Bigg Boss Malayalam Season 3: ബിഗ് ബോസ് വീടിനകത്ത് സായിയും ഡിംപലും തമ്മിലുള്ള പ്രശ്നങ്ങൾ തീരുന്നില്ല. മോണിംഗ് ടാസ്കിനിടെ ഇരുവരും ഉണ്ടായ വാക്കുതർക്കം ഇന്നലെ വീക്ക്‌ലി എപ്പിസോഡിനെത്തിയ മോഹൻലാൽ സംസാരവിഷയമാക്കിയിരുന്നു. വഴക്കിനിടെ സായിയെ മനോനില തെറ്റിയവൻ, തലയ്ക്ക് സുഖമില്ലാത്തവൻ എന്നൊക്കെ വിശേഷിപ്പിച്ച ഡിംപലിനെ മോഹൻലാൽ പരസ്യമായി വിമർശിക്കുകയും ചെയ്തു.
“ഇവിടെ വരുന്നതിനു മുൻപ് ഡിംപലിന്റെ ശാരീരിക, മാനസികാവസ്ഥകൾ ഡോക്ടർ പരിശോധിച്ചിരുന്നില്ലേ. ഇവിടെ വന്നിരിക്കുന്ന ഓരോരുത്തരെയും അങ്ങനെ തന്നെയാണ് വീടിനകത്തേക്ക് കടത്തിവിട്ടിരിക്കുന്നത്. ഡിംപലിനെ പരിശോധിച്ച അതേ ഡോക്ടർ തന്നെയാണ് സായിയേയും പരിശോധിച്ചത്. ഞാൻ ആ ഡോക്ടറോട് സംസാരിച്ചിരുന്നു, നിങ്ങൾ രണ്ടാളും നോർമൽ ആണെന്നാണ് ഡോക്ടർ പറഞ്ഞത്,” മോഹൻലാൽ ഡിംപലിനോട് പറഞ്ഞു.
ദേഷ്യപ്പെടുമ്പോൾ അൽപ്പം അകലം പാലിച്ച് സംസാരിക്കണം, മറ്റുള്ളവരെ അടിയ്ക്കാൻ പോവുന്നതുപോലെ അവർക്കരികിലേക്ക് കയറി ചെല്ലരുത് എന്ന് മോഹൻലാൽ സായിയേയും ഉപദേശിച്ചിരുന്നു.
ഇരുവരുടെയും പ്രശ്നം മോഹൻലാൽ പറഞ്ഞ് അവസാനിച്ചതിനു പിന്നാലെയാണ് നോമിനേഷനിൽ സായി സേഫ് ആണെന്ന് അറിയിച്ചുകൊണ്ട് ‘കളിയാട്ടം’ റൗണ്ടിലെ സായിയുടെ പാട്ടെത്തിയത്. (കളിയാട്ടം റൗണ്ടിൽ മത്സരാർത്ഥികൾക്ക് നൽകിയ പാട്ട് പ്ലേ ചെയ്തു കൊണ്ടാണ് ഇത്തവണ നോമിനേഷനിൽ സേഫ് ആണെന്ന കാര്യം മോഹൻലാൽ മത്സരാർത്ഥികളെ അറിയിച്ചത്.) നോമിനേഷനിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ പാട്ടിനൊപ്പം നൃത്തം ചെയ്ത സായി ഡിംപലിനു മുന്നിലെത്തിയാണ് ചുവടുവെച്ചത്.
സായിയുടെ ആറ്റിറ്റ്യൂഡ് പ്രവോക്ക് ചെയ്യുന്ന രീതിയിലുള്ളതാണെന്നായിരുന്നു ഡിംപൽ മോഹൻലാലിനോട് പരാതി ഉന്നയിച്ചത്. അങ്ങനെ എന്തിന് കരുതണം? അയാൾ അയാളുടെ സന്തോഷത്തിന് ചെയ്തതല്ലേ, വിട്ടുകളയൂ എന്നായിരുന്നു മോഹൻലാൽ ഡിംപലിന് മറുപടി നൽകിയത്.
സായിയുടെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഉടനീളം വിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. ‘ഡിംപൽ പറഞ്ഞത് ശരിയാണന്നു സായ് തെളിയിച്ചു’, ‘ബിഗ് ബോസിൽ വരുമ്പോൾ സായിയെ പരിശോധിച്ച ഡോക്ടറെ ലാലേട്ടൻ ഒന്ന് പരിശോധിക്കണം’, ‘സായി നോർമൽ ആണെന്ന് പറഞ്ഞ തമിഴൻ ഡോക്ടർ അബ് നോർമൽ ആണ്’ എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം.