/indian-express-malayalam/media/media_files/uploads/2021/05/Remya-Panicker-Firoz-Khan.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ അതിന്റെ ഫൈനലിലേക്ക് കടക്കുകയാണ്. ഷോ തുടങ്ങിയിട്ട് 93 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെയും ചെന്നൈയിലും കോവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്ത് ഷോ രണ്ടാഴ്ചയിലേക്കു കൂടി നീട്ടിയിരിക്കുകയാണ് ഇപ്പോൾ.
18 മത്സരാർത്ഥികൾ ഉണ്ടായിരുന്ന ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് എട്ടുപേർ മാത്രമാണ്. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ രമ്യ പണിക്കർ, സൂര്യ മേനോൻ എന്നിവർ ബിഗ് ബോസ് ഹൗസിൽ നിന്നും ഔട്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുവന്ന രമ്യ പണിക്കർ കടുത്ത സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ പൊളി ഫിറോസ് ഖാന്റെ പേരിലുള്ള ഫാൻസ് ആർമിയാണ് രമ്യയ്ക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
അച്ചടക്ക നടപടികളുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കിയ മത്സരാർത്ഥിയായിരുന്നു ഫിറോസ് ഖാൻ. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളെ പലതവണ മാനസികമായി ആക്രമിച്ച ഫിറോസിന് ബിഗ് ബോസ് പലകുറി താക്കീത് നൽകിയിട്ടും അതേ സ്ട്രാറ്റജിയുമായി മുന്നോട്ട പോയപ്പോഴാണ് ഷോയിൽ നിന്നും പുറത്താക്കിയത്. ഫിറോസിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായ രമ്യ, സൂര്യ എന്നീ മത്സരാർത്ഥികൾ പരാതി ഉന്നയിച്ചതും ഫിറോസിന്റെ പുറത്താവലിന് കാരണമായിരുന്നു. മികച്ച ഗെയിമർ ആയിട്ടും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താലാണ് ഫിറോസിന് ഷോ വിട്ട് ഇറങ്ങേണ്ടി വന്നത്.
ഇപ്പോഴിതാ, രമ്യ കൂടി പുറത്തുവന്നതോടെ ഫിറോസ് ഷോ വിട്ട് ഇറങ്ങാൻ കാരണക്കാരി ആയ മത്സരാർത്ഥി എന്ന രീതിയിലാണ് ഫിറോസ് ഖാൻ ആർമി രമ്യയെ നോട്ടമിട്ടിരിക്കുന്നത്. രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ആക്രോശിച്ചുകൊണ്ട് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. സഹികെട്ട്, കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ് രമ്യ ഇപ്പോൾ.
"നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ," എന്ന രീതിയിലാണ് കമന്റുകൾ. ഒരു റിയാലിറ്റി ഷോയെ ഷോ മാത്രമായി കാണാതെ, വ്യക്തിപരമായ ആക്രമണം അഴിച്ചുവിടുന്ന ഈ ആർമിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് പ്രേക്ഷകരും സോഷ്യൽ മീഡിയയും രംഗത്തുണ്ട്. വലിയ വിമർശനമാണ് ഫിറോസ് ഖാൻ ആർമിയുടെ ഈ പ്രവർത്തിയ്ക്ക് എതിരെ ഉയരുന്നത്.
Read more: രജിത് കുമാറും ഫിറോസ് ഖാനും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.