ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് മജീഷ്യനായ അശ്വിൻ. അനാഥത്വവും ദാരിദ്ര്യവും താണ്ടി വന്ന അശ്വിന്റെ ജീവിതകഥ ഒരു സിനിമാകഥ പോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ഒന്നാണ്.
കുട്ടിക്കാലത്തു തന്നെ നഷ്ടപ്പെട്ടു പോയ അമ്മയെ അശ്വിൻ തേടി കണ്ടെത്തിയിരുന്നെങ്കിലും ആരെയും തിരിച്ചറിയാനാവാത്ത മാനസികാവസ്ഥയിലായിരുന്നു അമ്മ. ഇപ്പോഴിതാ, ചികിത്സകൾക്കും കാത്തിരിപ്പിനും ഒടുവിൽ അമ്മ തന്നെ തിരിച്ചറിഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് അശ്വിൻ. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള, കാത്തിരുന്ന ആ നിമിഷമാണിതെന്ന മുഖവുരയോടെയാണ് അശ്വിൻ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചത്.
‘ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണിത്. ഇതാണ് എന്റെ അമ്മ,” അമ്മയെ പരിചയപ്പെടുത്തി അശ്വിൻ പറഞ്ഞു.
ഞാനാരാണെന്ന് മനസ്സിലായോ എന്ന ചോദ്യത്തിന് മകൻ എന്ന് അമ്മ മറുപടി പറയുന്നതും വീഡിയോയിൽ കാണാം. “ടിവിയില്‍ കണ്ടിട്ടുണ്ടായിരുന്നോ, ഇഷ്ടമാണോ?” എന്ന ചോദ്യത്തിന് തലയാട്ടി കൊണ്ട് അതെ എന്നായിരുന്നു അമ്മയുടെ ഉത്തരം.
അശ്വിന്റെ ജീവിതകഥയിങ്ങനെ
1998 മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ വിതുര എന്ന ഗ്രാമത്തിലെ ആനപ്പെട്ടിയിൽ വിജയൻ- ലത ദമ്പതികളുടെ മകനായാണ് അശ്വിന്റെ ജനനം. മാനസിക പ്രശ്നമുള്ള ആളായിരുന്നു അമ്മ. അശ്വിന് ഏകദേശം ഒന്നരവയസ് പ്രായമുള്ളപ്പോൾ അമ്മ അച്ഛനുമായി പിരിഞ്ഞ് വീട് വിട്ടുപോയി. അതോടെ അച്ഛനും അമ്മൂമ്മയുമായി അശ്വിന് കൂട്ട്. എന്നാൽ അഞ്ച് വയസുള്ളപ്പോൾ അശ്വിനെ തനിച്ചാക്കി അച്ഛനും ജീവനൊടുക്കി. പിന്നീട് അമ്മൂമ്മയാണ് അശ്വിനെ വളർത്തിയത്.
ചെറുപ്പം മുതൽ കലയോട് താല്പര്യമുണ്ടായിരുന്നു അശ്വിൻ അങ്ങനെ സ്കൂളിൽ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. ഡാൻസ് പഠിക്കാനും കലോത്സവവേദികളിലും തിളങ്ങാനും തുടങ്ങി. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് മാജിക്കിനോടുള്ള അശ്വിന്റെ പ്രണയം തുടങ്ങുന്നത്. ഉത്സവപ്പറമ്പിൽ വച്ചുകണ്ട ഇന്ദ്രജാലപ്രകടനങ്ങൾ അശ്വിന്റെ ആഗ്രഹത്തെ തീക്ഷ്ണമാക്കി.
