Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മനോഹരമായൊരു കാഴ്ചയാണ് ഡിംപൽ ഭാൽ- മണിക്കുട്ടൻ സൗഹൃദം. 70 ദിവസങ്ങൾ കൊണ്ട് ഇരുവരും പങ്കുവച്ച സൗഹൃദനിമിഷങ്ങൾ ആരുടെയും കണ്ണു നനയിക്കുന്നവ ആയിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടുപോയതോടെ അൽപ്പം സങ്കടത്തിലാണ് മണിക്കുട്ടൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ടു തന്നെ ഷോയിലേക്ക് തിരിച്ചെത്താൻ ഡിംപലിനും കഴിയില്ല. എങ്കിലും ബിഗ് ബോസ് വീടിന് അകത്തിരുന്നു മണിക്കുട്ടനും പുറത്തിരുന്ന് ഡിംപലും തങ്ങൾക്കിടയിലെ സൗഹൃദത്തിന് ആഴം കൂട്ടുകയാണ്.
ഡിംപൽ പോയ സങ്കടത്തിൽ ഇരിക്കുന്ന മണിക്കുട്ടൻ ഒന്നുഷാറായത് മോഹൻലാൽ മത്സരാർത്ഥികൾക്കായി നൽകിയ എയർ ബോൾ ഗെയിമിൽ ആണ്. ഇമോഷണലി ഡൗൺ ആയ ഈ മനുഷ്യന് ഇനിയൊന്നും കഴിയില്ലെന്ന് സോഷ്യൽ മീഡിയയിലെ ചിലർ വിധിയെഴുതിയത് കാറ്റിൽ പറത്തി ആ ഗെയിമിൽ വിജയിയായത് മണിക്കുട്ടനാണ്.

മണിക്കുട്ടന്റെ ആ വിജയം ആരാധകർ ആഘോഷമാക്കുകയും ചെയ്തു. മണിക്കുട്ടൻ ആർമിയിൽ ആരാധകർ പങ്കുവച്ച ഒരു ട്രോളിനെ താഴെ ഡിംപൽ നൽകിയ കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജയിച്ചു കപ്പു നേടൂ മണിക്കുട്ടാ,” എന്നാണ് ഡിംപൽ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ബിഗ് ബോസ് വീട്ടിലെ സാധനങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കാൻ മോഹൻലാൽ മത്സരാർത്ഥികൾക്ക് ഒരു അവസരം നൽകിയപ്പോൾ മണിക്കുട്ടൻ ചെയ്ത പ്രവൃത്തിയും ആരാധകരുടെ കയ്യടി നേടുകയാണ്.
ലാലേട്ടൻ ആകെ തന്ന 200 പോയിന്റുകളും കൊടുത്ത് വീടിനകത്ത് ഡിംപലിന് ഏറ്റവും പ്രിയപ്പെട്ട ഷോപീസായ ഒരു കുതിരയെ സ്വന്തമാക്കുകയായിരുന്നു മണിക്കുട്ടൻ. തനിക്കായി ഒന്നും മേടിക്കാതെ പ്രിയ കൂട്ടുകാരിയ്ക്ക് വേണ്ടി അവൾ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കിയ മണിക്കുട്ടന്റെ പ്രവൃത്തി മോഹൻലാലിന്റെ പോലും കയ്യടി നേടി.