Bigg Boss Malayalam 3: ലോക ടെലിവിഷന് ചരിത്രത്തിലെ സമാനതകളില്ലാത്ത ഗെയിം ഷോയാണ് ‘ബിഗ് ബോസ്.’ 2018ലാണ് ആദ്യമായി ‘ബിഗ് ബോസ്’ മലയാളത്തിലെത്തിയത്. വലിയ വിജയം കണ്ട സീരീസിന്റെ മൂന്നാം സീസൺ പുരോഗമിക്കുകയാണ് ഇപ്പോൾ.
വ്യത്യസ്ത ജീവിതസാഹചര്യത്തിൽ നിന്നു വരുന്ന, പരസ്പരം ബന്ധമില്ലാത്ത മത്സരാർത്ഥികൾ നൂറു ദിവസം ഒരു വീട്ടിൽ, പരിമിതമായ സൗകര്യങ്ങളിൽ, പുറംലോകവുമായി ഒരു സമ്പർക്കവുമില്ലാതെ കഴിയുക. ‘ബിഗ് ബോസ്’ മത്സരാർത്ഥികൾക്ക് നൽകുന്ന ഗെയിമുകളും ടാസ്കുകളും പ്രകടനവും അനുസരിച്ചാണ് വീടിനകത്തെ മത്സരാർത്ഥികളുടെ നിലനിൽപ്പ്. മത്സരാർത്ഥികളുടെ ഓരോ നീക്കങ്ങളും ദിവസം മുഴുവൻ എഴുപതിലേറെ ക്യാമറക്കണ്ണുകൾക്കു നിരീക്ഷിച്ചു കൊണ്ടേയിരിക്കും.
Read more: Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്
ഒരു വീടിനകത്തേക്ക് മാത്രമായി മത്സരാർത്ഥികളുടെ ദിനചര്യകൾ ചുരുങ്ങുമ്പോൾ മത്സരാർത്ഥികൾക്ക് വരുന്ന മാറ്റങ്ങളും കൂടെയുള്ളവരോട് അവർക്ക് തോന്നുന്ന സ്നേഹവും അടുപ്പവും അകൽച്ചയും ശത്രുതയുമൊക്കെ നേരിട്ട് കണ്ട് വിലയിരുത്താൻ പ്രേക്ഷകർക്കും അവസരം നൽകുകയാണ് ‘ബിഗ് ബോസ്.’ തങ്ങളുടേതായ കംഫർട്ട് സോണിനു പുറത്താവുമ്പോൾ മനുഷ്യരിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നു കൂടിയാണ് ‘ബിഗ് ബോസ്’ കാണിച്ചു തരുന്നത്. അതിനാൽ തന്നെ, മനുഷ്യരെ അവരിലേക്ക് തന്നെ നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു കണ്ണാടി കൂടിയായി ‘ബിഗ് ബോസ്’ ഷോയെ വിലയിരുത്താം. മത്സരാർത്ഥികളെ നിരന്തരം ഓഡിറ്റിംഗിനു വിധേയമാക്കുകയും പ്രശ്നങ്ങൾ ഇട്ട് കൊടുത്ത് അവയോട് ഓരോ മത്സരാർത്ഥിയും എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്തുകയും ചെയ്യുന്ന ‘ബിഗ് ബോസ്’ ചുരുങ്ങിയ കാലയളവില് തന്നെ പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യത ചെറുതല്ല.
Bigg Boss Malayalam 3: ആദ്യ 15 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ
Bigg Boss Malayalam 3: ‘ബിഗ് ബോസ്’ വീടിനകത്ത് മത്സരാർത്ഥികൾ 15 ദിവസങ്ങൾ പൂത്തിയാക്കിയിരിക്കുകയാണ് ഇന്ന്. നടനും കോമേഡിയനുമായ നോബി മാർക്കോസ്, സൈക്കോളജിസ്റ്റും മോഡലുമായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന് മജിസിയ ഭാനു, ആർ ജെയും മോഡലുമായ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടിയും മോഡലുമായ മിഷേൽ ആൻ ഡാനിയേൽ, മോഡലും സൈക്കോളജിസ്റ്റുമായ ഏഞ്ചൽ തോമസ്, നടി രമ്യ പണിക്കർ, മിനിസ്ക്രീൻ താരങ്ങളും ദമ്പതികളുമായ ഫിറോസ് ഖാൻ- സജ്ന എന്നിവരാണ് ബിഗ് ബോസ് മലയാളത്തിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥികൾ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് സജ്നയും ഫിറോസും, ഇരുവരെയും ഒറ്റ കണ്ടസ്റ്റന്റായി ആണ് മത്സരത്തിൽ പരിഗണിക്കുക. ആദ്യത്തെ എലിമിനേഷനിൽ ലക്ഷ്മി ജയൻ പുറത്തു പോയതോടെ 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിന് അകത്തുള്ളത്.
കൂടുതൽ വാശിയേറിയ മത്സരങ്ങളും പ്രശ്നങ്ങളുമെല്ലാമായി ബിഗ് ബോസ് മുന്നോട്ട് പോവുമ്പോൾ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനം എങ്ങനെയെന്ന് നോക്കാം.
നോബി മാർക്കോസ്
ബിഗ് ബോസ് ഹൗസിൽ ആർക്കും പ്രത്യേകിച്ച് പിണക്കമോ പ്രശ്നങ്ങളോ ഇല്ലാത്ത, എല്ലാവർക്കും സർവ്വസമ്മതനായ ഒരു മത്സരാർത്ഥിയുണ്ടെങ്കിൽ അത് നോബി മാർക്കോസ് ആണ്. വീടിനകത്തെ എല്ലാ സാഹചര്യങ്ങളോടും ഇണങ്ങി അധികം ബഹളമില്ലാതെ, പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മുന്നോട്ടു പോവുന്ന മത്സരാർത്ഥിയാണ് നോബി. ആരോടും ശത്രുത വെച്ചു പുലർത്തുകയോ, ഗ്രൂപ്പിസം കളിക്കുകയോ ചെയ്യാത്ത നോബി ബിഗ് ബോസ് ഹൗസിനകത്തെ ഓരോരുത്തർക്കും പ്രിയങ്കരനാണ്. ഇടയ്ക്ക് രസകരമായ കൗണ്ടർ ഡയലോഗുകളുമായി വീടിനകത്ത് ചിരിപ്പൂരം തീർക്കാനും നോബിയുണ്ട്.
ഒരു മത്സരാർത്ഥി എന്ന രീതിയിൽ നോക്കുമ്പോൾ ഗെയിം സ്ട്രാറ്റജികൾ ഒന്നുമില്ലാതെ, പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെ വീടിനകത്തും പെരുമാറുകയാണ് നോബി. ഒരു നല്ല മത്സരാർത്ഥി എന്നതിനേക്കാളും സ്നേഹവും ദയയുമുള്ള ഒരു നല്ല മനുഷ്യൻ എന്നാണ് ബിഗ് ബോസ് ഹൗസിലെ അംഗങ്ങളും പ്രേക്ഷകരും നോബിയെ വിലയിരുത്തുന്നത്. ഗെയിം പ്ലാനുകളെ കൊണ്ട് സഹമത്സരാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തുന്നില്ലെങ്കിലും വീടിനകത്തും പ്രേക്ഷകർക്കും ഇടയിലുള്ള ജനസമ്മിതി അവസാന അഞ്ചിൽ വരെ നോബിയെ കൊണ്ടെത്തിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
ഡിംപൽ ബാൽ
ആദ്യദിനം മുതൽ തന്നെ ബിഗ് ബോസ് വീട്ടിന്റെ ശ്രദ്ധ കവർന്ന മത്സരാർത്ഥികളിൽ ഒരാൾ ഡിംപൽ ആണ്. ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് ഡിംപൽ എന്ന മത്സരാർത്ഥിയുടെ പ്രത്യേകത. നടപ്പിലും വേഷത്തിലും നിലപ്പാടുകളിലും സംസാരത്തിലും സമീപനങ്ങളിലുമെല്ലാം ഡിംപൽ ആ വ്യത്യസ്ത സൂക്ഷിക്കുന്നു. ആത്മവിശ്വാസവും ഉത്സാഹവും കലർന്ന ചലനങ്ങളും കൃത്യമായ പ്രതികരണങ്ങളുമാണ് ആദ്യ ദിവസങ്ങളിൽ ഡിംപലിനെ ശ്രദ്ധേയയാക്കിയതെങ്കിൽ പിന്നീട് തന്റെ ആത്മസുഹൃത്തിനെ കുറിച്ച് ഡിംപൽ പങ്കുവച്ച കഥ ആരുടെയും കണ്ണു നനയിക്കുന്ന ഒന്നായിരുന്നു. ഡിംപൽ കത്തി ജ്വലിച്ചു നിൽക്കുന്ന ബിഗ് ബോസ് വീട്ടിലേക്കാണ് വൈൾഡ് കാർഡ് എൻട്രിയിലൂടെ മിഷേൽ എത്തുന്നത്. ഡിംപലിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ മിഷേലിന്റെ ഗെയിം സ്ട്രാറ്റജി ഹൗസിനകത്ത് ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചെറുതല്ല. ഡിംപലിന്റേത് ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നും ഷോയിൽ പ്രേക്ഷകരുടെ സഹതാപവോട്ട് കിട്ടാനായി മെനഞ്ഞെടുത്ത ഒന്നാണെന്നുമായിരുന്നു മിഷേലിന്റെ ആരോപണം.
