scorecardresearch
Latest News

ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ

“ലോക്ക്ഡൗൺ ടൈമിൽ ജീവിതം അത്ര പ്രശ്നമായപ്പോഴാണ് ബിഗ് ബോസിലെത്തിപ്പെട്ടത്”

ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് മോഹൻലാൽ മണിക്കുട്ടന് ട്രോഫിയും കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന ഫ്ളാറ്റിന്റെ താക്കോലും കൈമാറി. സായി വിഷ്ണുവാണ് ഫസ്റ്റ് റണ്ണർ അപ്പ്. 6,01,04,926 വോട്ടുകൾ സായി വിഷ്ണു നേടിയപ്പോൾ 9,20,01,384 വോട്ടുകൾ നേടിയാണ് മണിക്കുട്ടൻ ഒന്നാമത് എത്തിയത്.

മോഹൻലാലിന്റെ കയ്യിൽ നിന്നും ബിഗ് ബോസ്​ ശിൽപ്പം ഏറ്റുവാങ്ങിയ മണിക്കുട്ടൻ വളരെ വൈകാരികമായാണ് വേദിയിൽ സംസാരിച്ചത്. പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും കണ്ണുനനയിക്കുന്നതായിരുന്നു മണിക്കുട്ടന്റെ വാക്കുകൾ.

“മുൻപൊരിക്കൽ ഡിംപൽ ഇവിടെ പറഞ്ഞിരുന്നു, ഒരു ആഗ്രഹത്തിനായി പൂർണമനസോടെ ഒരാൾ ഇറങ്ങിയാൽ അവനെ സഹായിക്കാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന്. എന്നെ സഹായിക്കാനായി ലോകം മുഴുവനാണ് എത്തിയത്. ഇടയ്ക്ക് വച്ച് ഞാൻ പോവാൻ നിന്നപ്പോൾ എന്നെ തിരികെ കൊണ്ടുവന്ന ബിഗ്ബോസിനും ഏഷ്യാനെറ്റിനും നന്ദി. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ആദ്യം നന്ദി പറയുന്നത് കൂടെയുള്ള മത്സരാർത്ഥികളോടാണ്. ഇത് ഒത്തൊരുമയുടെ വിജയമാണ്. ടാസ്കിലും മത്സരങ്ങളിലുമൊക്കെ പങ്കെടുക്കുമ്പോൾ ഒറ്റയ്ക്ക് ജയിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല, എല്ലാവരെയും ഒന്നിച്ച് നിർത്തി മുന്നോട്ടുപോവാനെ ശ്രമിച്ചിട്ടുള്ളൂ. എന്നെ സപ്പോർട്ട് ചെയ്ത, എനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. “

“നിങ്ങൾ നേരത്തെ വീഡിയോയിൽ കണ്ട രണ്ടുപേർ, അച്ഛനുമമ്മയും, ഒരുപാട് പേരുടെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്, പക്ഷേ അവർ മകനെ വിശ്വസിച്ചു. അവർക്ക് എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലോക്ക്ഡൗൺ ടൈമിൽ ജീവിതം അത്ര പ്രശ്നമായപ്പോഴാണ് ബിഗ് ബോസിലെത്തിപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പോലും ആക്റ്റീവ് ആയിരുന്നില്ല ഞാൻ, ഒരു പിആറും ഇല്ലാതെ എത്തിയ ആളാണ്. പക്ഷേ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുമ്പോഴും നെറ്റ് റീചാർജ് ചെയ്യുകയും എനിക്കായി മെസേജ് അയക്കുകയും ചെയ്ത ഓരോ പ്രേക്ഷകരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇത് നിങ്ങളുടെ വിജയമാണ്.”

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് തന്നെ വിട്ടുപിരിഞ്ഞ സുഹൃത്ത് റിനോജിന്റെ ഓർമകളിൽ വിതുമ്പുന്ന മണിക്കുട്ടനെയാണ് വേദിയിൽ കണ്ടത്. “എന്റെ റിനോജ് അവനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ. റിനോജേ… അളിയാ, എന്തെങ്കിലും ആയെടാ ഞാൻ.”

“എല്ലാത്തിനും ഉപരി എന്റെ ലാൽ സാർ. ബിഗ് ബോസിലേക്ക് വന്നപ്പോൾ അമ്മ എപ്പോഴും പറയും, സാറിനെ വിഷമിപ്പിക്കുന്ന ഒന്നും ഉണ്ടാവരുത്. കോവിഡ് സമയത്തും ഒരു സഹപ്രവർത്തകനെന്ന രീതിയിൽ എന്നെ വിളിച്ച് എന്റെയും വീട്ടുകാരുടെയും ക്ഷേമം അന്വേഷിക്കാൻ ലാൽ സാർ ഉണ്ടായിരുന്നു. ഞാൻ ദൈവത്തെ പോലെ പോലെ കാണുന്ന ഒരാളാണ് ലാൽ സാർ. ഒരു അഭിമുഖത്തിൽ ലാൽ സാർ പറഞ്ഞ വാക്കുകൾ ഞാനെപ്പോഴും ഓർക്കാറുണ്ട്. “ക്വാളിറ്റി ഓഫ് സോൾ. മറ്റൊരാളെ മാനസികമായി, ശാരീരികമായി വിഷമിക്കാതെ എത്രത്തോളം നമുക്ക് കാര്യങ്ങളെ സമീപിക്കാം എന്ന്. അതൊരു വേദവാക്യം പോലെ മനസ്സിൽ കൊണ്ടു നടന്ന വ്യക്തിയാണ് ഞാൻ. ഒരു ലാലേട്ടൻ ഫാനെന്ന രീതിയിൽ ഞാനിനിയും പറയും, ലാലേട്ടൻ പഠിച്ച കോളേജിലാണ് ഞാൻ പഠിച്ചത്, തിരുവനന്തപുരത്താണ് ജനിച്ചത്, ഇപ്പോഴിതാ ഒരു ബിഗ് ബോസ് വിന്നർ കൂടിയാണ്.”

ഷോയിൽ ഉടനീളം തന്നെ പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്ത പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിലൂടെയും മണിക്കുട്ടൻ നന്ദി അറിയിച്ചിട്ടുണ്ട്.

Read more: ബിഗ് ബോസ് വിജയ കിരീടം സ്വന്തമാക്കി മണിക്കുട്ടൻ

“എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ
നീ നദിപോലെ ഓടികൊണ്ടിര്
ഇന്ത വേർവയ്ക്കും വെട്രിഗൾ വേർ വൈകുമേ
ഉന്നൈ ഉള്ളത്തിൽ ഊർ വൈകുമേ”

ബിഗ് ബോസ്സ് എന്ന ഷോയിൽ പങ്കെടുക്കുവാനും അതിലൂടെ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം ലഭിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.
സിനിമ എന്ന മാധ്യമത്തിലൂടെ നിങ്ങൾ എന്നെ പരിചയപെട്ടു. ബിഗ് ബോസ്സിലൂടെ നിങ്ങൾ എന്നെ സ്നേഹിച്ചു. നന്ദി എല്ലാവർക്കും.. എല്ലാ കോണ്ടെസ്റ്റാണ്ട്സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.” മണിക്കുട്ടൻ കുറിക്കുന്നു.

“നിങ്ങൾ ഒരു നദി പോലെ ഒഴുകിക്കൊണ്ടിരിക്കുക, കഠിനാധ്വാനം ചെയ്യുക, പ്രശസ്തി പിന്നാലെ വരും,” എന്ന് ഓർമ്മിപ്പിക്കുന്ന ‘അഴകിയ തമിഴ് മകനി’ലെ ‘എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ’ എന്നു തുടങ്ങുന്ന ഗാനം ഫിനാലെ വേദിയിലും മണിക്കുട്ടൻ ആലപിച്ചു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 title winner manikuttan finale speech