Bigg Boss Malayalam Season 3: ബിഗ് ബോസ് മൂന്നാം സീസൺ അതിന്റെ ഫൈനലിലേക്ക് അടുക്കുകയാണ്. അതിനാൽ തന്നെ അവസാനഘട്ടത്തിൽ മത്സരാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ടാസ്കുകളും അൽപ്പം കടുപ്പമേറിയതാണ്. ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിൽ മത്സരാർത്ഥികളുടെ വാശിയേറിയ പ്രകടനമാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. ഈ ടാസ്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഒരാൾ നേരിട്ട് ഫിനാലെയിലേക്ക് യോഗ്യത നേടുമെന്നതിനാൽ ഒരു ജീവൻമരണപോരാട്ടമായാണ് മത്സരാർത്ഥികൾ ഈ ടാസ്കിനെ കാണുന്നത്. രണ്ടു ഘട്ടമായി നടത്തിയ ബോൾ ഗെയിമിൽ അനൂപ്, ഡിംപൽ, മണിക്കുട്ടൻ, റംസാൻ, നോബി എന്നിവരാണ് വാശിയേറിയ പ്രകടനം കാഴ്ച വച്ചത്. കിടിലം ഫിറോസ്, സായി, ഋതു എന്നിവർ ആദ്യത്തെ രണ്ടു റൗണ്ടിനിടെ ഗെയിമിൽ നിന്നും ഔട്ടായി.
ശാരീരികമായ അധ്വാനം ആവശ്യമായ ടാസ്കുകളിലെല്ലാം എപ്പോഴും മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന അനൂപ് ആണ് നിലവിൽ ഒന്നാം പൊസിഷനിൽ ഉള്ളത്. എന്നാൽ അനൂപിനൊപ്പം തന്നെ കയ്യടി നേടുകയാണ് ഡിംപൽ ഭാലും.
കൂട്ടത്തിലെ ഏറ്റവും കരുത്തനായ മത്സരാർത്ഥിയാണ് അനൂപ് എങ്കിൽ ഇപ്പോഴുള്ള എട്ടുപേരിൽ ശാരീരികമായി ഏറ്റവും പരിമിതികൾ ഉള്ള മത്സരാർത്ഥിയാണ് ഡിംപൽ. എന്നാൽ അതൊന്നും കൂസാതെ, ഏറ്റവും കരുത്തനായ അനൂപിനോടും ഋതുവിനോടും പോരാടുന്ന ഡിംപൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഡിംപൽ.
അതേസമയം, ഡിംപലിനേക്കാൾ കൂടുതൽ ആരോഗ്യമുണ്ടായിട്ടും നല്ല രീതിയിൽ കളിക്കാൻ നിൽക്കാതെ എളുപ്പം ഗെയിം ക്വിറ്റ് ചെയ്യുകയും ബിഗ് ബോസിനോട് പരാതി പെടുകയും ചെയ്ത ഋതു പ്രേക്ഷകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.
കടുത്ത മത്സരം കാഴ്ച വച്ച മറ്റു രണ്ടു മത്സരാർത്ഥികൾ, റംസാനും മണിക്കുട്ടനുമാണ്. പലപ്പോഴും ഇപ്പോൾ അടിയിലെത്തും എന്നു തോന്നിപ്പിക്കുന്ന രീതിയിൽ വാശിയോടെ ആയിരുന്നു ഇരുവരുടെയും പോരാട്ടം. ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിൽ തീപ്പാറുന്ന മത്സരം കാഴ്ചവച്ച് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയായിരുന്നു ഈ രണ്ടു മത്സരാർത്ഥികളും.
അതേസമയം, പൊതുവെ ടാസ്കുകളിൽ നിന്നും ശാരീരിക ബുദ്ധിമുട്ടുകളും ഒഴിവുകഴിവുകളും പറഞ്ഞ് രക്ഷപ്പെടാറുള്ള നോബി ഗെയിം പൂർത്തിയാക്കും വരെ നല്ല രീതിയിൽ കളിയ്ക്കാൻ ശ്രമിച്ചു എന്നതാണ് ഇന്നലത്തെ എപ്പിസോഡിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ, സായി വിഷ്ണുവും കിടിലവും റംസാനും അടക്കമുള്ള മത്സരാർത്ഥികൾ നോബിയെ അറ്റാക്ക് ചെയ്യാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കുന്ന കാഴ്ചയായിരുന്നു. എതിരാളികളിൽ നിന്നും വലിയ ആക്രമണം ഇല്ലാത്തതിനാൽ തന്നെ കൂടുതൽ ബോളുകൾ ശേഖരിക്കാനും നാലാം പൊസിഷനിലെത്താനും നോബിയ്ക്ക് സാധിച്ചു.
ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാതെ കളിച്ചതാണ് ഋതുവിന് വിനയായതെങ്കിൽ റംസാനൊപ്പം കൂടി മണിക്കുട്ടനെതിരെ കളിയ്ക്കാൻ ശ്രമിച്ചതാണ് സായി വിഷ്ണുവിനെ ഗെയിമിൽ നിന്നും ഔട്ടാക്കിയത്. റംസാനെ കൂട്ടുപിടിച്ച് മണിക്കുട്ടനെ അറ്റാക്ക് ചെയ്യാൻ പോയപ്പോൾ സ്വന്തം ബോക്സിലെ ബോളുകൾ സേഫ് ആക്കി വയ്ക്കാൻ സായിയ്ക്ക് സാധിച്ചില്ല.
ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് കിടിലം ഫിറോസിനാണ്. ആദ്യ റൗണ്ടിൽ തന്നെ ഔട്ടായി പോയ ഫിറോസ് ഇപ്പോൾ ഏറ്റവും അവസാന പൊസിഷനിലാണ് നിൽക്കുന്നത്. അതേസമയം, ഫിറോസിന്റെ തോൽവി ട്രോളന്മാരും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ, വിചാരണകോടതിയിൽ കയറ്റി കിടിലം, നോബി, റംസാൻ ടീമിന്റെ ഗ്രൂപ്പിസത്തെ സായി അടക്കമുള്ള മത്സരാർത്ഥികൾ ചോദ്യം ചെയ്തത് കിടിലത്തിന് വലിയ ക്ഷീണമായിരുന്നു. അതിനു പിന്നാലെ, നോബിയുമായി നടത്തിയ ചർച്ചയ്ക്കിടയിൽ നമ്മളിനി മരിച്ചു കളിക്കും എന്ന് തന്റെ ഗ്രൂപ്പിന് പ്രചോദനം പകരാനായി ഫിറോസ് പറയുകയും ചെയ്തിരുന്നു. ഈ ഡയലോഗ് ഏറ്റെടുത്താണ് ട്രോളന്മാർ ആഘോഷമാക്കുന്നത്.
Read more: ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?; ട്രോളുകളിൽ നിറയുന്ന നോബി