ബിഗ് ബോസ് വീട്ടിലെ അംഗങ്ങളും പ്രേക്ഷകരും ഡിംപലിനെ സംശയദൃഷ്ടിയോടെ നോക്കാൻ ഈ സംഭവങ്ങൾ കാരണമായി. ഡിംപൽ പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമാക്കികൊണ്ട് ജൂലിയറ്റിന്റെ മാതാപിതാക്കൾ രംഗത്തു വന്നത് പ്രേക്ഷകർക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റിയെങ്കിലും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കിടക്കുന്ന ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾക്കിടയിൽ ഡിംപലിനെ കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഉള്ളത്. പല വിഷയങ്ങളിലും ഡിംപൽ എടുക്കുന്ന നിലപാടുകളും പ്രതികരണങ്ങളുമെല്ലാം മറ്റ് അംഗങ്ങൾക്കിടയിൽ നീരസം ഉണ്ടാക്കുന്നുണ്ട്. ഈ ആഴ്ച നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മത്സരാർത്ഥിയും ഡിംപലാണ്. ഡിംപലുമായി ഒത്തുപോവാൻ ബുദ്ധിമുട്ട് തോന്നുന്നു എന്നാണ് പലരും നോമിനേഷൻ വേളയിൽ പറഞ്ഞത്.
12-ാം വയസ്സിൽ ജീവിതത്തിലേക്ക് എത്തിയ അപൂർവ്വമായ ക്യാൻസർ രോഗത്തെ അതിജീവിച്ച, ജീവിതത്തിൽ പോരാളിയായ ഡിംപലിനെ ശക്തയായൊരു മത്സരാർത്ഥിയായാണ് വീട്ടിലെ അംഗങ്ങൾ കാണുന്നത്. എല്ലാറ്റിനെയും തന്റേടത്തോടെ നോക്കികാണുകയും മുഖം നോക്കാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുന്ന ഡിംപലിന് ബിഗ് ബോസ് വീട്ടിലെ മുന്നോട്ടുള്ള യാത്ര എത്രത്തോളം ദുഷ്കരമായിരിക്കുമെന്ന് കാത്തിരുന്ന് കാണ്ടേണ്ടതാണ്.
മണിക്കുട്ടൻ
ബിഗ് ബോസ് ഹൗസിലെ ഏറ്റവും കരുത്തനായ ഒരു മത്സരാർത്ഥി എന്നു വിശേഷിപ്പിക്കാവുന്ന ഒരാൾ മണിക്കുട്ടനാണ്. ആദ്യ ദിവസങ്ങളിൽ വീടിനകത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നതിൽ അത്രയ്ക്ക് വിജയിച്ചില്ലെങ്കിലും പതിയ ട്രാക്കിൽ കയറിയിരിക്കുകയാണ് മണിക്കുട്ടൻ ഇപ്പോൾ. ഏതു സാഹചര്യത്തെയും വളരെ കൂളായി കൈകാര്യം ചെയ്യുന്നു എന്നതാണ് മണിക്കുട്ടന്റെ സവിശേഷത. അനാവശ്യമായ ബഹളങ്ങളില്ല, ഓരോ കാര്യങ്ങൾക്കും കൃത്യമായ അഭിപ്രായവും പ്രതികരണവും. ഏറ്റവും പക്വതയോടെ, പ്രതിപക്ഷ ബഹുമാനത്തോടെ, നല്ല അന്തസ്സായി ഗെയിം കളിക്കുന്ന മത്സരാർത്ഥി എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും മണിക്കുട്ടനെ വിലയിരുത്തുന്നത്.
മണിക്കുട്ടനെ ഒരു ലവ് ട്രാക്കിൽ വീഴ്ത്തുക എന്നൊരു ഉദ്ദേശത്തോടെ ഏഞ്ചൽ എന്ന മത്സരാർത്ഥിയെ ബിഗ് ബോസ് കൊണ്ടുവന്നെങ്കിലും അതിലേക്കൊന്നും ശ്രദ്ധ പോവാതെ ഗെയിമിൽ തന്നെ ശ്രദ്ധയൂന്നി മുന്നേറുകയാണ്. ഒരു നടൻ എന്ന രീതിയിൽ മണിക്കുട്ടനെ ഇഷ്ടമില്ലാതിരുന്നവർ പോലും ഇപ്പോൾ വ്യക്തിയെന്ന നിലയിൽ മണിക്കുട്ടനെ അംഗീകരിക്കുന്നു എന്നതാണ് സത്യം. ക്യാമറ നോക്കി സംസാരിക്കൽ, അമിതമായ വികാരപ്രകടനങ്ങൾ എന്നിവയൊന്നുമില്ലാതെ ബാലൻസ് ചെയ്താണ് മണിക്കുട്ടൻ മുന്നോട്ടുപോവുന്നത്. വഴക്കുകളിൽ പോലും മണിക്കുട്ടൻ പാലിക്കുന്ന ആത്മനിയന്ത്രണം എടുത്തു പറയാതെ വയ്യ. കഴിഞ്ഞ ദിവസം സായി വിഷ്ണുവുമായുള്ള വഴക്കിനിടയിൽ പോലും അധികം പ്രകോപിതനാവാതെ മണിക്കുട്ടൻ എടുത്ത നിലപാട് കയ്യടി അർഹിക്കുന്നുണ്ട്. ക്യാപ്റ്റൻ എന്ന നിലയിലും തെറ്റില്ലാത്ത പ്രകടനമാണ് മണിക്കുട്ടൻ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഓടിയെത്താനും കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമൊക്കെ ആത്മാർത്ഥമായി തന്നെയുള്ള പരിശ്രമം മണിക്കുട്ടനിൽ കാണാം.
