Bigg Boss Malayalam Season 4 All you need to know about Aparna Mulberry and Jasmin Moosa: കോവിഡ് മഹാമാരിയ്ക്ക് ഒപ്പമാണ് ‘ന്യൂ നോർമൽ’ എന്ന വാക്കും മലയാളികൾക്ക് സുപരിചിതമായത്. മാസ്കും സാമൂഹിക അകലവും സാനിറ്റൈസറും ക്വാറന്റൈനുമൊക്കെ പോലെ ‘ന്യൂ നോർമൽ’ എന്ന വാക്കും മലയാളികളുടെ നിത്യജീവിതത്തിൽ പരിചിതമായി. കാലാകാലങ്ങളായി പിന്തുടരുന്ന വഴികളിൽ നിന്നും മാറി കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾകൊണ്ട് മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു പോസിറ്റീവിറ്റി കൂടി ആ വാക്കിലുണ്ട്.
ഇത്തവണ, ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിലുമുണ്ട് ഏറെ പ്രത്യേകത. ന്യൂ നോർമൽ വ്യക്തിത്വങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ സീസണിൽ മത്സരിക്കാനെത്തുന്നത്. മകനെ ഒറ്റയ്ക്ക് വളർത്തുന്ന സിംഗിൾ മദറായ ശാലിനി, പോരായ്മകളെ തോൽപ്പിച്ച് ജീവിതവിജയം നേടിയ സൂരജ് അമ്മയെ പുനർവിവാഹം ചെയ്തു നൽകിയ ജാനകി, സ്വന്തം പരിശ്രമം കൊണ്ട് ഉയർന്നുവന്ന അശ്വിനും ബ്ലെസ്‌ലീയും, ടോക്സിക് പാരന്റിംഗ് മൂലം കുട്ടിക്കാലം ദുസ്സഹമായ നിമിഷയും ലക്ഷ്മി പ്രിയയും, ഫിലോമിനയുടെ കൊച്ചുമകളും സെലബ്രിറ്റി വനിത ഫോട്ടോഗ്രാഫറുമായ ഡെയ്സി എന്നിങ്ങനെ വ്യത്യസ്തമായൊരു ജീവിതരീതിയെ പിൻതുടരുന്ന ഒരുപറ്റം മത്സരാർത്ഥികൾ. ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി ഒരു ഡോക്ടറും മത്സരാർത്ഥിയായി എത്തിയിട്ടുണ്ട് ഇത്തവണ, ഡോ. റോബിൻ. ഒപ്പം മോഡലിങ്ങ്, അഭിനയം, ടെലിവിഷന്‍ എന്നീ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ മുഖങ്ങളും
Read more: ഞാൻ ഗേ ആണ്; ബിഗ് ബോസിൽ സെക്ഷ്വൽ ഓറിയന്റേഷൻ തുറന്നു പറഞ്ഞ് അശ്വിൻ
തന്നിലെ വ്യത്യസ്തത തിരിച്ചറിഞ്ഞ്, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ മത്സരാർത്ഥികളിൽ പലരും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നേയില്ല എന്നതാണ് ഏറ്റവും പോസിറ്റീവായ കാര്യം. സമൂഹത്തിന്റെ സാമ്പ്രദായികമായ വഴികളിൽ നിന്നും മാറി നടക്കുന്ന മനസ്സാഗ്രഹിക്കുന്ന ജീവിതം തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച രണ്ടു പെൺകുട്ടികളും ഇക്കൂട്ടത്തിലുണ്ട്. അപർണ മൾബറിയും ജാസ്മിൻ എം.മൂസയും.
ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് മലയാളിയുമാണ് അപർണ മൾബറി. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചുമൊക്കെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറിയ വ്യക്തി. വീട്ടിൽ ആരൊക്കെയുണ്ട് എന്ന മോഹൻലാലിന്റെ ചോദ്യത്തിന് “അച്ഛൻ, അമ്മ, പിന്നെ എന്റെ ഭാര്യ” എന്നായിരുന്നു അപർണയുടെ മറുപടി.
Read more: ബിഗ് ബോസ് വീട്ടിൽ അൽപ്പനേരം; അനുഭവക്കുറിപ്പ്
സമൂഹത്തിനു മുന്നിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നതു പോലെ ജീവിക്കാനോ സാധിക്കാതെ പോവുന്ന ഒരു വിഭാഗമാണ് പലപ്പോഴും കേരളത്തിലെ ലെസ്ബിയൻ സ്ത്രീകൾ. എൽ.ജി.ബി.റ്റി.ഐ.ക്യൂ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെ മൊത്തത്തിൽ എടുത്താലും അക്കൂട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും ദൃശ്യത കുറഞ്ഞിരിക്കുന്നത് ലെസ്ബിയൻസാണ്! ഐഡന്റിറ്റി തുറന്ന് പറഞ്ഞ മലയാളികളായ ലെസ്ബിയൻസിനെ പൊതുസമൂഹത്തിന് അത്ര പരിചയമില്ലെന്നു തന്നെ പറയാം. ഈയൊരു സാമൂഹിക സാഹചര്യത്തിലാണ് അപർണയുടെ വാക്കുകൾ സ്റ്റേറ്റ്‌മെന്റാവുന്നത്. ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്‌ഫോമിൽ നിന്ന് തന്റെ ഐഡന്റിറ്റി അപർണ ഉറക്കെ പ്രഖ്യാപിക്കുമ്പോൾ, സമൂഹമിപ്പോഴും പരിഗണിക്കാൻ മടിക്കുന്ന ഒരു വിഭാഗം ആളുകളുടെ കൂടെ ശബ്ദമായി മാറുകയാണ് അപർണ മൾബറി എന്ന പെൺകുട്ടിയും അവളുടെ കൂട്ടുകാരി അമൃത ശ്രീയും.

അറിയപ്പെടുന്ന ബോഡി ബിൽഡറും ജിം ട്രെയിനറുമായ ജാസ്മിൻ എം. മൂസയും തന്നിലെ വ്യത്യസ്തതയെ തിരിച്ചറിയുകയും അതിനെ ഏറ്റവും അഭിമാനത്തോടെ സമൂഹത്തിനു മുന്നിൽ ഉയർത്തിപിടിക്കുകയും ചെയ്ത പെൺകുട്ടിയാണ്.
Read more: Bigg Boss Malayalam 4: ബിഗ് ബോസിലെ മുഖംമൂടിധാരി ആര്?; നിമിഷയോ, വൈൽഡ് കാർഡ് എൻട്രിയോ?
പരമ്പരാഗത മുസ്ലിം കുടുംബത്തിലാണ് ജാസ്മിൻ ജനിച്ചു വളർന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതയായെങ്കിലും ആദ്യവിവാഹം ഗാർഹിക പീഡനങ്ങൾ നിറഞ്ഞതായിരുന്നു. ആ വിവാഹബന്ധം അധികനാൾ മുന്നോട്ട് പോയില്ല. വീണ്ടും വിവാഹം കഴിച്ചെങ്കിലും ജാസ്മിന്റെ ദാമ്പത്യജീവിതം പരാജയമായിരുന്നു. വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആത്യന്തികമായ ലക്ഷ്യമെന്ന തിരിച്ചറിവിന്റെ വെളിച്ചത്തോടെ ജാസ്മിൻ തന്റെ പാഷനെ പിന്തുടരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
-
ജാസ്മിൻ (ഇടത്), കൂട്ടുകാരി മോണിക്കയ്ക്ക് ഒപ്പം ജാസ്മിൻ (വലത്)
സ്ത്രീകൾക്ക് ഇണങ്ങിയതാണോ എന്ന് പൊതുസമൂഹം സംശയത്തോടെ നോക്കുന്ന ബോഡി ബിൽഡർ എന്ന മേൽവിലാസത്തിലാണ് ജാസ്മിൻ ഇന്നറിയപ്പെടുന്നത്, ആ രംഗത്തെ തിളങ്ങും താരം. തന്റെ പാഷനെ മാത്രമല്ല, തന്റെ ഐഡന്റിറ്റിയേയും പ്രണയത്തേയും കൂടെ പിന്നീടുള്ള യാത്രയ്ക്കിടെ ജാസ്മിൻ കണ്ടെത്തി. മോണിക്ക ഷമി എന്ന തന്‍റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്‍മിന്‍ ഇപ്പോൾ.
Read more: Bigg Boss Malayalam Season 4 Contestants: ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികൾ ഇവർ