Bigg Boss Malayalam 3: ബിഗ് ബോസ് മലയാളം പതിനേഴാം ദിവസത്തേക്ക് കടക്കുമ്പോൾ വീടിനകത്തെ അന്തരീക്ഷവും കലുഷിതമാകുകയാണ്. വഴക്കിന്റെ പര്യായമായി മാറുന്ന ഫിറോസ് ഖാനെയാണ് ഇന്നത്തെ എപ്പിസോഡിലും കാണാനാവുക. കിടിലം ഫിറോസിനോടാണ് ഫിറോസ് ഖാന്റെ ഇന്നത്തെ ഏറ്റുമുട്ടൽ. പേരിൽ കിടിലം എന്നൊരു പേരും മുഖത്ത് ആർട്ടിഫിഷ്യൽ ചിരിയും ഫിറ്റ് ചെയ്താണ് ഫിറോസ് വീടിനകത്ത് പെരുമാറുന്നത്, നാച്യുറൽ ആയി പെരൂമാറൂ എന്നാണ് ഫിറോസ് ഖാന്റെ ഉപദേശം.
ഫിറോസ് ഖാൻ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോഴും ചിരിയോടെയാണ് ഫിറോസ് പ്രതികരിക്കുന്നത്. “എനിക്ക് നീയൊരു മത്സരാർത്ഥിയേ അല്ല. വൈകുന്നേരം വരെ നീയെന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും എനിക്കൊരു മാറ്റവുമില്ല. അനാവശ്യമായ വഴക്കുകൾ ഉണ്ടാക്കുമ്പോൾ നീയാണ് കോമാളി ആയികൊണ്ടിരിക്കുന്നത്,” എന്നാണ് കിടിലം ഫിറോസ് ഖാനോട് പറയുന്നത്.
ഇരുവരുടെയും വഴക്കിനിടെ രമ്യ പണിക്കർ ഇടപെടുന്നതോടെ വഴക്ക് ഫിറോസ് ഖാനും രമ്യയും തമ്മിലാവുന്നു. ഫിറോസിന് ഉരുളയ്ക്ക് ഉപ്പേരി മറുപടി കൊടുക്കുകയാണ് രമ്യ. എന്നാൽ രമ്യയോട് വളരെ മോശമായ രീതിയിലാണ് ഫിറോസ് ഖാൻ സംസാരിക്കുന്നത്. “നിന്നോട് സംസാരിക്കാൻ അറപ്പാണ്”, ” ആ വാട്ടർ ബോട്ടിൽ എങ്ങാനും എന്റെ ശരീരത്തിൽ തട്ടിയാൽ തലമണ്ടയ്ക്ക് അടിക്കുമെന്നാണ്,” ഫിറോസ് രമ്യയെ ഭീഷണിപ്പെടുത്തുന്നത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ എന്ന് ക്യാപ്റ്റനായ മണികുട്ടൻ ഫിറോസിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഫിറോസ് ഖാനുമായി ഉണ്ടായ വഴക്കിനെ കുറിച്ച് രമ്യ പിന്നീട് മണിക്കുട്ടനോടും ഡിംപലിനോടും സംസാരിക്കുന്നു. ഡിംപലിന്റെ നിർദ്ദേശപ്രകാരം രമ്യ ഇക്കാര്യം ബിഗ് ബോസിനോട് പരാതി പെടുകയും പ്രശ്നത്തെ കുറിച്ച് ചോദിച്ചറിയാനായി ബിഗ് ബോസ് രമ്യയേയും ഫിറോസിനെയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നു. ഇരുവരോടും സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ ബിഗ് ബോസ് ഫിറോസിനെ താക്കീത് ചെയ്യുകയാണ്. എന്തിന്റെ പേരിൽ ആയാലും സഹമത്സരാർത്ഥികളെ ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരാണ്, ഇനി അത്തരം അവസരങ്ങൾ ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് ബിഗ് ബോസ് ഫിറോസിന് നൽകുന്ന താക്കീത്.
Read more: Bigg Boss Malayalam: ആരാവും ഫൈനലിൽ എത്തുക? ലക്ഷ്മി ജയൻ പറയുന്നു