സൂര്യ മേനോൻ
മറ്റുള്ളവരുടെ വ്യക്തിപ്രഭയിൽ താൻ നിഷ്പ്രഭമായി പോവുമോ എന്ന ആത്മവിശ്വാസക്കുറവും ഉൾഭയവും എല്ലാം പ്രകടിപ്പിച്ച സൂര്യയെ ആണ് ആദ്യദിനങ്ങളിൽ പ്രേക്ഷകർ കണ്ടത്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ മുന്നോട്ട് പോവാൻ സൂര്യയെന്ന മത്സരാർത്ഥിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ആഴ്ച തന്നെ ക്യാപ്റ്റനാവാൻ അവസരം ലഭിച്ച സൂര്യ തെറ്റില്ലാതെ തന്നെ ആ റോൾ മനോഹരമാക്കി. വീടിനകത്ത് അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സൂര്യയുടെ മറ്റൊരു പ്ലസ് പോയിന്റ്.
സഹമത്സരാർത്ഥികൾ അൽപ്പം ഡൗൺ ആവുമ്പോൾ അവർക്ക് ആശ്വാസം പകരാനും ചേർത്തുനിർത്താനുമൊന്നും സൂര്യ മടിക്കുന്നില്ല. പൊതുവെ പതിഞ്ഞ സൂര്യയുടെ സ്വഭാവമാണ് ആകെ തിരിച്ചടിയാവുന്നത്. ആക്റ്റിവ് അല്ല എന്ന രീതിയിലാണ് അതിനെ സഹമത്സരാർത്ഥികളിൽ പലരും വിലയിരുത്തുന്നത്. അത്തരം വിമർശനങ്ങളെയെല്ലാം ചെറുത്തുനിർത്താൻ സൂര്യ ശ്രമിക്കുന്നുണ്ട്. വളരെ ജെനുവിൻ ആയ, കാപട്യങ്ങൾ ഇല്ലാത്ത ഒരാൾ എന്നതാണ് സൂര്യയ്ക്ക് നിലവിലുള്ള ഇമേജ്.
അനൂപ് കൃഷ്ണൻ
ഒട്ടും കണ്ടന്റ് ഇല്ലാത്ത ഒരു മത്സരാർത്ഥി എന്ന് ആദ്യദിനങ്ങളിൽ തോന്നിപ്പിച്ചിരുന്നെങ്കിലും പിന്നീട് തന്റേതായ സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കാൻ അനൂപ് കൃഷ്ണന് സാധിച്ചിട്ടുണ്ട്. മിമിക്രി ചെയ്ത് കയ്യടി വാങ്ങാൻ മാത്രമല്ല, നിലപാടുകളിൽ ഉറച്ച് നിന്ന് കയ്യടി വാങ്ങാനും തനിക്ക് കഴിയുമെന്ന് അനൂപ് തെളിയിച്ചു.
ഒന്നിച്ചുള്ള സദസ്സുകളിൽ തനിക്കു പറയാനുള്ളത് വെട്ടിത്തുറന്ന് പറയാനും അനൂപ് മടിക്കുന്നില്ല. ഫിറോസുമായുള്ള അനൂപിന്റെ വഴക്ക് ഒക്കെ ഏറെ സ്ക്രീൻ സ്പേസ് അനൂപിനു നൽകിയ ഒന്നായിരുന്നു. ഇംപ്രൂവ് ചെയ്യുന്ന മത്സരാർത്ഥി എന്നു തന്നെ അനൂപിനെ വിലയിരുത്താം.
സായി വിഷ്ണു
രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ സമ്പാദിച്ച മത്സരാർത്ഥിയാണ് സായി വിഷ്ണു. ആദ്യദിവസങ്ങളിൽ സ്ക്രീൻ സ്പേസ് ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട സായി രണ്ടാമത്തെ ആഴ്ചയിലെത്തുമ്പോൾ അനാവശ്യ പ്രശ്നങ്ങളിലൂടെ ശ്രദ്ധ കവരാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഡിംപൽ- ഏഞ്ചൽ ദോശ പ്രശ്നത്തിലുള്ള സായിയുടെ ഇടപെടലും മണിക്കുട്ടനുമായുള്ള വഴക്കുമൊക്കെ അനാവശ്യമായ ഒന്നായിരുന്നു. വഴക്കിടുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും സ്ത്രീകളോടുള്ള ബഹുമാനക്കുറവും അവരെ സംബോധന ചെയ്യുന്ന രീതിയുമെല്ലാം സായിയ്ക്ക് എങ്ങനെയാണ് നെഗറ്റീവ് ആയി ബാധിക്കാൻ പോവുന്നതെന്ന് കണ്ടറിയണം.
