Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ ഭക്ഷണത്തിന്റെ പേരിലുള്ള വഴക്കുകൾ അവസാനിക്കുന്നതേയില്ല. ചായയെ ചൊല്ലിയുള്ള വഴക്കാണ് ഇതുവരെയെങ്കിൽ ഇന്നത്തെ വഴക്കിന്റെ വിഷയം ദോശയാണ്. ഏഞ്ചൽ ഒരു ദോശ കൂടി അധികം ചോദിച്ചപ്പോൾ ഡിംപൽ തന്റെ പങ്കിൽ നിന്നും എടുത്തു കൊടുക്കുകയാണ്. എന്നാൽ ഡിംപൽ മനസ്സില്ലാമനസ്സോടെയാണ് ദോശ കൊടുത്തതെന്നും പറഞ്ഞ് ഫിറോസ് ഖാൻ പ്രശ്നം കൊഴുപ്പിക്കുകയാണ്. ഡിംപലും ഫിറോസും തമ്മിൽ വഴക്കാവുന്നതോടെ തന്നെ ചൊല്ലിയാണല്ലോ പ്രശ്നം തുടങ്ങിയതെന്ന വിഷമത്തിൽ ഏഞ്ചൽ കരയുന്നു.
കിച്ചനിൽ തുടങ്ങിയ വഴക്കിനെ അവിടെ അവസാനിപ്പിക്കാതെ വീണ്ടും വീടിനകത്ത് ചർച്ചയാക്കുകയാണ് ഫിറോസ് ഖാൻ വീണ്ടും. നോബിയോടും സായിയോടും റംസാനോടും ഭാഗ്യലക്ഷ്മിയോടുമെല്ലാം ഇക്കാര്യം ഫിറോസ് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നു. ഒപ്പം ക്യാപ്റ്റനായ മണിക്കുട്ടനോടും ഫിറോസ് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നു.
എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് ഡിംപലിന് എതിരായി സായി കൂടി എത്തുന്നതോടെ വഴക്ക് രൂക്ഷമാവുകയും മണിക്കുട്ടനും സായിയും കൊമ്പുകോർക്കുകയും ചെയ്യുന്നു. “ഗെയിം ആണെങ്കിലും സ്ട്രാറ്റജി ആണെങ്കിലും ശരി ഫുഡ് കഴിക്കുമ്പോൾ ഇൻസൽറ്റ് ചെയ്താൽ ഞാൻ പ്രശ്നമുണ്ടാക്കും,” എന്നാണ് സായിയുടെ ഭീഷണി. കൈചൂണ്ടി തനിക്കു നേരെ മോശമായി സംസാരിക്കുന്ന സായിയോട് “ഒരിടത്ത് നിന്ന് സംസാരിക്കൂ, ദേഹത്ത് തൊടരുത് സായി,” എന്നൊക്കെ മണിക്കുട്ടൻ ശാന്തനായി പറയുന്നുണ്ടെങ്കിലും സായി കേൾക്കാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ മറ്റു മത്സരാർത്ഥികൾ ഇരുവരെയും പിടിച്ചു മാറ്റുന്നു.
Read more: Bigg Boss Malayalam 3: ഭാര്യയുടെ മുന്നിൽ വെച്ച് ആദ്യ പ്രണയകഥ പങ്കിട്ട് ഫിറോസ്; കണ്ണു നിറഞ്ഞ് സജ്ന
പിന്നീട് മണിക്കുട്ടനും ഡിംപലും ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ, എല്ലാ കാര്യത്തിനും അനാവശ്യമായി ഇടപെടുന്ന ഫിറോസ് ഖാന്റെ സ്വഭാവത്തിനെയാണ് താൻ വിമർശിച്ചത് എന്ന് ഡിംപൽ വ്യക്തമാക്കുന്നു.
ഈ ആഴ്ചത്തെ നോമിനേഷൻ
ഈ ആഴ്ചത്തെ നോമിനേഷനിൽ സായി, സന്ധ്യ, ഭാഗ്യലക്ഷ്മി, ഋതു, റംസാൻ, നോബി എന്നിവർ സൂര്യയേയും ഡിംപലിനെയുമാണ് നോമിനേറ്റ് ചെയ്തത്. അഡോണിയേയും സായിയേയും അനൂപ് നോമിനേറ്റ് ചെയ്തപ്പോൾ ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവരെയാണ് സൂര്യ തിരഞ്ഞെടുത്തത്.
ഡിംപൽ, അനൂപ് കൃഷ്ണൻ എന്നിവർക്കാണ് അഡോണിയുടെ വോട്ട്. അനൂപ് കൃഷ്ണനെയും ഋതുവിനെയുമാണ് കിടിലം ഫിറോസ് നോമിനേറ്റ് ചെയ്തത്. സായിയേയും ഭാഗ്യലക്ഷ്മിയേയുമാണ് മണികണ്ഠനും ഡിംപലും മജിസിയയും നോമിനേറ്റ് ചെയ്തത്.
ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത് ഡിംപലിനാണ്. ഏഴു പേരാണ് ഡിംപലിനെ നോമിനേറ്റ് ചെയ്തത്. 6 വോട്ടുകളാണ് സൂര്യയ്ക്ക് ലഭിച്ചത്. ഭാഗ്യലക്ഷ്മി, സായി എന്നിവർ യഥാക്രമം നാലു വോട്ടുകളും അനൂപ് രണ്ട് വോട്ടുകളും നേടി. ഗെയിം നിയമങ്ങൾ തെറ്റിച്ചതിന് നേരിട്ട് നോമിനേഷൻ ലഭിച്ച ഫിറോസ് ഖാൻ, സജ്ന, മിഷേൽ എന്നിവരും ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലുണ്ട്.
Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ നിന്നും ലക്ഷ്മി പുറത്തേക്ക്