Bigg Boss Malayalam Season 4: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ്ഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ നാലാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് 27നാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഇനി അറിയാനുള്ളത്. മത്സരാർത്ഥികളുടെ സാധ്യതാപട്ടിക ചർച്ച ചെയ്യുന്ന തിരക്കിലാണ് ദിവസങ്ങളായി സോഷ്യൽ മീഡിയ. നടനും അവതാരകനുമായ ജീവയുടെ പേരും ഈ പട്ടികയിൽ പലപ്പോഴും ഉയർന്നു കേട്ടിരുന്നു. താനോ ഭാര്യ അപർണയോ ബിഗ് ബോസിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീവ ഇപ്പോൾ.
അപർണയ്ക്ക് ഒപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ജീവ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. “സോറി, ഞങ്ങൾ മാൽഡീവ്സിൽ ആണ്, ബിഗ് ബോസ് ഹൗസിലല്ല,” ജീവ കുറിക്കുന്നു.
“അപ്പോൾ പോയിട്ട് വരാം,” എന്ന കാപ്ഷനോടെ ജീവ ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെയും ബിഗ് ബോസിലേക്ക് ആണോ എന്ന ചോദ്യവുമായി ഒരുപറ്റം ആരാധകർ എത്തിയിരുന്നു.
നടനും മോഡലുമായ ജിയ ഇറാനി പങ്കുവച്ച ചിത്രങ്ങളും ബിഗ് ബോസ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഓഫ് റ്റു മുംബൈ എന്ന കാപ്ഷനോടെയാണ് ജിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പലരും ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കുന്ന ജിയയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ഈ ആശംസകളും ഇറാനി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ഗെയിമിന്റെ നിയമം അനുസരിച്ച് മത്സരാർത്ഥികൾ ഷോയിൽ പങ്കെടുക്കുന്ന കാര്യം മുൻകൂട്ടി അനൗൺസ് ചെയ്യാൻ പാടില്ല. അതിനാൽ തന്നെ, ജിയ ഇറാനിയുടെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറികൾക്കു പിന്നിലെന്താണ് എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.
ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലൂടെ ശ്രദ്ധേയയായ സുചിത്ര നായർ, നടി ലക്ഷ്മിപ്രിയ, സീരിയൽ താരങ്ങളായ അനീഷ് രവി, നവീൻ അറയ്ക്കൽ, കോമഡിസ്റ്റാർ താരം കുട്ടി അഖിൽ, സൂരജ് തേലക്കാട് എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ സാധ്യതാ ലിസ്റ്റിൽ നിലവിൽ ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.