കിടിലം ഫിറോസ്
ആദ്യദിവസങ്ങളിൽ കൃത്യമായ ഗെയിം പ്ലാനുകളുണ്ടെന്ന് തോന്നിപ്പിച്ച കിടിലം ഫിറോസ് രണ്ടാഴ്ച പിന്നിടുമ്പോൾ വളരെ ദുർബലനായൊരു മത്സരാർത്ഥിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പുതിയ എൻട്രികളുടെ വരവും മണിക്കുട്ടന്റെ മികച്ച പ്രകടനവുമെല്ലാം ഫിറോസിന്റെ ആത്മവിശ്വാസത്തെ കെടുത്തിയതു പോലുണ്ട്. ആപ്പിൾ വിഷയത്തിൽ കള്ളം പറഞ്ഞെങ്കിലും മോഹൻലാൽ തെളിവോടെ പൊക്കിയതിന്റെ ജാള്യതയും ഫിറോസിനെ ഇതുവരെ വിട്ടുപോയിട്ടില്ല. ദേവാസുരം ഗെയിമിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വയം ജയിൽ ശിക്ഷ ഏറ്റുവാങ്ങുകയാണ് ഫിറോസ് ചെയ്തത്.
‘വീടിനെ മിസ്സ് ചെയ്യുന്നു, തിരികെ പോവണം,’ എന്നൊക്കെയുള്ള ചില കമന്റുകളും ഫിറോസ് സഹമത്സരാർത്ഥികളുമായി പങ്കുവയ്ക്കുന്നുണ്ട്. കുറച്ചുകൂടി ഊർജ്വസ്വലതയോടെ, സ്ട്രാറ്റജിയോടെ കളിച്ചില്ലെങ്കിൽ മറ്റു മത്സരാർത്ഥികളുടെ ഇടയിൽ പിടിച്ചുനിൽക്കാൻ ഫിറോസ് അൽപ്പം ബുദ്ധിമുട്ടേണ്ടി വരും. ആദ്യദിവസം ഫിറോസ് ഉപദേശിച്ച സൂര്യ പോലും ഒരു മത്സരാർത്ഥി എന്ന രീതിയിൽ ഏറെ ഇംപ്രൂവ് ചെയ്ത സാഹചര്യത്തിൽ ഫിറോസിന് കിടിലം പ്രകടനം കാഴ്ച വെയ്ക്കാതെ രക്ഷയില്ല.
ഋതു മന്ത്ര
അവസാന ആഴ്ചയിലെ എലിമിനേഷനിൽ തലനാരിഴയ്ക്ക്, വോട്ടു കൊണ്ട് മാത്രം രക്ഷപ്പെട്ട മത്സരാർത്ഥിയാണ് ഋതു. പെർഫോമൻസ് ലെവലിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രതികരണങ്ങളിലും വീടിനകത്തെ ഇടപെടലുകളിലും തന്റേതായൊരു ഇടം കണ്ടെത്താൻ ഋതുവിനായിട്ടില്ല.
ഋതു അൽപ്പമെങ്കിലും ബോൾഡ് ആയൊരു തുറന്നു പറച്ചിൽ നടത്തിയത്, അവസാന ആഴ്ചത്തെ എലിമിനേഷനിടയിൽ സഹമത്സരാർത്ഥികളെ വിലയിരുത്താനായി മോഹൻലാൽ നൽകിയ ഗെയിമിനിടയിലാണ്. ഫിറോസ്- സജ്ന ദമ്പതികളെ കുറിച്ചുള്ള തന്റെ നിരീക്ഷണം കൃത്യതയോടെയും ഉറച്ച ശബ്ദത്തിലും ഋതു പറഞ്ഞു. അഡോണിയുമായി അല്ലാതെ വീടിനകത്ത് മറ്റാരുമായും നല്ല അടുപ്പം ഉണ്ടാക്കാൻ ഋതുവിന്റെ ഭാഗത്തു നിന്നും ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.
മജിസിയ ഭാനു
ബിഗ് ബോസ് വീടിനകത്തെ കരുത്തയായൊരു മത്സരാർത്ഥിയായി തുടരുകയാണ് മജിസിയ ഭാനു. നോബിയെ പോലെ തന്നെ, വീട്ടിലെ അംഗങ്ങൾക്കിടയിൽ ഭൂരിഭാഗം പേർക്കും ഇഷ്ടമുള്ള വ്യക്തിത്വമാണ് മജിസിയ. തന്റെ അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടകേടുകളും തുറന്നു പറയാൻ മജിസിയ മടിക്കുന്നില്ല.
എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കാനും ബിഗ് ബോസ് വീടിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ തന്റെ ഉത്തരവാദിത്വങ്ങൾ കൃത്യമായി വിനിയോഗിക്കാനും മജിസിയ മുന്നിൽ തന്നെയുണ്ട്. ബിഗ് ബോസ് വീട്ടിൽ ഡിംപലിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറാനും മജിസിയയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
അഡോണി ജോൺ
സോഷ്യൽ മീഡിയയിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന മത്സരാർത്ഥിയാണ് അഡോണി. പെൺകുട്ടികളുമായുള്ള സൗഹൃദം, പ്രത്യേകിച്ചും ഋതുവുമായുള്ള അഡോണിയുടെ സൗഹൃദമാണ് സോഷ്യൽ മീഡിയ പ്രധാനമായും ചൂണ്ടികാണിക്കുന്നത്. ഒരു പ്ലെയർ എന്ന രീതിയിൽ ആവറേജിലും താഴെ മാത്രം പെർഫോമൻസ് കാഴ്ച വയ്ക്കാനെ അഡോണിയ്ക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ.
ബിഗ് ബോസ് പ്രേക്ഷകരിൽ പലരും ഇഷ്ടപ്പെടാത്ത ഒരു കാര്യം സംഘം ചേർന്ന് വ്യക്തികളെ കോർണർ ചെയ്യുന്ന രീതിയാണ്. അഡോണി, സായ്, റംസാൻ എന്നിവരുടെ ഗ്രൂപ്പിസം ഹൗസിനകത്തും പ്രേക്ഷകർക്കിടയിലും വിമർശനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗ്രൂപ്പിസം മാറ്റിവെച്ച് ഒറ്റയ്ക്ക് നിന്ന് കളിച്ച് ജയിക്കാൻ ശ്രമിച്ചെങ്കിൽ മാത്രമേ ബിഗ് ബോസ് വീട്ടിൽ അഡോണിയുടെ യാത്ര സുഖകരമാവൂ.
റംസാൻ
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ റംസാൻ ഗെയിം പ്ലാനുകൾ മാറ്റി മാറ്റി പരീക്ഷിക്കുകയാണ്. എല്ലാവരോടും ഒത്തുപോവാൻ റംസാന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമം തന്നെയുണ്ടാവുന്നുണ്ട്. എന്നിരുന്നാലും അഡോണി- സായ് ഗ്രൂപ്പിന്റെ സ്വാധീനം റംസാൻ എന്ന മത്സരാർത്ഥിയ്ക്ക് നെഗറ്റീവായി മാറുന്നുണ്ടെന്ന് പറയാതെ വയ്യ.
സന്ധ്യ മനോജ്
അതിവേഗം മുന്നേറുന്ന ഒരു മത്സരാർത്ഥിയായി സന്ധ്യ മാറുന്നുണ്ട്. വീടിനകത്ത് തന്റെ നിലപാടുകൾക്കും പ്രതികരണങ്ങൾക്കും ഒരു സ്പേസ് ഉണ്ടാക്കിയെടുക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നർത്തകി എന്നതിനപ്പുറത്തേക്ക് സന്ധ്യ എന്ന വ്യക്തിയെ കൂടുതൽ മനസ്സിലാക്കാനുള്ള അവസരം ഇപ്പോൾ പ്രേക്ഷകർക്ക് ഈ മത്സരാർത്ഥി സമ്മാനിക്കുന്നുണ്ട്. ഒട്ടും ഭീഷണിയേ അല്ല എന്ന രീതിയിൽ മറ്റുള്ളവർക്ക് എളുപ്പം മാറ്റിനിർത്താവുന്ന ഒരു മത്സരാർത്ഥിയല്ല സന്ധ്യ. നന്നായി കളിച്ചു മുന്നേറുന്നവർക്ക് മുന്നിൽ ഭീഷണി ഉയർത്താൻ മാത്രം കണ്ടന്റ് സന്ധ്യയുടെ കയ്യിലുണ്ട്.
ഭാഗ്യലക്ഷ്മി
ബിഗ് ബോസ് വീടിനകത്തെ ഏറ്റവും മുതിർന്നയാളും താരതമ്യേന പ്രശസ്തയുമായ ഭാഗ്യലക്ഷ്മി സഹമത്സരാർത്ഥികൾക്ക് വെല്ലുവിളിയുയർത്തുന്ന ഒരു സാന്നിധ്യമാണ്. പ്രായത്തിന്റെ ബഹുമാനവും സ്നേഹവുമൊക്കെ നൽകിയാണ് സഹമത്സരാർത്ഥികൾ ആദ്യമൊക്കെ ഭാഗ്യലക്ഷ്മിയോട് ഇടപ്പെട്ടതെങ്കിലും ക്യാപ്റ്റൻ ആയ സമയത്തെ ഭാഗ്യലക്ഷ്മിയുടെ ചില നിലപാടുകൾ പലരിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഡിംപൽ, സൂര്യ, മണിക്കുട്ടൻ തുടങ്ങി പലർക്കും ബിഗ് ബോസ് ഹൗസിനകത്ത് ഭാഗ്യലക്ഷ്മിയുടെ നിലപാടുകളോട് വിയോജിപ്പുണ്ട്.
തുടർച്ചയായി രണ്ടു തവണയും എലിമിനേഷനിലും ഭാഗ്യലക്ഷ്മിയുടെ പേര് ഉയർന്നു വന്നിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിന് അകത്തു മാത്രമല്ല, പുറത്തും ഭാഗ്യലക്ഷ്മിയ്ക്ക് ഏറെ ഹേറ്റേഴ്സ് ഉള്ളതിനാൽ എത്രനാൾ ഷോയിൽ തുടരാനാവുമെന്ന് പറയാനാവില്ല. എലിമിനേഷനിലെ കൂടുതൽ ഫാൻ ഫോളോവേഴ്സ് ഉള്ള ആരെങ്കിലുമാണ് ഒപ്പം വരുന്നതെങ്കിൽ ഭാഗ്യം ഭാഗ്യലക്ഷ്മിയെ തുണയ്ക്കണമെന്നില്ല.
മിഷേൽ ആൻ ഡാനിയേൽ
ഒരു മത്സരാർത്ഥി എങ്ങനെ ഗെയിം കളിക്കരുതെന്നതിന് ഉത്തമ ഉദാഹരണമാണ് മിഷേൽ. ഡിംപലിനെ ടാർഗറ്റ് ചെയ്യുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ് വന്നതെന്ന് തോന്നിപ്പിക്കുന്ന മിഷേലിന്റെ കളികൾ ആദ്യ ആഴ്ച തന്നെ തിരിച്ചടിയായ കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഗെയിം റൂളുകൾ തെറ്റിച്ചതിന് മോഹൻലാലിന്റെ കയ്യിൽ നിന്നും വഴക്കും ബിഗ് ബോസിന്റെ വക നേരിട്ട് നോമിനേഷനിലേക്ക് ടിക്കറ്റും കിട്ടിയിരിക്കുകയാണ് മിഷേൽ. ഡിംപൽ വിഷയത്തിൽ ഉണ്ടാക്കിയ പുകിൽ അല്ലാതെ മറ്റൊരിടത്തും മിഷേലിന് ഇതുവരെ സ്ക്രീൻ സ്പേസ് കണ്ടെത്താനായിട്ടില്ല.
രമ്യ പണിക്കർ കൂടി വന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് മിഷേൽ. ‘പറഞ്ഞാൽ പാരവയ്ക്കും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ ഒരാളോട് പറയാതെയാണ് വന്നതെന്ന് പറഞ്ഞില്ലേ, ആ ആൾ രമ്യയാണ്,’ എന്നാണ് മിഷേൽ ഭാഗ്യലക്ഷ്മിയോട് രഹസ്യം പറയുന്നത്. രമ്യയെ കണ്ടപ്പാടെ തന്നെ എനിക്ക് നെഗറ്റീവ് അടിച്ചുവെന്ന് മിഷേൽ സമ്മതിക്കുന്നുണ്ട്. മിഷേൽ- രമ്യ ഏറ്റുമുട്ടലിനു വഴിവെയ്ക്കുന്ന എന്തോ ഒന്ന് ഇരുവർക്കും ഇടയിലുണ്ടെന്ന സൂചനയാണ് മിഷേലിന്റെ സംസാരം സമ്മാനിക്കുന്നത്. ഈ എലിമിനേഷൻ കടന്നുകിട്ടിയാൽ, ബിഗ് ബോസ് ഹൗസിനകത്ത് ചുവടുറപ്പിക്കണമെങ്കിൽ, ഏറെ അധ്വാനിക്കേണ്ടിവരും മിഷേൽ.
ഫിറോസ് ഖാൻ- സജ്ന
ബിഗ് ബോസ് ഹൗസിൽ കുറുക്കന്റെ കൗശലത്തോടെ മുന്നോട്ടു പോവുന്ന ഏക മത്സരാർത്ഥിയാണ് ഫിറോസ് ഖാൻ. ഫെയർ ഗെയിം എന്ന ആശയത്തോട് ഫിറോസിന് ഒട്ടും താൽപ്പര്യമില്ലെന്ന് ആദ്യദിവസം തന്നെ തെളിയിക്കപ്പെട്ടതാണ്. മിഷേലിനെ കരുവാക്കി ഡിംപൽ വിഷയം ആളികത്തിച്ച് ആദ്യദിവസം തന്നെ തന്റെ വരവ് ഫിറോസ് അറിയിച്ചു. നിസാര പ്രശ്നങ്ങൾ ഊതി കത്തിക്കാനുള്ള ഫിറോസിന്റെ കഴിവാണ് കഴിഞ്ഞ ആഴ്ചകളിലെ മിക്ക പൊട്ടിത്തെറികൾക്കും പിന്നിലുള്ളത്. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണൻ, ഡിംപൽ തുടങ്ങിയവരുമായെല്ലാം ഫിറോസ് കൊമ്പു കോർത്തു കഴിഞ്ഞു. ദോശ പ്രശ്നത്തിൽ നിന്നൊക്കെ ഫിറോസ് തുടങ്ങി വച്ച വഴക്ക്, അയാളിലെ കൗശലത്തിന് ഉത്തമ ഉദാഹരണമാണ്. വഴക്ക് മറ്റുള്ളവരിലേക്ക് ആളിപടരുമ്പോൾ രംഗത്തു നിന്നും ഉൾവലിഞ്ഞ് ഒരു കാഴ്ചക്കാരനായോ സമാധാനദൂതനായോ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഫിറോസിൽ കാണാൻ കഴിയുന്നത്.
