Bigg Boss Malayalam Season 3: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 30 ദിവസം പിന്നിടുമ്പോൾ പെർഫോമൻസുകളും ഗെയിമും അക്ഷരാർത്ഥത്തിൽ കൊഴുക്കുകയാണ്. ടാസ്കുകളിൽ എല്ലാം മിന്നും പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ നൽകിയ ’80കളിലെ കോളേജ് പുനരാവിഷ്കരിക്കുക’ എന്ന ടാസ്ക് ആവേശത്തോടെ മത്സരാർത്ഥികൾ ഏറ്റെടുത്തപ്പോൾ ഇതുവരെ നടന്ന സീസണുകളിൽ വച്ചുതന്നെ ഏറ്റവും മികച്ച പെർഫോമൻസുകൾക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്.
ഈ ആഴ്ചയിൽ നൽകിയ സിനിമാകഥാപാത്രങ്ങളായി മാറാനുള്ള ടാസ്കും ആവേശത്തോടെയാണ് മത്സരാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ടാസ്കിലെ പോലെ തന്നെ ഈ ആഴ്ചത്തെ ടാസ്കിലും മുന്നേറുന്നത് മണിക്കുട്ടനാണ്. ‘മണിക്കുട്ടൻ ഒരേ പൊളി’ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സ്ക്രീൻ സ്പേസ് ലഭിക്കുന്ന ഒരു അവസരവും പാഴാക്കാതെ കത്തികയറുകയാണ് മണിക്കുട്ടൻ എന്ന ഓൾ റൗണ്ടർ.
Read Here: Bigg Boss Malayalam Season 3 Latest Episode 17 March Live Updates: ബിഗ് ബോസ് വീട്ടിൽ ഇന്ന്
ഇത്തവണ മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ ലുക്കിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അതുപോലെ തന്നെ ആവിഷ്കരിക്കുകയാണ് മണിക്കുട്ടൻ. പൊതുവെ, വീടിനകത്ത് മണിക്കുട്ടനെതിരെ ഗ്രൂപ്പിസം കളിക്കുന്ന മത്സരാർത്ഥികളാണ് സായ്- അഡോണി- റംസാൻ ടീം. എന്നാൽ പലയിടങ്ങളിലും ഈ എതിരാളികൾ പോലും മണിക്കുട്ടന്റെ പെർഫോമൻസിനു മുന്നിൽ അമ്പരന്ന് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
കൗണ്ടർ രാജാവായ നോബിയെ പോലും തറപറ്റിക്കുന്നുണ്ട് പലപ്പോഴും മണിക്കുട്ടന്റെ പ്രകടനം. കഴിഞ്ഞ ആഴ്ചയിൽ മണിക്കുട്ടനൊപ്പം നിന്ന് നോബി കയ്യടികൾ വാങ്ങി കൂട്ടിയിരുന്നെങ്കിലും ഇത്തവണ നോബിയ്ക്ക് വേണ്ടത്ര സ്ക്രീൻ സ്പേസ് ലഭിക്കുന്നില്ല. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ വടയക്ഷി കഥാപാത്രമായി എത്തിയ ഋതുവിനെയാണ് മണിക്കുട്ടൻ ഇത്തവണ തന്റെ ടാസ്ക് പാർട്ണർ ആയി കൂടെ കൂട്ടിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സീനുകൾ ഏറെ രസമുണർത്തുന്നതായിരുന്നു. “എന്റെ വായിലെ കാണാ കൊന്ത്രംപല്ല് നീയല്ലേ?,” എന്നൊക്കെ ഋതുവിനെ നോക്കി മണിക്കുട്ടൻ പാടുന്നത് ചിരികോളൊരുക്കുന്ന കാഴ്ചയായിരുന്നു.
ഞൊടിയിടയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനുള്ള മണിക്കുട്ടന്റെ കഴിവിനെയും പ്രശംസിക്കുകയാണ് പ്രേക്ഷകർ. കിട്ടിയ ഗ്യാപ്പിൽ വീടിനകത്തെ ഫയർ എക്സ്റ്റിംഗ്ഗ്യൂഷറും ബിഗ് ബോസിന്റെ ക്യാമറയും വരെ അടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട് മണിക്കുട്ടൻ. പൊതുവെ തനിക്കുള്ള പ്രേക്ഷകപിന്തുണ വീണ്ടും വർധിപ്പിക്കാൻ ഇന്നലത്തെ പെർഫോമൻസിലൂടെ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്.