Bigg Boss Malayalam Season 3: തുടക്കം മുതൽ ടാസ്കിലും ഗെയിമുകളിലും വീടിനകത്തെ ഇടപെടലുകളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥിയാണ് മണിക്കുട്ടൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടാസ്കുകളിൽ മികവു പുലർത്തുമ്പോഴും അൽപ്പം അസ്വസ്ഥത മനസ്സിൽ സൂക്ഷിക്കുന്ന മണിക്കുട്ടനെയാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ, തന്റെ മനസ്സിലെ ആശങ്കയും ഭയവും ബിഗ് ബോസിനോട് പങ്കുവയ്ക്കുകയാണ് മണിക്കുട്ടൻ.
“ബിഗ് ബോസ് ഫ്രീയാവുമ്പോൾ എന്നെ ഒന്ന് കൺഫെഷൻ റൂമിലേക്ക് വിളിക്കണേ, എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്,” എന്ന മണിക്കുട്ടന്റെ അപേക്ഷയെ തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിക്കുകയായിരുന്നു.
സൂര്യയുടെ പ്രണയവും അതുണ്ടാക്കുന്ന അസ്വസ്ഥതകളെ കുറിച്ചുമായിരുന്നു മണിക്കുട്ടന് സംസാരിക്കാനുണ്ടായിരുന്നത്. “സൂര്യയുടെ കേസ് ബിഗ് ബോസിന് അറിയാലോ? ആ ലെറ്റർ തന്നപ്പോഴും ഞാൻ വളരെ സീക്രട്ടായിട്ടാണ് സൂക്ഷിച്ചുവച്ചത്. ആ കുട്ടിയെ ആരും അതിന്റെ പേരിൽ കളിയാക്കരുത് എന്നു കരുതി.”
“കഴിഞ്ഞ ദിവസം അവിടെ പറഞ്ഞു തീർത്ത കാര്യമാണ്. പിന്നെയും ഞാൻ മണിക്കുട്ടനെ ഭയങ്കരമായി സ്നേഹിക്കുന്നു, പക്ഷേ എന്നെ സുഹൃത്തായാണ് കാണുന്നത്, സ്നേഹം തിരിച്ചുകിട്ടില്ലെന്ന് വൈകുന്നേരം വരെ പറഞ്ഞോണ്ടിരിക്കുന്നു. എന്റെ ജീവിതം എങ്ങോട്ടാണ് പോയി കൊണ്ടിരിക്കുന്നത് എന്നെനിക്ക് പിടികിട്ടുന്നില്ല.
കഴിഞ്ഞ 15 വർഷമായി എനിക്ക് സിനിമ മാത്രമേ ഉള്ളൂ. ഇതുവഴി അതു നഷ്ടപ്പെടുമോ എന്നുള്ള ഭയം വല്ലാതെയുണ്ട്. മുന്നോട്ടുള്ള യാത്ര ഭയങ്കര പ്രശ്നമാണ്. എന്നെ എങ്ങനെയെങ്കിലും ബിഗ് ബോസ് സഹായിക്കണം,” മണിക്കുട്ടൻ ബിഗ് ബോസിനോട് പറഞ്ഞു.
മത്സരത്തിൽ തളർത്താൻ എതിരാളികൾ പലതരത്തിലും പോരാടും. അതിലൊന്നും തളരാതെ തുടക്കം മുതൽ നിങ്ങളിലുള്ള മത്സരബുദ്ധിയും പോരാട്ടവീര്യവും കാത്തുസൂക്ഷിച്ച് മുന്നോട്ടു പോവൂ എന്നാണ് ബിഗ് ബോസ് മണിക്കുട്ടനെ ആശ്വസിപ്പിച്ചത്.
Read more: ബിഗ് ബോസ് വീടിനകത്തെ സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് മാതാപിതാക്കൾ
ബിഗ് ബോസ് പ്രേക്ഷകരെയും വീടിനകത്തുള്ളവരെയും ഒരുപോലെ കുഴപ്പത്തിലാക്കുന്ന ഒന്നാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള വൺവേ പ്രണയം. സൂര്യയുടെ സ്ട്രാറ്റജിയാണോ ഈ പ്രണയമെന്നാണ് മത്സരാർത്ഥികളും പ്രേക്ഷകരും ഒന്നടക്കം ചോദിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപുമായും നോബിയുമായും മണിക്കുട്ടൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
അനാവശ്യമായി പല സംഭാഷണങ്ങളിലേക്കും തന്നെ വലിച്ചിടുന്ന സൂര്യയുടെ സംസാരം മണിക്കുട്ടനെയും അസ്വസ്ഥനാക്കുന്നുണ്ട്. 12 വർഷമായി പരിചയമുള്ള, പുറത്ത് മറ്റൊരാളായി പെരുമാറുന്ന സൂര്യ വീടിനകത്ത് തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന കാര്യത്തിൽ മണിക്കുട്ടനും സംശയങ്ങളുണ്ട്.
തമിഴ് സീസൺ ഒന്നിലെ ഓവിയ ആണ് തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥിയെന്നും പൂളിൽ ചാടി ഓവിയ നേടിയത് ജനങ്ങളുടെ ഹൃദയം ആണെന്നും സൂര്യ തന്നോട് പറഞ്ഞിരുന്നു എന്നാണ് മണിക്കുട്ടൻ അനൂപിനോട് വ്യക്തമാക്കിയത്.
തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 2017 പതിപ്പിലെ സെൻസേഷൻ താരമായിരുന്നു ഓവിയ ഹെലൻ. ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു ഓവിയ സഹ മത്സരാർത്ഥിയായ ആരവുമായി പ്രണയത്തിലായത്. ആരവ് ഓവിയയുടെ പ്രണയം നിരസിച്ചതോടെ ഓവിയ ബിഗ് ബോസ് ഹൗസിനകത്തെ പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് വൈകാരികമായ കാരണങ്ങളാൽ ഓവിയ ഷോ വിട്ടു പോവുകയും ചെയ്തു.
ഓവിയയെ പോലെ സൂര്യയും ലവ് സ്ട്രാറ്റജിയാണോ കളിക്കുന്നതെന്ന് മണിക്കുട്ടനും സംശയിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇന്നലത്തെ മണിക്കുട്ടന്റെ സംസാരം വ്യക്തമാക്കുന്നത്.
Read more: സൂര്യയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് മണിക്കുട്ടൻ; വീഡിയോ