ഭസ്മാസുരന് വരം കിട്ടിയ അവസ്ഥയാണ് ഫിറോസിന്റേത്. കൗശലത്തോടെ ബിഗ് ബോസ് വീട്ടിൽ ഫിറോസ് തന്റെ ഇടം ഉറപ്പിക്കാൻ ശ്രമിക്കുമ്പോഴും അയാളുടെ ദൗർബല്യം സജ്നയാണ്. ദമ്പതികളെന്ന രീതിയിൽ ഒറ്റ മത്സരാർത്ഥിയായാണ് ഇരുവരും ഗെയിമിൽ പരിഗണിക്കപ്പെടുന്നത്. ഒരാൾ കളിച്ചു മുന്നേറുമ്പോൾ മറ്റേയാൾ വീക്ക് ആണെങ്കിൽ അതെങ്ങനെയാണ് ആ പാർട്ണർഷിപ്പിനെ ബാധിക്കുക എന്നതിന്റെ ഉദാഹരണമാണ് ഫിറോസും സജ്നയും. ചെറിയ കാര്യങ്ങൾക്കു പോലും വലിയ വഴക്കുകൾ ഉണ്ടാക്കുകയും വളരെ ഇമോഷണലായി ഇടപെടുകയും ചെയ്യുന്ന സജ്ന ഇതിനകം തന്നെ നല്ല രീതിയിൽ പ്രേക്ഷകരെ മടുപ്പിച്ചു കഴിഞ്ഞു. ഇടയ്ക്ക് ആത്മഹത്യ ഭീഷണി മുഴക്കി ബിഗ് ബോസിന്റെ കയ്യിൽ നിന്നും താക്കീതും വാങ്ങി ഇരിക്കുകയാണ് സജ്ന. ഗ്രൂപ്പ് നിയമങ്ങൾ തെറ്റിച്ചതിന് എലിമിനേഷനിലേക്ക് നേരിട്ട് നോമിനേഷനും ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് ഡ്രാമ ക്വീൻ ആയി മാറുന്ന സ്വഭാവം നിയന്ത്രിച്ച്, ബുദ്ധിയോടെയും കൗശലത്തോടെയും ഫിറോസിനൊപ്പം നിന്ന് മുന്നേറാൻ സജ്ന കൂടി ശ്രമിച്ചാൽ മാത്രമേ ഈ ദമ്പതിമാർക്ക് ബിഗ് ബോസിൽ തുടരാനാവൂ.
ഏഞ്ചൽ തോമസ്
വന്നിട്ട് ഏതാനും ദിവസങ്ങൾ മാത്രം ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കാൻ ഏഞ്ചലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവരോടും സൗഹാർദ്ദത്തോടെ ഇടപെടാനും ഏഞ്ചൽ ശ്രമിക്കുന്നുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ വരുമ്പോൾ ഏഞ്ചൽ എങ്ങനെ പ്രതികരിക്കും, തീരുമാനങ്ങൾ എടുക്കേണ്ടിടത്ത് എത്രത്തോളം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവും എന്നതൊക്കെ മുന്നോട്ടുള്ള നിലനിൽപ്പിനെ ആശ്രയിക്കുന്ന ഘടകങ്ങളാണ്.
രമ്യ പണിക്കർ
ഏഞ്ചലിനൊപ്പമാണ് വന്നതെങ്കിലും ഇതുവരെ സ്ക്രീൻ സ്പേസ് കണ്ടെത്താൻ കഴിയാത്ത മത്സരാർത്ഥിയാണ് രമ്യ പണിക്കർ. താനെന്ന ഒരാൾ ഇവിടെയുണ്ടെന്ന് പ്രേക്ഷകരെയും ബിഗ് ബോസ് വീട്ടിലെ മറ്റു അംഗങ്ങളെയും ഉടനെ തന്നെ ബോധ്യപ്പെടുത്തുക എന്നതാണ് രമ്യ പണിക്കർ എന്ന മത്സരാർത്ഥിയ്ക്ക് മുന്നിലുള്ള എമർജൻസി ടാസ്ക്.
ഒന്നും ശാശ്വതമല്ലാത്ത, സ്ഥിതിഗതികൾ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്ന ബിഗ് ബോസ് വീടിനകത്ത് ആരൊക്കെ വാഴും, വീഴുമെന്നത് വരുന്ന മാസങ്ങളിൽ കണ്ടു തന്നെ അറിയണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook