Bigg Boss Malayalam Season 3: ഇന്ന് വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാൽ ബിഗ് ബോസ് വീട്ടിലെ പ്രണയങ്ങളെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. എന്താണ് ഏയ്ഞ്ചലേ മുഖത്തൊരു ഭാവം? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ഏയ്ഞ്ചൽ പറഞ്ഞപ്പോൾ അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ എന്നായിരുന്നു മോഹൻലാൽ ചിരിയോടെ പറഞ്ഞത്.
തുടർന്ന് അഡോണിയോട് ആയിരുന്നു മോഹൻലാലിന്റെ ചോദ്യം. ഏയ്ഞ്ചലിനെ നോക്കി ഐ ലവ് യു പറയാമോ എന്ന് മോഹൻലാൽ ചോദിച്ചു. വന്ദനം സിനിമയിലെ “എന്നാൽ എന്നോട് പറ ഐ ലവ് യൂ,” എന്ന ഡയലോഗ് മോഹൻലാൽ തമാശ രൂപേണ പറഞ്ഞത് എല്ലാവരിലും ചിരിയുണർത്തി. ബിഗ് ബോസ് ഹൗസിൽ സൂര്യ അദൃശ്യമായി സ്നേഹിക്കുന്ന ആ വ്യക്തി ആരാണെന്നുമൊക്കെ മോഹൻലാൽ ചോദിച്ചു. അതെന്റെ മനസ്സിൽ തന്നെ നിൽക്കട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി.
അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റൻസി ടാസ്കും ഇന്ന് അരങ്ങേറി. നോബി, കിടിലം ഫിറോസ്, അഡോണി എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ. നോബിയ്ക്ക് കൈമുട്ടിനു വേദനയുള്ളതിനാൽ റംസാനാണ് നോബിയ്ക്ക് പകരം ടാസ്കിൽ മത്സരിച്ചത്. റംസാൻ ടാസ്കിൽ വിജയിക്കുകയും അതുവഴി നോബി ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അടുത്തത് എവിക്ഷനുള്ള സമയമായിരുന്നു. നോമിനേഷൻ ലിസ്റ്റിലുള്ള ഡിംപൽ ബാൽ, സൂര്യ, ഭാഗ്യലക്ഷ്മി, സായി, അനൂപ്, ഫിറോസ് ഖാൻ, സജ്ന, മിഷേൽ എന്നിവരിൽ നിന്നും ഈ ആഴ്ച പുറത്തുപോയത് മിഷേൽ ആൻ ഡാനിയേൽ ആണ്.
ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിനാൽ ആദ്യ ആഴ്ച തന്നെ ബിഗ് ബോസിൽ നിന്നും നേരിട്ട് എലിമിനേഷനിലേക്ക് നോമിനേഷൻ ലഭിച്ച മത്സരാർത്ഥികളാണ് മിഷേൽ, ഫിറോസ്, സജ്ന എന്നിവർ. സജ്നയും ഫിറോസും തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും വീടിനകത്ത് തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയപ്പോൾ മിഷേലിന് വേണ്ടത്ര സ്ക്രീൻ പ്രസൻസ് നേടാൻ കഴിഞ്ഞിരുന്നില്ല. വോട്ടിംഗിലും വേണ്ടത്ര വോട്ടുകൾ നേടാൻ മിഷേലിന് സാധിക്കാതെ വന്നതോടെയാണ് ഇപ്പോൾ ഗെയിമിൽ നിന്നും പുറത്തായിരിക്കുന്നത്.
Read more: Bigg Boss Malayalam Season 3: തരികിട അഭ്യാസം എന്നോട് വേണ്ട; മത്സരാർത്ഥികളോട് കയർത്ത് മോഹൻലാൽ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook