Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസൺ ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഷോയിലേക്ക് ഒരു വൈൽഡ് കാർഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. കൊല്ലം സ്വദേശിയായ റിയാസ് സലിം ആണ്, ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്.
എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് റിയാസ് കരിം. കഴിഞ്ഞ ഒമ്പതു വർഷത്തോളമായി ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനാണ് റിയാസ്. അതിനാൽ തന്നെ, തനിക്കേറെ ഇഷ്ടമുള്ള ബിഗ് ബോസ് ഷോയുടെ ഭാഗമാവുക എന്നത് റിയാസിനെ സംബന്ധിച്ച് സ്വപ്നതുല്യമായ അവസരമാണ്. താനൊരു ഫെമിനിസ്റ്റാണെന്നാണ് റിയാസ് അവകാശപ്പെടുന്നത്. സ്ത്രീപക്ഷ നിലപാടുകൾക്കൊപ്പം നിലകൊള്ളുക എന്നത് താൻ ബോധപൂർവ്വം തിരഞ്ഞെടുത്തതാണെന്നും തന്റെ ഇൻട്രോ സീനിൽ റിയാസ് വ്യക്തമാക്കി.
ആറാഴ്ചയോളം പുറത്തുനിന്ന് കളി കണ്ട്, മത്സരാർത്ഥികളെ കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ആദ്യദിനം തന്നെ സഹമത്സരാർത്ഥികളെ കുറിച്ച് കൃത്യവും വ്യക്തവുമായ അഭിപ്രായപ്രകടനങ്ങളും റിയാസ് നടത്തിയിട്ടുണ്ട്. ബിഗ് ബോസ് വീടിനകത്ത് നിലപാടു കൊണ്ടും പെരുമാറ്റം കൊണ്ടും റിയൽ ആണെന്ന് റിയാസ് വിശ്വസിക്കുന്ന ഏക മത്സരാർത്ഥി ജാസ്മിൻ മൂസയാണ്. ഡോക്ടർ റോബിൻ, ധന്യ മേരി വർഗീസ്, ദിൽഷ പ്രസന്നൻ, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, സൂരജ് എന്നിവരെല്ലാം ജനുവിനായല്ല കളിക്കുന്നതെന്നാണ് റിയാസിന്റെ അഭിപ്രായം.
എന്തായാലും, പുതിയ നീക്കങ്ങളുമായി റിയാസ് എത്തുമ്പോൾ ബിഗ് ബോസ് വീടിനകത്ത് ആരുടെയൊക്കെ നിലനിൽപ്പാണ് അവതാളത്തിലാവുന്നതെന്ന് കണ്ടറിയണം. എന്തായാലും വ്യാജവ്യക്തിത്വം കാഴ്ച വയ്ക്കുന്ന റോബിൻ, സ്ത്രീകളെ പലപ്പോഴും ഇകഴ്ത്തി സംസാരിക്കുന്ന ബ്ലെസ്‌ലി, പാട്രിയാക്കല്‍ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന ലക്ഷ്മിപ്രിയ എന്നിവരോടുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ റിയാസ് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ബിഗ് ബോസ് വീട്ടിലെ ദിനരാത്രങ്ങൾ കൂടുതൽ പ്രക്ഷുബ്ധമാക്കും റിയാസിന്റെ കടന്നുവരവെന്ന് അനുമാനിക്കാം.