും രീതികളും പോലും ഈ ആഴ്ച കാണാനിടയായി.
അതിനെല്ലാം ശക്തമായ താക്കീതുമായി മോഹൻലാൽ വരുന്നു എന്ന സൂചനയായിരുന്നു വീക്കിലി എപ്പിസോഡിന്റെ ടീസർ നൽകിയത്. എന്നാൽ വീക്കിലി എപ്പിസോഡിന്റെ ആദ്യ ഭാഗം പൂർത്തിയാകുമ്പോൾ ചില പ്രേക്ഷകരെങ്കിലും നിരാശരാണ്.
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ സൃഷ്‌ടിച്ച ഡോ.റോബിന് മോഹൻലാൽ ശക്തമായ താക്കീത് നൽകിയിരുന്നു ഇന്നലെ. നോമിനേഷൻ പ്രക്രിയയിൽ കാണിച്ച അലംഭാവത്തിനും ഭാഷാ പ്രയോഗത്തിനും ചില ആംഗ്യങ്ങൾ കാണിച്ചതിനുമായിരുന്നു ഇത്.
താൻ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിച്ച റോബിനോദ് ക്ഷുഭിതനായ മോഹൻലാൽ, “റോബിന്റെ നീണ്ട പ്രസംഗം എനിക്കാവശ്യമില്ല. ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ,” എന്ന് ശാസിക്കുകയും. ജയിൽ നോമിനേഷൻ ചെയ്യാൻ തയ്യാറാകാതെ മാറി നിന്നതിന് “ബിഗ് ബോസിനോട് എനിക്ക് തോന്നിയാലേ പറയൂ എന്ന് പറഞ്ഞോ? അങ്ങനെ തോന്നിയാൽ പറയാവുന്ന ഒരു സ്ഥമല്ല ബിഗ് ബോസ് വീട് റോബിനു ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്ത് എന്റെ അടുത്തേക്ക് വരാം,” എന്നും മോഹൻലാൽ പറഞ്ഞു.
രണ്ടാഴ്ച കൊണ്ടു തന്നെ, വീടിനകത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പല വാഗ്വാദങ്ങൾക്കും തുടക്കമിടുകയും ചെയ്ത മത്സരാർത്ഥിയാണ് റോബിൻ. ബിഗ് ബോസ് വീട്ടിലെ നാരദൻ എന്നാണ് ട്രോളന്മാർക്കിടയിൽ റോബിന്റെ പേര്. വീടിനകത്ത് കുത്തിതിരിപ്പുകൾ ഉണ്ടാക്കുന്ന റോബിന്റെ സ്ട്രാറ്റജികളോട് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വിയോജിപ്പുണ്ട്. അതുകൊണ്ട് തന്നെ പകുതിപേരും ഇതിന് കയ്യടിക്കുകയുണ്ടായി.
എന്നാൽ റോബിനൊപ്പമുള്ള വാഗ്വാദങ്ങളിൽ നിയന്ത്രണം നഷ്ടപ്പെട്ട് മോശം വാക്കുകൾ പറയുകയും ആംഗ്യങ്ങൾ കാണിക്കയും ചെയ്ത ജാസ്മിനും ബ്ലെസ്ലിയ്ക്ക് എതിരെ ‘വുമൺ കാർഡ്’ ഇറക്കിയ സുചിത്രയ്കും താക്കീത് നൽകിയില്ല എന്നാണ് പ്രേക്ഷകരുടെ പരാതി.
ജാസ്മിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കി കൊടുക്കുകപോലും ചെയ്തില്ലെന്നും സുചിത്രയുടെ ആരോപണങ്ങളിൽ ബ്ലെസ്ലിയെ ചോദ്യം ചെയ്ത് അതിന് പച്ചക്കൊടി കാണിച്ചു എന്നുമാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ അങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. മോഹൻലാലിനൊപ്പം ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് നേരെയും പ്രേക്ഷകരോഷം ഉയരുന്നുണ്ട്. ഫാൻ ഗ്രൂപ്പുകളിലും പേജുകളിലും ഇതാണ് ഇപ്പോൾ ചർച്ചാവിഷയം.