ബാലരമയിലും മറ്റും പുസ്തകങ്ങളിലുമൊക്കെ വായിക്കുന്ന ചെറിയ മാജിക്കുകൾ പഠിച്ചു പയറ്റാൻ തുടങ്ങിയതോടെ ലോകം അംഗീകരിക്കുന്ന ഒരു കളിയാണിതെന്ന് അശ്വിൻ മനസ്സിലാക്കുകയായിരുന്നു. കൂട്ടുകാർക്കിടയിലായി പിന്നീട് അശ്വിന്റെ മാജിക് പരീക്ഷണങ്ങൾ. വീടിനടുത്തുള്ള ഉത്സവപറമ്പുകളിലും ചെറിയ വേദികളിലുമൊക്കെ അശ്വിൻ മാജിക് അവതരിപ്പിച്ചു തുടങ്ങി. അതിലൂടെ ലഭിച്ച ചെറിയ വരുമാനം അശ്വിന്റെ പട്ടിണി മാറ്റാൻ തികയുമായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ഒരു പരിചയക്കാരൻ മുഖേന നാട്ടിലെ അറിയപ്പെടുന്ന മജീഷ്യനായ സേനന്റെ അടുത്ത് അശ്വിൻ എത്തുന്നത്. അവിടെ നിന്നും മാജിക്കിന്റെ പുതിയ തലങ്ങളിലേക്ക് അവൻ തന്റെ യാത്ര തുടങ്ങി. പഠനത്തോടൊപ്പം മാജിക്കിലും അശ്വിൻ കത്തിക്കയറി. എന്നാൽ അപ്പോഴും ദുരിതങ്ങൾ അവസാനിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികൾ പ്ലസ് ടു പഠനത്തിനു മുന്നിൽ വിലങ്ങുതടിയായ സമയത്തു തന്നെയാണ് ജീവിതത്തിലെ ഏക അത്താണിയായിരുന്ന അമ്മൂമ്മയുടെ മരണം. ഇതോടെ ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും വലിയ ഗർത്തത്തിലേക്കാണ് അശ്വിൻ വീണുപോയത്.
2016ൽ മുതുകാടിന്റെ മാജിക് പ്ലാനെറ്റിലേക്ക് ആളെയെടുക്കുന്നു എന്നറിഞ്ഞ് അവിടെയെത്തിയ അശ്വിൻ ഇന്റർവ്യൂവിൽ പങ്കെടുത്തു. ആ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് തിരികെപോവാതെ റെയിൽവേ സ്റ്റേഷനിൽ തങ്ങി. പണമില്ലാത്തതിനാൽ, ചായയും ചെറുപലഹാരങ്ങളും മാത്രം കഴിച്ചാണ് അശ്വിൻ ആ ദിവസങ്ങളെ മറികടന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് ആളുകൾ ഉപേക്ഷിച്ചു പോയ ബിയർ കുപ്പികൾ പെറുക്കി വിറ്റും കിട്ടിയ കാശുകൊണ്ട് ആ ചെറുപ്പക്കാരൻ വിശപ്പടക്കി.
ഒടുവിൽ, അശ്വിനെ തേടി അവനേറെ നാളായി പ്രതീക്ഷിക്കുന്ന ആ വിളിയെത്തി, മാജിക് പ്ലാനെറ്റിലൊരു ജോലിയെന്ന അശ്വിന്റെ സ്വപ്നം സഫലമായി. എല്ലാത്തിനെയും അതിജീവിച്ച് ഇന്ന് കാണുന്ന നിലയിലേക്ക് ഉയരുകയായിരുന്നു അശ്വിൻ. അതിനിടയിൽ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ കണ്ടത്താനും അശ്വിനായി. എന്നാൽ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് മകനെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അതിന്റെ വിഷമങ്ങൾ എല്ലാം പേറി നടക്കുമ്പോഴാണ് അശ്വിനു മുന്നിൽ ബിഗ് ബോസ് വീടിന്റെ വാതിൽ തുറന്നത്. ഇപ്പോഴിതാ, ആ അമ്മ അശ്വിനെ തിരിച്ചറിഞ്ഞിരിക്കുന്നു.
Read more: Bigg Boss Malayalam Season 4: ഞാൻ ഗേ ആണ്; ബിഗ് ബോസിൽ സെക്ഷ്വൽ ഓറിയന്റേഷൻ തുറന്നു പറഞ്ഞ് അശ്വിൻ